10 August, 2018 03:56:27 PM


ഇടുക്കി ഡാമിന്‍റെ ഷട്ടറുകൾ രാത്രിയും താഴ്ത്തില്ല; പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു

അണക്കെട്ടിലെ ജലനിരപ്പില്‍ രണ്ടു മണിക്കൂർ സമയം കൊണ്ട് 0.08 അടിയുടെ കുറവ്



തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്. രണ്ടു മണിക്കൂർ സമയം കൊണ്ട് ജലനിരപ്പിൽ 0.08 അടിയുടെ കുറവാണ് ഉണ്ടായത്. 2401.68 അടി നിലവില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ്. ഷട്ടര്‍ തുറന്നതിന് ശേഷം ഇത് ആദ്യമായിട്ടാണ് ജല നിരപ്പ് കുറയുന്നത്. നിലവില്‍ സെക്കന്‍റില്‍ 750 ഘനമീറ്റര്‍ വെള്ളമാണ് തുറന്നുവിടുന്നത്. 2403 അടിയാണ് അണക്കെട്ടിന്‍റെ പരമാവധി സംഭരണ ശേഷി. 


അതേസമയം ലോവ‍ർ പെരിയാറും ഭൂതത്താൻകെട്ടും പിന്നിട്ട് ജലപ്രവാഹം എറണാകുളം ജില്ലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പെരിയാറിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. കാലടിയിൽ ജലനിരപ്പ് ഉയർന്നുതുടങ്ങിയതാണ് ഒടുവിലത്തെ റിപ്പോർട്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400 അടിയാകുന്നതുവരെ ഷട്ടറുകൾ തുറന്നുവയ്ക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിനായി ഇന്ന് രാത്രി മുഴുവന്‍ സെക്കന്‍റിൽ 750 ഘനമീറ്റർ എന്ന തോതിൽ വെള്ളം അണക്കെട്ടില്‍ നിന്ന് തുറന്ന് വിടുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.


ഉച്ചയ്ക്ക് ഡാമിന്‍റെ എല്ലാ ഷട്ടറുകളും തുറന്നെങ്കിലും ഡാമിലെ ജലനിരപ്പ് ഉയരുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ അളവിൽ വെള്ളം തുറന്നുവിടാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. പെരിയാറിന്‍റെ തീരത്ത് അതീവ ജാഗ്രതാനിർദ്ദേശം തുടരുകയാണ്. രാത്രി ഉയര്‍ന്ന അളവില്‍ വെള്ളം ഒഴുകി എത്താനിടയുള്ളതു കൊണ്ട് ചെറുതോണിപ്പുഴ, പെരിയാർ എന്നിവയുടെ തീരങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.


ഡാമിലേക്കുള്ള നീരൊഴുക്ക് അതിശക്തമായി തുടരുകയാണ് എന്നാല്‍, പുറത്തേക്ക് ഒഴുക്കിവിടുന്ന വെള്ളത്തിന്‍റെ അളവ്  ഉയര്‍ത്തിയതോടെയാണ് ജലനിരപ്പില്‍ കുറവുണ്ടായത്. ചെറുതോണി പാലം ഇപ്പോള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്. തടിയമ്പാട് ചപ്പാത്തുകൾ തകർന്ന് 20 വീടുകൾ വെള്ളത്തിനടിയിലായി. നൂറുകണക്കിന് ഏക്കർ സ്ഥലത്തെ കൃഷി പൂർണ്ണമായും നശിച്ചു. 


എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്ന കനത്ത മഴ ഇപ്പോഴും ഇടുക്കിയിൽ തുടരുകയാണ്. അണക്കെട്ട് നിറഞ്ഞുകവിയുന്ന സാഹചര്യം ഒഴിവാക്കാൻ വേറെ വഴിയില്ലാതെ വന്നതോടെയാണ് കേരളത്തിലെ ഏറ്റവും വലിയ ഡാമിന്‍റെ മുഴുവന്‍ ഷട്ടറുകളും തുറന്നിട്ടത്. 37 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമിന്‍റെ  മുഴുവന്‍ ഷട്ടറുകളും തുറന്നത്.  അടിയന്തരസാഹചര്യം കണക്കിലെടുത്ത് തൃശൂർ, എറണാകുളം ജില്ലയിലെ പെരിയാറിന്‍റെ തീരപ്രദേശങ്ങളും അതീവജാഗ്രതയിലാണ്. ഇരുകരകളിലേയും വൻവൃക്ഷങ്ങളെ കടപുഴക്കി ഉഗ്രരൂപിയായാണ് പെരിയാർ കരകവിഞ്ഞ് ഒഴുകുന്നത്.



Share this News Now:
  • Google+
Like(s): 114