10 August, 2018 08:44:28 PM


ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിനെ ബി എല്‍ ബി സി യോഗത്തില്‍ നിന്ന് അപമാനിച്ച് ഇറക്കി വിട്ടു

വനിതാകമ്മീഷനും മുഖ്യമന്ത്രിക്കും ബാങ്ക് ഓംബുഡ്‌സ്മാനും പരാതി നല്‍കും




ഏറ്റുമാനൂര്‍: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ യോഗത്തില്‍ വിളിച്ചു വരുത്തി പരസ്യമായി അപമാനിച്ചിറക്കി വിട്ടുവെന്ന് പരാതി. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ ബിനുവിനാണ് ബ്ലോക്ക് ലെവല്‍ ബാങ്കേഴ്‌സ് കമ്മറ്റി (ബി.എല്‍.ബി.സി) യോഗത്തില്‍ പ്രസംഗിക്കാനവസരം ലഭിക്കാതെ ഇറങ്ങിപോരേണ്ടി വന്നത്. ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ തന്നെയുള്ള ഹാളിലായിരുന്നു യോഗം. ബീനാ ബിനുവിനെ കത്ത് നല്‍കി ക്ഷണിച്ചിട്ടുമുണ്ടായിരുന്നു.


ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റിയോഗം ഉള്ളതിനാല്‍ യോഗം ആരംഭിച്ച ശേഷമാണ് പ്രസിഡന്റ് എത്തിയത്. യോഗത്തില്‍ ആദ്യം ചര്‍ച്ച ചെയ്തത് മഴക്കെടുതികളെ കുറിച്ചും ബാങ്കുകളുടെ നേതൃത്വത്തില്‍ ദുരിതബാധിതരെ സഹായിക്കുന്നതിനെ കുറിച്ചുമായിരുന്നു. ഏതാനും സമയം വേദിയില്‍ ഇരുന്ന ശേഷം കമ്മറ്റിയില്‍ പങ്കെടുക്കണമെന്നും അതിനാല്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ പറ്റി പറയാനുള്ള അവസരം നല്‍കണമെന്നും ബീന ആവശ്യപ്പെട്ടു. എന്നാല്‍ നിങ്ങള്‍ക്ക് ഈ വിഷയത്തില്‍ സംസാരിക്കാന്‍ എന്താണ് അര്‍ഹത എന്ന് ചോദിച്ച് ലീഡ് ബാങ്ക് മാനേജര്‍ ചന്ദ്രശേഖരന്‍ തന്നെ അവഹേളിക്കുകയായിരുന്നുവെന്ന് ബീനാ ബിനു പറഞ്ഞു.


പ്രസിഡന്റിന് സംസാരിക്കാന്‍ അവസരം നിഷേധിച്ചത് ശരിയായില്ല എന്ന് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സജി തടത്തില്‍ പറഞ്ഞു. ജനപ്രതിനിധികളെ കുറിച്ച് നല്ല ബോധ്യമുണ്ട് കൂടുതല്‍ പറയേണ്ട എന്നായിരുന്നു യോഗാധ്യക്ഷന്റെ മറുപടിയെന്നും യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ അംഗങ്ങളും കൈയടിച്ച് ഇദ്ദേഹത്തിന് പിന്തുണ നല്‍കുകയും ചെയ്തതോടെ തനിക്ക് ഇറങ്ങി പോരേണ്ടി വന്നുവെന്നും ബീനാ ബിനു പറയുന്നു.


തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റി യോഗത്തില്‍ പ്രസിഡന്റ് ഈ വിഷയം അവതരിപ്പിച്ചു. ഉടനെ കമ്മറ്റി നിര്‍ത്തിവെപ്പിച്ച് അംഗങ്ങള്‍ സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി. മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും ബാങ്ക് ഓംബുഡ്‌സ്മാനും പരാതി നല്‍കുവാനും തീരുമാനിച്ചു. തിങ്കളാഴ്ച പരാതികള്‍ കൈമാറുമെന്ന് ബീനാ ബിനു പറഞ്ഞു.




Share this News Now:
  • Google+
Like(s): 341