Breaking News
ഒമ്പത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

10 August, 2018 03:11:15 PM


മഴ ശക്തമായി തുടരുന്നു; ചെറുതോണി അണക്കെട്ടിന്‍റെ അഞ്ചാമത്തെ ഷട്ടറും തുറന്നു

സെക്കന്‍ഡില്‍ 400 ഘനമീറ്റര്‍ വെള്ളമാണ് പെരിയാറിലേക്ക് ഒഴുകുന്നത്ചെറുതോണി: ഇടുക്കി ജലസംഭരണിയുടെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ചെറുതോണി അണക്കെട്ടിന്‍റെ അഞ്ചാമത്തെ ഷട്ടറും തുറന്നു.  സെക്കന്‍റിൽ ആറ് ഘനമീറ്റർ എന്ന തോതിൽ അണക്കെട്ടിൽ നിന്ന് നാല് ഷട്ടറുകളിലൂടെ വെള്ളം ഒഴുക്കിക്കളഞ്ഞിട്ടും ജലനിരപ്പ് നിയന്ത്രിക്കാനാകാത്ത സാഹചര്യത്തിലാണ് അഞ്ചാം ഷട്ടറും തുറന്നത്. 2041.60 അടിയാണ് ഇപ്പോൾ ഡാമിലെ ജലനിരപ്പ്.


പരമാവധി സംഭരണ ശേഷിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് എല്ലാ ഷട്ടറുകളും തുറക്കാൻ തീരുമാനമെടുത്തത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്ന കനത്ത മഴയാണ് ഇപ്പോൾ ഇടുക്കിയിൽ പെയ്യുന്നത്. ഡാം നിറഞ്ഞുകവിയുന്ന സാഹചര്യം ഒഴിവാക്കാൻ വേറെ വഴിയില്ലാതെ വന്നതോടെയാണ് കേരളത്തിലെ ഏറ്റവും വലിയ ഡാമിന്‍റെ മുഴുവന്‍ ഷട്ടറുകളും തുറന്നിട്ടത്.


ഇതോടെ സെക്കന്‍ഡില്‍  400 ഘനമീറ്റര്‍ വെള്ളമാണ് പെരിയാറിലേക്ക് ഒഴുകിയെത്തുന്നത്. ഘട്ടം ഘട്ടമായി ഇത് 700 ഘനമീറ്റര്‍ എന്ന നിലയിലേക്ക് ഉയര്‍ത്താനാണ് തീരുമാനം. അടിയന്തരസാഹചര്യം കണക്കിലെടുത്ത് എറണാകുളം ജില്ല അതീവജാഗ്രതയിലാണ്. ഇടുക്കി ഡാമിന്‍റെ അഞ്ച് ഷട്ടറുകളും തുറന്നതോടെ അടിയന്തരസാഹചര്യം നേരിടാന്‍ എറണാകുളം ജില്ലയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. ജില്ലയിലെ എല്ലാ  സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു.


പെരിയാറില്‍ ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് 6500 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കും. ദുരന്തനിവാരണ സേനയുടെ നാല് സംഘങ്ങളെ എറണാകുളത്ത് വിന്യസിക്കും. നിലവില്‍ പത്ത് സംഘങ്ങള്‍ സംസ്ഥാനത്ത് ക്യാംപ് ചെയ്യുന്നുണ്ട്. വലിയ അളവിൽ വെള്ളമെത്തുന്നതോടെ ചെറുതോണി ടൗണിലടക്കം വെള്ളം കയറുമെന്ന ആശങ്ക നിലവിലുണ്ട്. പലയിടത്തും മണ്ണിടിച്ചിൽ തുടരുകയാണ്. മരങ്ങൾ കടപുഴകി വീഴുന്നതും തുടരുന്നു. ചെറുതോണിപ്പുഴയുടെ ഓരങ്ങളിൽ താമസിച്ചവരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. വെള്ളം കടന്നുപോകുന്ന പ്രദേശങ്ങളിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ വിന്യസിച്ചിട്ടുണ്ട്. 


ദുരന്തനിവാരണ സേനയുടെ രണ്ട് ബെറ്റാലിയൻ ചെറുതോണിയിൽ എത്തിച്ചേർന്നു. പൊലീസും അഗ്നിരക്ഷാ സേനയും സുസജ്ജമായി തുടരുന്നു. നേരത്തേ 10 മിനുട്ട് ഇടവേളയിലാണ് സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയതെങ്കിൽ ഇപ്പോൾ തുടർച്ചയായി സുരക്ഷാ നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ്. കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ കുട്ടികൾ, സ്ത്രീകൾ എന്ന ക്രമത്തിലാണ് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. ചെറുതോണി പാലത്തിന്‍റെ സുരക്ഷയെക്കുറിച്ച് ആശങ്കയുള്ളതുകൊണ്ട് അതിലൂടെയുള്ള ഗതാഗതം നിരോധിച്ചു. പെരിയാറിന്‍റെ തീരത്തു നിന്ന് മുന്നൂറു മീറ്റർ അകലം വരെ ആരെയും പ്രവേശിപ്പിക്കുന്നില്ല.


ഇന്നലെ രാത്രി മുഴുവൻ വെള്ളം ഒഴുക്കിവിട്ടിട്ടും ജലനിരപ്പ് 2401.34 അടിയിലേക്ക് ഉയർന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ കൂടുതൽ ഉയ‍ർത്തിയത്.  വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതുകൊണ്ട് ഡാമിലേക്കുള്ള നീരൊഴുക്കും അതിശക്തമായി തുടരുകയാണ്. റവന്യൂ അധികൃതർ ഓരോ വീട്ടിലും നേരിട്ടെത്തി സുരക്ഷാ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. 240 വീടുകളിലെങ്കിലും ഉള്ളവരെ ഒഴിപ്പിക്കാനാണ് തീരുമാനം. ഓരോ പഞ്ചായത്തിലും രണ്ട് വീതം ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങിയിട്ടുണ്ട്. വിനോദ സഞ്ചാരികളേയും വലിയ വാഹനങ്ങളേയും ഇടുക്കിയിലേക്ക് പ്രവേശിപ്പിക്കുന്നില്ല. വെള്ളം ഉയരുന്നത് കാണാനെത്തുന്നവരേയും പുഴയോരത്തു നിന്ന് സെൽഫികൾ പകർത്താൻ ശ്രമിക്കുന്നവരേയും പ്രദേശത്തുനിന്ന് നീക്കം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. മീൻ പിടിക്കാൻ ശ്രമിക്കുന്നവരേയും തടയുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.Share this News Now:
  • Google+
Like(s): 117