Breaking News
ഒമ്പത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

10 August, 2018 01:06:43 AM


റേഷന്‍കടയില്‍ നിന്ന് വാങ്ങിയ അരിയില്‍ തേളും പുഴുവും ചെള്ളും (VIDEO കാണാം)

സര്‍ക്കാര്‍ വിതരണം ചെയ്ത അരിയില്‍ തനിക്കൊന്നും ചെയ്യാനില്ലെന്ന് കടയുടമ
ചങ്ങനാശേരി: റേഷന്‍കടയിലൂടെ വിതരണം ചെയ്ത അരിയില്‍ നിറയെ പുഴുവും ചെള്ളും തേളിന്‍റെ കുഞ്ഞുങ്ങളും. ചങ്ങനാശേരി തൃക്കോതമംഗലത്ത് എആര്‍ഡി 86-ാം നമ്പര്‍ കടയില്‍ നിന്ന് കഴിഞ്ഞ ചൊവ്വാഴ്ച വിതരണം ചെയ്ത വെള്ള അരിയിലാണ് കീടങ്ങളുടെ ബാഹുല്യം. അതേസമയം, ചീത്ത അരിയാണ് വിതരണത്തിന് ലഭിച്ചതെന്ന വിവരം ഉപഭോക്താവ് പരാതിപെട്ടിട്ടും കടയുടമ ഭക്ഷ്യവിതരണ ഉദ്യോഗസ്ഥരെ അറിയിച്ചില്ല. 

കഴിഞ്ഞ ദിവസം തൃക്കോതമംഗലം നരിമറ്റത്തില്‍ ശാന്തമ്മ ശിവരാമന്‍റെ കാര്‍ഡിന് ലഭിച്ച അരി വീട്ടിലെത്തി മുറത്തില്‍ കുടഞ്ഞിട്ടപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കാണാനായത്. അരിയുടെ മുകളിലൂടെ നുരയുന്ന ചെള്ള്, പുഴു ഇവയോടൊപ്പം തേളിന്‍റെ  തീരെ ചെറിയ കുഞ്ഞുങ്ങളും ഓടിനടക്കുന്നു. ശാന്തമ്മയുടെ മരുമകള്‍ മീര ഇത് മൊബൈലില്‍ പകര്‍ത്തുകയും റേഷന്‍ കടയുടമയോട് വിശദീകരണം തേടുകയും ചെയ്തു. എന്നാല്‍ തനിക്കൊന്നും ചെയ്യാനാവില്ല എന്നും ഇത് സര്‍ക്കാര്‍ വിതരണം ചെയ്യുന്ന അരിയാണെന്നുമായിരുന്നുവത്രേ കടയുടമയുടെ ആദ്യപ്രതികരണം. പിന്നാലെ ബുദ്ധിപൂര്‍വ്വം അരി തിരികെ വാങ്ങിയ കടയുടമ പകരം അരി ശനിയാഴ്ച നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.

ഇതിനിടെ മോശമായ അരി ലഭിച്ച ഒട്ടേറെ പേര്‍ ഇത് നശിപ്പിച്ചു കളഞ്ഞു. വിതരണത്തിനായി റേഷന്‍കടകളില്‍ ലഭിക്കുന്ന അരി ഉപയോഗയോഗ്യമല്ലെങ്കില്‍ ഉപഭോക്താവിന് നല്‍കരുതെന്നും കടയുടമ വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിച്ച് തിരികെ ഏല്‍പ്പിക്കണമെന്നും നിര്‍ദ്ദേശമുള്ളതാണ്. എന്നാല്‍ ഇവിടെ കടയുടമ വിവരം അധികൃതരെ അറിയിച്ചിട്ടില്ല. മാത്രമല്ല, പരാതി ലഭിക്കാത്തിടത്തോളം കാലം തങ്ങള്‍ക്ക് ഇതേപറ്റി അന്വേഷിക്കാനാവില്ലെന്നും നടപടികള്‍ സ്വീകരിക്കാനാവില്ലെന്നുമാണ് ചങ്ങനാശേരി താലൂക്ക് അസിസ്റ്റന്‍റ് സപ്ലൈ ഓഫീസര്‍ പറയുന്നത്. 

കാലവര്‍ഷകെടുതിയില്‍ ദുരിതം അനുഭവിക്കുന്ന ആളുകള്‍ ഉള്‍പ്പെടെ ഒട്ടേറെ പേരാണ് ഇപ്പോള്‍ റേഷന്‍ കടകളെ ആശ്രയിക്കുന്നത്. വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ ഗുണനിലവാരം ഉള്ളതാണോ എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുന്നില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് തൃക്കോതമംഗലത്ത് സംഭവിച്ചത്. പൊതുജനങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷ്യവസ്തുക്കള്‍ ഉപയോഗയോഗ്യമല്ലെന്ന് അറിഞ്ഞിട്ടും പരാതി ലഭിച്ചാലേ അന്വേഷിക്കൂ എന്ന അധികൃതരുടെ നിലപാട് റേഷന്‍ കടയുടമയുമായുള്ള ഒത്തുകളിയാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഓണത്തിന് ലഭിക്കുന്ന അരിയും ഭക്ഷ്യവസ്തുക്കളും ഇങ്ങനെ തന്നെയായിരിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാരിപ്പോള്‍.

Share this News Now:
  • Google+
Like(s): 306