14 August, 2018 03:27:37 PM


കേരള സര്‍ക്കാരിന്റെ ഹരിതമുദ്ര പുരസ്‌കാരം നിത എസ്.വിക്ക്


തിരുവനന്തപുരം: കര്‍ഷക ദിനത്തോടനുബന്ധിച്ച് കേരള സര്‍ക്കാര്‍ നല്‍കുന്ന കാര്‍ഷിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കാര്‍ഷിക വകുപ്പ് മാധ്യമങ്ങള്‍ക്ക് നല്‍കുന്ന ഹരിതമുദ്ര പുരസ്‌കാരം മാതൃഭൂമി ഓണ്‍ലൈനിലെ കാര്‍ഷിക പേജിന്റെ ചുമതല വഹിക്കുന്ന നിത എസ്.വിക്ക് ലഭിച്ചു. 

75,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഈ മാസം 16ന് മലപ്പുറം ഇടപ്പാള്‍ സഫാരി ഗ്രൗണ്ടില്‍ നടക്കുന്ന പൊതുപരിപാടിയില്‍ മുഖ്യമന്ത്രി അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന്  കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ അറിയിച്ചു. പ്രകൃതിക്ഷോഭവും വെള്ളപ്പൊക്കവും നാശനഷ്ടം വിതച്ചിരിക്കുന്ന സാഹചര്യത്തില്‍ ആര്‍ഭാടങ്ങളും ആഘോഷങ്ങളും ഒഴിവാക്കി കര്‍ഷകദിനാചരണം അവാര്‍ഡ്ദാനച്ചടങ്ങ് മാത്രമായി നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. 

സംസ്ഥാന സര്‍ക്കാരിന്റെ നെല്‍ക്കതിര്‍ അവാര്‍ഡിന് പാലക്കാട് ആലക്കോട് പാടശേഖരസമിതി അര്‍ഹരായി. അഞ്ച് ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കര്‍ഷകോത്തമ അവാര്‍ഡിന് രാജന്‍ പി.എ (കാസര്‍ഗോഡ്), അബ്ദുള്‍ ലത്തീഫ്.ഇ (മലപ്പുംറം), വി.എസ്.മൂസ്സ (ആലപ്പുഴ)എന്നിവര്‍ അര്‍ഹരായി. പാലക്കാട് അഗളി സ്വദേശി എം. മുരുകേഷിനാണ് കര്‍ഷക ജ്യോതി പുരസ്‌കാരം. യുവകര്‍ഷകനുള്ള പുരസ്‌കാരം കോട്ടയം മരങ്ങാട്ടുപള്ളി സ്വദേശി മാത്തുക്കുട്ടി ടോം, പാലക്കാട് കൊല്ലങ്കോട്ട സ്വദേശി എന്‍.സിക്കന്ദര്‍ എന്നിവര്‍ക്കാണ്.

മികച്ച ഹൈടെക് കര്‍ഷകനായി കൊല്ലം അഞ്ചല്‍ സ്വദേശി അനീഷ്.എന്‍.രാജിനെ തിരഞ്ഞെടുത്തു. ഉള്ളൂര്‍ ആസ്ഥാനമായ സ്‌റ്റേറ്റ് സീഡ് ഫാം, പാല്കകാട് ചില്ലൂര്‍ ഐഎസ്ഡി ഫാം എന്നിവയ്ക്കാണ് ഹരിത കീര്‍ത്തി അവാര്‍ഡ്. കണ്ണൂര്‍ ചെറുപുഴ സ്വദേശി സണ്ണി ജോര്‍ജാണ് മികച്ച ജൈവ കര്‍ഷകന്‍. ഏറ്റവും നല്ല വനിതാ കര്‍ഷകയ്ക്കുള്ള കര്‍ഷകതിലകം അവാര്‍ഡ് പാലക്കാട് എലവഞ്ചേരി സ്വദേശി സാറാമ്മ പൗലോസിനാണ്.

ഏറ്റവും നല്ല ജൈവ കാര്‍ഷികമണ്ഡലമായി പീരുമേട് തിരഞ്ഞെടുക്കപ്പെട്ടു. ഒല്ലൂര്‍,വൈപ്പിന്‍ നിയോജകമണ്ഡലങ്ങള്‍ക്കാണ് ഈ വിഭാഗത്തില്‍ രണ്ടും മൂന്നും സ്ഥാനം. ഏറ്റവും മികച്ച മുന്‍സിപ്പാലിറ്റി പാലക്കാട് ചിറ്റൂരും കോര്‍പ്പറേഷന്‍ തൃശ്ശൂരുമാണ്.കാര്‍ഷികരംഗത്ത് മികച്ച സംഭാവനകള്‍ നല്കിയ പൊതുമേഖലാ സ്ഥാപനമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് കൊടുങ്ങല്ലൂര്‍ ബിനാനിപുരം പോലീസ് സ്‌റ്റേഷനാണ്



Share this News Now:
  • Google+
Like(s): 47