12 August, 2018 08:21:05 PM


മാസപ്പിറവി കണ്ടു: കേരളത്തില്‍ ബലിപെരുന്നാള്‍ ഈ മാസം 22ന് ; സൗദിയില്‍ 11 ദിവസം അവധി

യുഎഇ അടക്കം മിക്ക ഗള്‍ഫ് രാജ്യങ്ങളിലും 21ന് ആയിരിക്കും പെരുന്നാള്‍



കോഴിക്കോട്: കാപ്പാട് മാസപ്പിറവി കണ്ടു. കേരളത്തില്‍ ബലിപെരുന്നാള്‍ ഈ മാസം 22ന്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ കാന്തപുരം എന്നിവരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതേസമയം, സൗദിയില്‍ ദുല്‍ ഹജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ബലിപെരുന്നാള്‍ ഈ മാസം 21ന് (ചൊവ്വാഴ്ച) ആയിരിക്കുമെന്ന് സൗദി അറേബ്യ പരമോന്നത സഭ വ്യക്തമാക്കി. ബലി പെരുന്നാള്‍ (ഈദുല്‍ അദ്ഹ) ഓഗസ്റ്റ് 21 ആയിരിക്കുമെന്ന് സൗദി സിവില്‍ സര്‍വ്വീസ് മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം മാസപ്പിറവി ദൃശ്യമായതായാണ് അധികൃതര്‍ സ്ഥിരീകരിച്ചത്. യുഎഇ അടക്കം മിക്ക ഗള്‍ഫ് രാജ്യങ്ങളിലും ചൊവ്വാഴ്ച ആയിരിക്കും പെരുന്നാള്‍.


ദുല്‍ഹജ്ജ് മാസത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള മാസപ്പിറവി ദൃശ്യമായതിന് പിന്നാലെ സൗദിയില്‍ 11 ദിവസത്തെ അവധി പ്രഖ്യാപിച്ചു. സിവില്‍ സര്‍വ്വീസ് മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പ് അനുസരിച്ച് ഓഗസ്റ്റ് 16  മുതല്‍ 26 ഞായറാഴ്ച വരെയാണ് അവധി. അറബി മാസം അനുസരിച്ച് ദുര്‍ഹജ്ജ് അഞ്ച് മുതല്‍ 15 വരെയാണിത്. ഓഗസ്റ്റ് 20നായിരിക്കും ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം.




Share this News Now:
  • Google+
Like(s): 202