11 August, 2018 07:26:49 AM
'ചാലിയാര്‍ പുഴയിലൂടെ ഒലിച്ചു വരുന്ന മാനുകള്‍': സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം
മഴക്കെടുതി സംബന്ധിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

കൊച്ചി: കനത്ത മഴയെ തുടര്‍ന്നുള്ള പ്രളയത്തിലും ദുരന്തങ്ങളിലും കേരളം വിറങ്ങലിച്ചു നില്‍ക്കെ, ഇത് കാര്യമായി ആഘോഷിച്ചുകൊണ്ട് ഒരു വിഭാഗം സമൂഹമാധ്യമങ്ങളില്‍ സജീവമായിരിക്കുകയാണ്. മഴയും ദുരിതങ്ങളും സംബന്ധിച്ച് വിവിധതരത്തിലുള്ള വീഡിയോകളും ചിത്രങ്ങളും ട്രോളുകളും കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ. ഇതിനിടെ വ്യാജവാര്‍ത്തകളും വീഡിയോകളും പ്രചരിപ്പിക്കുന്ന സംഘവും സജീവമായി രംഗത്തുണ്ട്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ പേജുകളിലും, വാട്ട്സ്ആപ്പിലും കഴിഞ്ഞ ദിവസം മുതല്‍ വൈറലായിരിക്കുകയാണ് മലവെള്ളപാച്ചിലില്‍ ചാലിയാര്‍ പുഴയിലൂടെ ഒലിച്ചു വരുന്ന മാനുകള്‍ എന്ന വീഡിയോ.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച സ്ഥലങ്ങളില്‍ ഒന്ന് എന്ന നിലയില്‍ പലരും ഈ വീഡിയോ വിശ്വസിച്ച് ഷെയര്‍ ചെയ്യുന്നുമുണ്ട്. എന്നാല്‍ ഈ വീഡിയോ കേരളത്തില്‍ നിന്നുള്ളതല്ല എന്നതാണ് സത്യം. അടുത്തിടെ ഒഡീഷയിലുണ്ടായ മഴയില്‍ സംഭവിച്ചതാണിതെന്നാണ് പറയുന്നു. ലൈവ് ലീക്ക് അടക്കമുള്ള യൂട്യൂബ് ചാനലുകളില്‍ ഈ വീഡിയോ ജൂലൈ 21 മുതല്‍ തന്നെ വൈറലാകുന്നുണ്ട്. അതിനാല്‍ തന്നെ ഇത് കേരളത്തിലോ, ചാലിയാറിലോ സംഭവിച്ചതല്ലെന്ന് വ്യക്തമാക്കുന്നു. അതേസമയം, മഴക്കെടുതിയുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങള്‍ വഴി വ്യാജ വാര്‍ത്തകളോ ഊഹാപോഹങ്ങളോ പ്രചരിപ്പിച്ച് ജനങ്ങൾക്കിടയിൽ ആശങ്ക പരത്തരുതെന്നും അങ്ങനെ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.