11 August, 2018 06:25:48 PM


ജര്‍മ്മനി കാള്‍സുറേയിലെ പോലീസിനെ ചുറ്റിച്ച കുഞ്ഞന്‍ 'അക്രമി' പിടിയിലായി

അക്രമിയെ പിടികൂടിയ പോലീസ് സംഘം അതിനെ ദത്തെടുത്ത് വളര്‍ത്തും



ബെര്‍ലിന്‍: ജര്‍മ്മനിയിലെ കാള്‍സുറേയിലെ പോലീസുകാരെത്തേടി കഴിഞ്ഞദിവസം വളരെ രസകരമായ ഒരു രക്ഷാദൗത്യം എത്തി. തെരുവില്‍ ആക്രമിക്കപ്പെടുകയാണെന്നും എത്രയും വേഗം രക്ഷിക്കണമെന്നുള്ള ഒരു യുവാവിന്‍റെ പരാതി ആയിരുന്നു അത്. സംഭവസ്ഥലത്തെത്തിയ പോലീസ് സംഘം അക്രമിയെ കണ്ട് ഞെട്ടി - ചെറിയ ഒരു അണ്ണാന്‍കുഞ്ഞ് ആയിരുന്നു അത്!


അണ്ണാന്‍കുഞ്ഞ് ഏറെ നേരമായി തന്നെ പിന്തുടരുന്നതില്‍ പരിഭ്രാന്തനായാണ് യുവാവ് പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചത്. സ്ഥലത്തെത്തിയ പോലീസുകാര്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഓടിച്ചാടി യുവാവിന്റെ പിറകേ കൂടിയ അണ്ണാന്‍കുഞ്ഞിനെ പിടികൂടാന്‍ ആയില്ല. ഒടുവില്‍ കുസൃതികള്‍ക്കിടെ അറിയാതെ അണ്ണാന്‍കുഞ്ഞ് ഉറങ്ങിയതോടെയാണ് പോലീസുകാര്‍ അതിനെ പിടികൂടിയത്. 


അക്രമിയെ പിടികൂടിയ പോലീസ് സംഘം അതിനെ ദത്തെടുത്ത് വളര്‍ത്താനും തീരുമാനിച്ചു. തങ്ങളെ ചുറ്റിച്ച വികൃതിക്ക് അവര്‍ പുതിയ പേരുമിട്ടു-കാള്‍ ഫ്രെഡ്‌റിച്ച്. അണ്ണാന്‍കുഞ്ഞ് ഇപ്പോള്‍ കാള്‍സുറേയിലെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തിലാണുള്ളത്.


അമ്മയില്‍ നിന്ന് വേര്‍പെട്ടുപോയതിന്റെ പരിഭ്രാന്തി മൂലമാവാം അണ്ണാന്‍കുഞ്ഞ് മുന്നില്‍ക്കണ്ട യുവാവിനൊപ്പം കൂടിയതെന്നാണ് പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒറ്റപ്പെട്ട് പോകുന്ന അണ്ണാന്‍കുഞ്ഞുങ്ങള്‍ ഇങ്ങനെ മുന്നില്‍ക്കാണുന്ന ആരിലേക്കെങ്കിലും ശ്രദ്ധ കേന്ദ്രീകരിച്ച്‌ പെരുമാറുന്നതായാണ് വിദഗ്ധര്‍ നല്‍കുന്ന വിവരമെന്നും പോലീസുകാര്‍ പറഞ്ഞു



Share this News Now:
  • Google+
Like(s): 69