18 August, 2018 08:00:19 AM


കേരളത്തിന് പഞ്ചാബിന്‍റെ പത്ത് കോടിയുടെ അടിയന്തര സഹായം; അഞ്ചു കോടി കൈമാറി

അവശ്യ വസ്തുക്കളുമായി വ്യോമസേനാ വിമാനം ഇന്ന് കേരളത്തിലെത്തും




ദില്ലി: പ്രളയംമൂലം കെടുതിയനുഭവിക്കുന്ന കേരളത്തിന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്‍റെ പത്തുകോടി രൂപയുടെ അടിയന്തരസഹായം. പഞ്ചാബ് മുഖ്യമന്ത്രിയുടെ ദിരുതാശ്വാസ നിധിയില്‍ നിന്ന് അഞ്ചുകോടി രൂപ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയതായും ബാക്കി അഞ്ചു കോടി രൂപ വരുന്ന അവശ്യവസ്തുക്കള്‍ ഉടന്‍ കൈമാറുമെന്നും അമരീന്ദര്‍ സിങ്ങിന്‍റെ ഓഫിസ് അറിയിച്ചു.


ഇന്നു തന്നെ പഞ്ചാബില്‍ നിന്നുള്ള ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളുമായി വ്യോമസേനാ വിമാനം കേരളത്തിലെത്തും. ബിസ്‌ക്കറ്റ്, റസ്‌ക്, വെള്ളം, പാല്‍പ്പൊടി ഉള്‍പ്പെടെയുള്ള വസ്തുക്കളാവും വിമാനത്തിലുണ്ടാവുക. കേരളാ അധികൃതരുമായി നേരത്തെ പഞ്ചാബ് സര്‍ക്കാര്‍ പ്രതിനിധി സംസാരിച്ചിരുന്നു.


ഇതിനു ശേഷമാണ് സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഭക്ഷ്യവസ്തുക്കള്‍ അയക്കുന്നത്. പഞ്ചാബ് ഐ.എ.എസ് അസോസിയേഷന്‍ പ്രതിനിധികളോട് ഒരുദിവസത്തെ ശമ്പളത്തുക കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനചെയ്യാന്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് നിര്‍ദേശിക്കുകയും ചെയ്തു.



Share this News Now:
  • Google+
Like(s): 116