18 August, 2018 08:59:27 PM


വെള്ളത്തില്‍ മുങ്ങിയ കേരളത്തിന് സഹായ ഹസ്തവുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍

പതിനാറ് സംസ്ഥാനങ്ങളില്‍ നിന്ന് 165 കോടിയുടെ വാഗ്ദാനം



മുംബൈ: പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ സഹായങ്ങള്‍ എത്തുന്നു. അടിയന്തര ധനസഹായമായി പ്രധാനമന്ത്രി നരേന്ദ്രമോദി 500 കോടി രൂപ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരുകളും സഹായം പ്രഖ്യാപിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവീസ് കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തിരമായി 20 കോടി രൂപ അനുവദിച്ചു. നേരത്തെ, അഞ്ച് കോടി നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും കൂടുതല്‍ തുക നല്‍കാന്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിക്കുകയായിരുന്നു.


കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 15 കോടി നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. കേരളത്തിന് പത്ത് കോടി നല്‍കുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും നേരത്തെ അറിയിച്ചിരുന്നു. അതേസമയം, പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിനായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എം.പിമാരും എം.എല്‍.എമാരും ഒരു മാസത്തെ ശമ്ബളം നല്‍കും, കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല ഇക്കാര്യം അറിയിച്ചത്. ധനസസഹായത്തിന് പുറമെ രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിക്കാന്‍ അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ നല്‍കുമെന്ന് ഒഡിഷ മുഖ്യമന്ത്രി നവിന്‍ പട്നായിക് അറിയിച്ചിട്ടുണ്ട്.


അതിനിടെ പേടി.എം കേരളത്തിനായി ആരംഭിച്ച ദുരിതാശ്വാസ ഫണ്ടിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും രണ്ട് ദിവസത്തിനിടെ പത്ത് കോടിയാണ് ലഭിച്ചത്. കൂടാതെ രാജ്യത്തിന്റെ സാംസ്കാരിക- സാമൂഹിക രംഗങ്ങളില്‍ നിന്നും കൂടുതല്‍ സഹായം എത്തുന്നുണ്ട്. വിവിധ സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ച സഹായധനം ചുവടെ.


തെലങ്കാന - 25 കോടി രൂപ, മഹാരാഷ്ട്ര - 20 കോടി, ഉത്തര്‍പ്രദേശ് - 15 കോടി, ദില്ലി - 10 കോടി, മദ്ധ്യപ്രദേശ് - 10 കോടി രൂപ, പഞ്ചാബ് - 10 കോടി, ബിഹാര്‍ - 10 കോടി, ഹരിയാന - 10 കോടി, ഛത്തീസ്ഗഡ് - 10 കോടി, ഗുജറാത്ത് - 10 കോടി, കര്‍ണാടക - 10 കോടി, തമിഴ്നാട് - അഞ്ചു കോടി, ജാര്‍ഖണ്ഡ് - അ‍ഞ്ച് കോടി, ഒഡിഷ - അഞ്ച് കോടി, ഹിമാചല്‍ പ്രദേശ് - അഞ്ച് കോടി, ഉത്തരാഖണ്ഡ് - അഞ്ചു കോടി.



Share this News Now:
  • Google+
Like(s): 92