10 August, 2018 07:08:00 AM


ചെറുതോണി അണക്കെട്ടിന്‍റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു; അതീവ ജാഗ്രതാ നിര്‍ദ്ദേശം

ഒന്നേകാല്‍ ലക്ഷം ലിറ്റർ ജലമാണ് ഇപ്പോള്‍ ഡാമില്‍ നിന്നു പുറത്തെത്തുന്നത്




തൊടുപുഴ: ഇടുക്കി ഡാമിലെ ജലനിരപ്പ് 2400.94 അടിയായി. ഇതേ തുടര്‍ന്ന് ചെറുതോണി ഡാമിന്‍റെ അടുത്ത രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു. രണ്ടും നാലും ഷട്ടറുകളാണ് രാവിലെ തുറന്നത്. ഇന്നലെ മൂന്നാം ഷട്ടര്‍ തുറന്നിരുന്നു. രാവിലെ ഏഴ് മണി മുതൽ 125 ക്യുമെക്സ് വെള്ളമാണ് തുറന്നുവിട്ടത്. കനത്ത മഴയും ശക്തമായ നീരൊഴുക്കും തുടരുന്ന സാഹചര്യത്തിലാണ് ഇതെന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു. സെക്കന്‍റിൽ ഒന്നേകാല്‍ ലക്ഷം ലിറ്റർ ജലമാണ് ഇപ്പോള്‍ ഡാമില്‍ നിന്നു പുറത്തെത്തുന്നത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കു തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി അതീവ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) പുറപ്പടുവിച്ചു. അർധരാത്രിക്ക് 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. ഇന്ന് രാവിലെ ആറിന് ജലനിരപ്പ് 2400.94 അടിയായി. ചെറുതോണി അണക്കെട്ടിന്‍റെ താഴെയുള്ളവരും പെരിയാറിന്‍റെ ഇരു കരകളിലുള്ളവരും അതീവ ജാഗ്രത പുലർത്തണമെന്നു നിർദേശമുണ്ട്. 


വ്യാഴാഴ്ച വൈകിട്ട് 4.30ന് ട്രയൽ റൺ അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ നീരൊഴുക്കു തുടരുന്നതിനാൽ രാത്രിയിലും ട്രയൽ റൺ തുടർന്നു. ജലനിരപ്പ് 2399.04 അടിയിലെത്തിയപ്പോഴാണ് ഇന്നലെ ഉച്ചയ്ക്ക് 12.31 ന് ട്രയൽ റൺ ആരംഭിച്ചത്. മൂന്നാമത്തെ ഷട്ടർ 50 സെന്‍റിമീറ്റർ ഉയർത്തി സെക്കൻഡിൽ 50 ഘനമീറ്റർ ജലം വീതമാണ് ഒഴുക്കിവിട്ടത്. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. 26 വർഷങ്ങൾക്കുശേഷമാണ് ഇടുക്കി– ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടർ തുറന്നത്. ഇടുക്കി പദ്ധതിയിൽ മൂന്ന് അണക്കെട്ടുകളാണുള്ളതില്‍ വെള്ളം പുറത്തേക്കുവിടാൻ ക്രമീകരണമുള്ളത് ചെറുതോണി അണക്കെട്ടിൽ മാത്രമാണ്.



Share this News Now:
  • Google+
Like(s): 174