Breaking News
കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

15 August, 2018 01:00:33 AM


കവി ചെമ്മനം ചാക്കോ അന്തരിച്ചു; കുറച്ചുനാളായി വിശ്രമ ജീവിതത്തിലായിരുന്നു

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടി
കൊച്ചി:  കവി ചെമ്മനം ചാക്കോ (92) അന്തരിച്ചു. കൊച്ചിയില്‍ രാത്രി 12.30ഓടെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുനാളായി വിശ്രമ ജീവിതത്തിലായിരുന്നു അദ്ദേഹം. കാവ്യഭംഗിയേക്കാളേറെ വിഷയത്തിന്‍റെ കാലിക പ്രസക്തിയാണ് അദ്ദേഹത്തിന്‍റെ കൃതികളെ ശ്രദ്ധേയമാക്കിയത്. തനിക്കു ചുറ്റും നടക്കുന്ന സംഭവങ്ങളെ നേരിട്ടും ആക്ഷേപ ഹാസ്യബിംബങ്ങളിലൂടെയും വിമര്‍ശിക്കുന്ന ശൈലി സ്വീകരിച്ച അദ്ദേഹം വിമര്‍ശസാഹിത്യത്തിലൂടെ ഒട്ടേറെ വിവാദങ്ങളും വിളിച്ചുവരുത്തിയിട്ടുണ്ട്.


പത്രലോകത്തെ തെറ്റുകുറ്റങ്ങള്‍ വിമര്‍ശന വിധേയമാക്കിയതിനെത്തുടര്‍ന്ന് കേരളത്തിലെ, ഏറ്റവും പ്രചാരമേറിയ ഒരു മാധ്യമം ഏറെക്കാലം ചെമ്മനത്തിന്‍റെ കൃതികള്‍ തമസ്‌കരിച്ചിരുന്നു. അന്‍പതിലേറെ കൃതികള്‍ രചിച്ചിട്ടുള്ള ചെമ്മനം കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെയുള്ള നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ ഉള്‍പ്പെടുന്ന മുളക്കുളം ഗ്രാമത്തില്‍ വൈദികനായിരുന്ന യോഹന്നാന്‍ കത്തനാരുടെയും സാറയുടെയും മകനായി 1926 മാര്‍ച്ച് 7നാണ് ചെമ്മനം ചാക്കോയുടെ ജനനം. കുടുംബ പേരാണ് ചെമ്മനം. പിറവം സെന്‍റ് ജോസഫ്സ് ഹൈസ്‌ക്കൂള്‍, ആലുവ യു.സി. കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളില്‍ പഠിച്ച് മലയാള സാഹിത്യത്തിലും ഭാഷയിലും റാങ്കോടെ ഓണേഴ്സ് ബിരുദം നേടി.


പിറവം സെന്‍റ്. ജോസഫ്‌സ് ഹൈസ്‌കൂള്‍, പാളയംകോട്ട സെന്‍റ് ജോണ്‍സ് കോളേജ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, കേരള സര്‍വകലാശാല മലയാളം വകുപ്പ് എന്നിവിടങ്ങളില്‍ അധ്യാപകനായി. 1968 മുതല്‍ 86 വരെ കേരള സര്‍വകലാശാലാ പ്രസിദ്ധീകരണ വിഭാഗം ഡയറക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 1940കളുടെ തുടക്കത്തില്‍ സാഹിത്യ പ്രവര്‍ത്തനം ആരംഭിച്ചു. 1946ല്‍ ചക്രവാളം മാസികയില്‍ 'പ്രവചനം' എന്ന കവിത ആദ്യമായി പ്രസിദ്ധീകരിച്ചു. വിളംബരം എന്ന കവിതാസമാഹാരം 1947ലും പ്രസിദ്ധീകരിച്ചു. 1965ല്‍ പ്രസിദ്ധീകരിച്ച 'ഉള്‍പ്പാര്‍ട്ടി യുദ്ധം' കവിത മുതല്‍ വിമര്‍ശ ഹാസ്യം സ്വന്തം തട്ടകമായി തെരഞ്ഞെടുത്തു. 1967ല്‍ കനകാക്ഷരങ്ങള്‍ എന്ന വിമര്‍ശകവിതാ സമാഹാരം പ്രസിദ്ധീകരിച്ചതോടെ പ്രസിദ്ധനായി.


കേരള സാഹിത്യ അക്കാദമി, ആതര്‍സ് ഗില്‍ഡ് ഓഫ് ഇന്ത്യ, സമസ്ത കേരള സാഹിത്യ പരിഷത്ത്, മലയാളം ഫിലിം സിന്‌സോര്‍ ബോര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക ബോര്‍ഡ് തുടങ്ങിയവയില്‍ നിര്‍വാഹക സമിതി അംഗം ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. വിളംബരം (1947), കനകാക്ഷരങ്ങള്‍ (1968), നെല്ല് (1968), കര്‍റ്റൂന്‍ കവിത ഇന്ന് (1969), പുത്തരി (1970), അസ്ത്രം (1971), ആഗ്‌നേയാസ്ത്രം (1972), ദുഃഖത്തിന്റെ ചിരി (1973), ആവനാഴി (1974), ജൈത്രയാത്ര (1975), രാജപാത (1976), ദാഹജലം (1981), ഭൂമികുലുക്കം (1983), അമ്പും വില്ലും (1986), രാജാവിന് വസ്ത്രമില്ല (1989), ആളില്ലാക്കസ്സേരകള്‍ (1991), ചിന്തേര് (1995), നര്‍മസങ്കടം ബഹുമതികളും മറ്റും (1997), ഒന്ന് ഒന്ന് രണ്ടായിരം (2000), ഒറ്റയാള്‍ പട്ടാളം (2003), ഒറ്റയാന്‍റെ ചൂണ്ടുവിരല്‍ (2007), അക്ഷരപ്പോരാട്ടം (2009) തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 


കേരള സാഹിത്യ അക്കാദമിയില്‍ നിന്നും കവിതാ അവാര്‍ഡ് (രാജപാത 1977), ഹാസ്യസാഹിത്യ അവാര്‍ഡ് (കിഞ്ചന വര്‍ത്തമാനം 1995), സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌ക്കാരം (2006), മഹാകവി ഉള്ളൂര്‍ കവിതാ അവാര്‍ഡ് (2003 ), സഞ്ജയന്‍ അവാര്‍ഡ് (2004), പി. സ്മാരക പുരസ്‌ക്കാരം (2004), പണ്ടിറ്റ് കെ. പി. കറുപ്പന്‍ അവാര്‍ഡ് (2004), മുലൂര്‍ അവാര്‍ഡ് (1993), കുട്ടമത്ത് അവാര്‍ഡ് (1992), സഹോദരന്‍ അയ്യപ്പന്‍ അവാര്‍ഡ് (1993), എ ഡി ഹരിശര്‍മ അവാര്‍ഡ് (1978), കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക പുരസ്‌കാരം (2012) തുടങ്ങിയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.Share this News Now:
  • Google+
Like(s): 256