14 August, 2018 03:13:58 PM


ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം 11 നിയമസഭാ തെരഞ്ഞെടുപ്പുകളും നടത്താന്‍ ബിജെപി നീക്കം

ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്തേണ്ട എന്നും തീരുമാനം




ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം 11 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താന്‍ ബിജെപി ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്തേണ്ട എന്ന തീരുമാനത്തില്‍ ബിജെപി എത്തിച്ചേര്‍ന്നതായും സൂചനയുണ്ട്. അതേസമയം, ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ട രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിയ്ക്ക് തിരിച്ചടി ഉണ്ടാകുമെന്ന അഭിപ്രായസര്‍വ്വേഫലം പുറത്ത് വന്നു.


എന്നാല്‍ നിയമസഭ നേരത്തെ പിരിച്ചു വിട്ടാല്‍ ഈ സംസ്ഥാനങ്ങളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒപ്പം നിയമസഭ തെരഞ്ഞെടുപ്പുകളും നടത്താം. എന്‍ഡിഎ ഭരണസംസ്ഥാനങ്ങള്‍ ആയതിനാല്‍ സംസ്ഥാന സര്‍ക്കാരുകളെ കൊണ്ട് നേരത്തെ തെരഞ്ഞെടുപ്പിന് ശുപാര്‍ശ ചെയ്യിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകില്ല. ഒഡീഷ, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് നിയമസഭാ തെരഞ്ഞെടുപ്പും നടക്കുക. നേരത്തെ ലോക്‌സഭാ തെരെഞ്ഞെടുപ്പ് നേരത്തെ ആക്കാന്‍ ബിജെപി നേതൃത്വം ആലോചിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കാലാവധി പൂര്‍ത്തിയാക്കിയതിന് ശേഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ പൊതു തെരെഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്ന നിലപാടിലാണ് പാര്‍ട്ടി.


മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം അവസാനമാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ഏപ്രില്‍, മെയ് മാസങ്ങളിലേക്ക് ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെങ്കില്‍ ഈ സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടി വരും. ഹരിയാന, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം അവസാനമാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്. ബിഹാറില്‍ 2020 ആരംഭത്തിലും.


ഇതിനിടെ ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ട രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് തിരിച്ചടി ഉണ്ടാകുമെന്ന അഭിപ്രായസര്‍വ്വേഫലം പുറത്ത് വന്നു. എബിപി-സി വോട്ടര്‍ സര്‍വ്വേഫലങ്ങള്‍ പ്രകാരം രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസിന് വമ്പിച്ച ഭൂരിപക്ഷം ലഭിക്കുമ്പോള്‍ മധ്യപ്രദേശില്‍ നേരിയ ഭൂരിപക്ഷത്തിന് അധികാരത്തില്‍ വരും എന്നാണ് പ്രവചിച്ചിരിക്കുന്നത്.



Share this News Now:
  • Google+
Like(s): 109