13 August, 2018 06:37:43 AM


ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് പോലീസിന്‍റെ മിന്നൽ പരിശോധന; കുടുങ്ങിയവരില്‍ ഡോക്ടറും വക്കീലും

കോട്ടയം ക്ലബില്‍ നിന്നും രണ്ടു ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു; 12 പേര്‍ അറസ്റ്റില്‍




കോട്ടയം: നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന കോട്ടയം ക്ലബിൽ ഞായറാഴ്ച രാത്രി ഒമ്പതരയോടെ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ ചീട്ടുകളി സംഘം കുടുങ്ങി. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നിർദേശ പ്രകാരമായിരുന്നു റെയ്ഡ്. ടൈഗർ എന്ന പേരിലുള്ള വയർലെസ് സന്ദേശവുമായാണ് പരിശോധന നടന്നത്.

ചീട്ടുകളത്തിൽ നിന്നും രണ്ടു ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു. ആർപ്പൂക്കര മൂന്നുകണ്ടത്തിൽ ജോസഫ് തോമസ് (55), എസ്.എച്ച് മൗണ്ട് ഹീര ഗ്രീൻ കോട്ടേജിൽ അസീസ് (52), മുട്ടമ്പലം കണ്ണൻചിറ കെ.സി ചാക്കോ (53), കുമരകം സൗത്ത് പന്നിക്കോട്ട് ടി.ജോർജ് (73), മാങ്ങാനം സന്തോഷ് ഭവനിൽ കുര്യൻ (72), കോട്ടയം ഒളശയിൽ മാത്യു ജോർജ് (56), ദേവലോകം വരാപത്ര ജോസഫ് തമ്പാൻ (62), മുട്ടമ്പലം നെല്ലിമൂട്ടിൽ ലിജി സി. ജോൺ (52), കോട്ടയം പഴയചന്ത പതിനഞ്ചിൽ ചെറിയാൻ പി.മാത്യു (68), കോട്ടയം കാരാപ്പുഴ ഓമച്ചിറ മോഹൻ ജ്യോതി (46), മൂലവട്ടം അമ്പലത്തിങ്കൽ അബു ജെയിംസ് (58), മാങ്ങാനം കറുകയിൽ മനോജ് സ്റ്റീഫൻ (38) എന്നിവരാണ് അറസ്റ്റിലായത്.

കോട്ടയം ക്ലബിൽ ലക്ഷങ്ങളുടെ ചീട്ടുകളി അനധികൃതമായി നടക്കുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വളരെ രഹസ്യമായി നടന്ന പരിശോധന. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് മുട്ടമ്പലത്ത് പ്രവർത്തിക്കുന്ന കോട്ടയം ക്ലബ് എങ്കിലും പരിശോധനയിൽ നിന്നും കോട്ടയം ഈസ്റ്റ് സി.ഐ സാജു വർഗീസിനെ മാറ്റി നിർത്തി. പകരം പാമ്പാടി സി.ഐ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് നിയോഗിച്ചത്. സമ്മർദ്ദങ്ങളെ അതിജീവിക്കാൻ റെയ്ഡ് നടക്കുന്ന ഒരു മണിക്കൂർ സമയത്തേയ്ക്ക് ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെ ഉദ്യോഗസ്ഥരെല്ലാവരും ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു.

ഒമ്പത് മണി കഴിഞ്ഞതോടെ പൊലീസ് സംഘം നാലു വശത്തു നിന്നും ക്ലബ് വളഞ്ഞു. അതി വേഗം ക്ലബിനുള്ളിലെ ചീട്ടുകളി കളത്തിലേയ്ക്ക് പാഞ്ഞു കയറി. ഡോക്ടറും അഭിഭാഷകനും ഉൾപ്പെടെയുള്ളവർ മദ്യലഹരിയിൽ ഈ സമയം ചീട്ടു കളിക്കുകയായിരുന്നു.  കസ്റ്റഡിയിൽ എടുത്ത ഇവരെ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു. ഈസ്റ്റ് എസ്.ഐ ടി.എസ് റെനീഷ്, ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് അംഗങ്ങളായ അജിത്, ഷിബുക്കുട്ടൻ, പ്രദീപ് വർമ്മ ദിലീപ് വർമ്മ, ബൈജു, മനോജ്, ജീമോൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. 



Share this News Now:
  • Google+
Like(s): 6035