12 August, 2018 09:18:59 AM


ഓണമെത്തി; കഞ്ഞിക്ക് വകയില്ലാതെ കേരളത്തിലെ ആദ്യ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍

സർക്കാരിനും ഷെയറുള്ള കോട്ടയം കല്‍പ്പക സൂപ്പര്‍മാര്‍ക്കറ്റ് നഷ്ടത്തിലായിട്ട് രണ്ട് വര്‍ഷത്തിലേറെ




കോട്ടയം: ഓണം അടുത്തെത്തിയിട്ടും കഞ്ഞിക്ക് വകയില്ലാതെ കേരളത്തിലെ ആദ്യ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍. കോട്ടയം നഗരമധ്യത്തില്‍ സഹകരണവകുപ്പിന്‍റെ കീഴില്‍ 57 വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച കല്പക സൂപ്പർ മാർക്കറ്റാണ് ജീവനക്കാര്‍ക്ക് ശമ്പളം പോലും കൊടുക്കാനാവാതെ നിരങ്ങി നീങ്ങുന്നത്. കഴിഞ്ഞ ഒമ്പത് മാസമായി ഇവിടെ ജീവനക്കാര്‍ ജോലിയെടുക്കുന്നത് ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാതെ. അവസാനമായി ശമ്പളം ലഭിച്ചത് കഴിഞ്ഞ ഒക്ടോബറിലാണ്.


കോട്ടയം ജില്ലാ മൊത്ത വ്യാപാര സഹകരണ സംഘത്തിന്‍റെ കീഴിലാണ് കേരളത്തിലെ ആദ്യത്തെ സൂപ്പർ മാർക്കറ്റ് തിരുനക്കരയില്‍ ആരംഭിച്ചത്. കേരളത്തിലെ തന്നെ നമ്പര്‍ വണ്‍ സൂപ്പര്‍മാര്‍ക്കറ്റായിരുന്നു ഇത്. സർക്കാരിനും ഷെയറുള്ള കല്‍പ്പക സൂപ്പര്‍മാര്‍ക്കറ്റ് തീര്‍ത്തും നഷ്ടത്തില്‍ ഓടാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷത്തിലേറെയായി. പിന്നാലെ സംഘം ഭരണസമിതി പിരിച്ചുവിട്ട് അഡ്മിസ്ട്രേറ്റര്‍ ഭരണം ഏര്‍പെടുത്തി. പതിനൊന്ന് മാസം മുമ്പായിരുന്നു ഇത്.  പാലാ, പുതുപ്പള്ളി, പാമ്പാടി, കഞ്ഞികുഴി, നാഗമ്പടം എന്നിവിടങ്ങളിലായി അഞ്ച് ശാഖകളുള്ള സ്ഥാപനത്തില്‍ ഒമ്പത് സ്ഥിരം ജീവനക്കാരും 22 താത്ക്കാലിക ജീവനക്കാരുമാണുണ്ടായിരുന്നത്. വേതനം ലഭിക്കാതായതോടെ രണ്ട് താത്ക്കാലിക ജീവനക്കാര്‍ ജോലി ഉപേക്ഷിച്ച് പോയി.



ഇപ്പോള്‍ സൂപ്പര്‍ മാര്‍ക്കറ്റ് പേരില്‍  മാത്രം. സാധനങ്ങള്‍ നിറഞ്ഞിരുന്ന എല്ലാ റാക്കുകളും ഒഴിഞ്ഞു കിടക്കുന്നു. കൈവിരലില്‍ എണ്ണിയെടുക്കാവുന്നത്ര സാധനങ്ങള്‍ മാത്രം ഒന്നു രണ്ട് ട്രാക്കില്‍ അടുക്കിവെച്ചുള്ള കച്ചവടമാണ് കേന്ദ്ര ഓഫീസായ തിരുനക്കരയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ പോലും ഇപ്പോള്‍ നടക്കുന്നത്. ദിനംപ്രതി രണ്ടര ലക്ഷത്തിന്‍റെ വിറ്റു വരവുണ്ടായിരുന്ന സ്ഥാനത്തു ഇന്ന് ആകെയുള്ള കച്ചവടം പരമാവധി 5000 രൂപ വരെ. സ്ഥാപനം നില്‍നില്‍ക്കണമെന്നും  ആളുകള്‍ കയറണമെന്നും ആഗ്രഹിച്ച് ജീവനക്കാര്‍ കിട്ടുന്ന തുകയ്ക്ക് അടുത്ത ദിവസത്തേക്ക് വില്‍ക്കാനുള്ള സാധനങ്ങള്‍ എടുത്തുവെക്കുകയാണ് ഇപ്പോള്‍.  


സൂപ്പർ മാർക്കറ്റിലേക്കുള്ള സാധനങ്ങൾ ഇറക്കുമതി ചെയ്യാതായതോടെ റാക്കുകളെല്ലാം കാലിയായി. പുത്തനങ്ങാടിയിൽ 76  സെന്‍റ് സ്ഥലവും 15000 ചതുരശ്ര അടി വിസ്താരമുള്ള ഗോഡൗണും കല്പക സൂപ്പർ മാർക്കറ്റിന്‍റെ ആസ്തിയായി നിലവിലുണ്ട്. വ്യാപാരം നിലച്ചതോടെ ഇതും അനാഥാവസ്ഥയിലാണ്. സര്‍ക്കാര്‍ ഫണ്ട് ലഭിക്കുന്നതിന് പിന്നാലെ ജില്ലാ സഹകരണ ബാങ്കില്‍  നിന്നും വായ്പയും എടുത്തിരുന്നു. ഒരു കോടിയിലേറെയാണ് വായ്പയിനത്തില്‍ സഹകരണ ബാങ്കിന് കൊടുക്കാനുള്ളത്. നഗരസഭയുടെ കെട്ടിടത്തിലാണ് സൂപ്പര്‍  മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. ഒരു വര്‍ഷത്തിലേറെയായി വാടക നല്‍കിയിട്ട്. സാധനങ്ങള്‍ വിതരണം ചെയ്തിരുന്ന സ്ഥാപനങ്ങള്‍ക്കും ലക്ഷങ്ങള്‍ കൊടുക്കാനുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു.



ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടായിട്ടും എല്ലാം സഹിച്ച് പ്രസ്ഥാനത്തോട് കൂറു പുലര്‍ത്തുന്ന ജീവനക്കാര്‍ക്ക് നേരെ അധികൃതര്‍ കണ്ണടയ്ക്കുന്നു. ജീവനക്കാരുടെ ഗ്രാറ്റുവിറ്റി പോലും അടയ്ക്കുന്നില്ല. അടയ്ക്കാനായി അവിടെയൊന്നും ഇല്ലെന്നറിയാവുന്നതു കൊണ്ടു തന്നെ കൂടുതല്‍ പ്രശ്നങ്ങള്‍ക്കൊന്നും മുതിരാതെ പ്രതീക്ഷയോടെ കാത്തിരിക്കുകായാണിവര്‍. സഹകരണ സംഘം ജോയിന്‍റ് രജിസ്ട്രാര്‍ക്ക് മുന്നിലും മറ്റും തങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ലെന്നതാണ് ജീവനക്കാരുടെ സങ്കടം.  



Share this News Now:
  • Google+
Like(s): 1075