29 February, 2016 02:17:00 PM


ഗുരുവായൂരില്‍ ഇന്ന്‌ ആറാട്ട്‌


ഗുരുവായൂര്‍: ഗുരുവായൂരില്‍ ഇന്ന്‌ ആറാട്ട്‌. ഇന്നലെ നഗരംകാണാന്‍ ആനപ്പുറത്തെഴുന്നള്ളിയ ഭഗവാനെ കാണാന്‍ ഭക്‌തജനത്തിരക്കേറെയായിരുന്നു.പള്ളിയുറക്കം കഴിഞ്ഞു ഭഗവാന്‍ ഇന്നു വീണ്ടുമെഴുന്നള്ളുന്നതോടെ ഗുരുപവനപുരി ആറാട്ടുചടങ്ങുകളിലേക്കു കടക്കും.
ഇന്നു വൈകിട്ടു നാലരയോടെ ആറാട്ട്‌ ചടങ്ങുകള്‍ തുടങ്ങും. നാലരയ്‌ക്ക്‌ നടതുറന്ന്‌ മൂലവിഗ്രഹത്തിലുള്ള ചൈതന്യം ആവാഹിച്ചെടുത്തശേഷം പഞ്ചലോഹവിഗ്രഹം പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിക്കും. കൊടിമരത്തറയ്‌ക്കല്‍ എഴുന്നള്ളിച്ചശേഷം അവിടെ തന്നെയാണ്‌ ദീപാരാധനയും. പിന്നീട്‌ ആറാട്ടിനും ഗ്രാമപ്രദക്ഷിണത്തിനുമായി ഭഗവാനെ പുറത്തേക്കെഴുന്നള്ളിക്കും. പ്രദക്ഷിണം പൂര്‍ത്തിയാക്കി ഭഗവതീക്ഷേത്രത്തിലൂടെ എഴുന്നള്ളിപ്പ്‌ ആറാട്ട്‌ കടവിലെത്തും.
തന്ത്രിയും ഓതിക്കന്‍മാരും കൂടി പുണ്യാഹത്തിനുശേഷം ഭഗവാന്റെ പഞ്ചലോഹത്തിടമ്പില്‍ ആദ്യം മഞ്ഞള്‍പ്പൊടിയാല്‍ അഭിഷേകം ചെയ്‌തശേഷം വലിയ കുട്ടകത്തില്‍ തയാറാക്കിയ ഇളനീര്‍കൊണ്ട്‌ തുടരഭിഷേകം നടത്തുന്നു. അതിനുശേഷം തന്ത്രി, മേല്‍ശാന്തി, ഓതിക്കന്‍മാര്‍, എന്നിവരൊരുമിച്ച്‌ ഭഗവാനോടൊപ്പം രുദ്രതീര്‍ഥത്തില്‍ ഇറങ്ങി സ്‌നാനം ചെയ്യും. ഇതോടെ ഭക്‌തരും രുദ്രതീര്‍ഥത്തില്‍ ഇറങ്ങി ആറാട്ട്‌ കുളിക്കും.
ആറാട്ടു കഴിഞ്ഞ്‌ ആനപ്പുറത്ത്‌ ക്ഷേത്രത്തിലെത്തുന്ന ഗുരുവായൂരപ്പനെ ക്ഷേത്രം ഊരാളന്‍ നിറപറവെച്ച്‌ എതിരേല്‍ക്കും. പിന്നീട്‌ ക്ഷേത്രം തന്ത്രി സ്വര്‍ണധ്വജത്തിലെ സപ്‌തവര്‍ണക്കൊടി ഇറക്കുന്നതോടെ ഉത്സവാഘോഷങ്ങള്‍ക്കു സമാപനമാകും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K