09 August, 2018 01:09:46 PM
കനത്ത മഴയിൽ ഇടുക്കിയിൽ നാലിടത്ത് ഉരുള്‍പൊട്ടി; 11 മരണം
അടിമാലിയിലെ ഒരു കുടുംബത്തിലെ രണ്ട് കുട്ടികളടക്കം അഞ്ച് പേർ മരിച്ചു

ഇടുക്കി: കനത്ത മഴയിൽ ഇടുക്കിയിൽ വ്യാപക ഉരുൾപൊട്ടൽ. നാലിടത്തുണ്ടായ ഉരുൾപൊട്ടലിൽ 11 പേർ മരിച്ചു. മൂന്ന് പേരെ കാണാതായി. അടിമാലിയിലെ ഒരു വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കുടുംബത്തിലെ രണ്ട് കുട്ടികളടക്കം അഞ്ച് പേർ മരിച്ചു. ഹസൻകോയയുടെ ഭാര്യ ഫാത്തിമ, മകൻ നെജി, ഭാര്യ ജമീല, മക്കളായ ദിയ, മിയ എന്നിവരാണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെ ഉണ്ടായ ഉരുൾപൊട്ടലിൽ മണ്ണിടിഞ്ഞ് ഇവരുടെ വീടിന് മുകളിലേക്ക് വീഴുകയായിരുന്നു.
നാട്ടുകാരും അഗ്നിശമനസേനയും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഹസൻകോയയെയും ബന്ധു മുജീബിനെയും പരിക്കുകളോടെ പുറത്തെത്തെടുത്തു. എട്ടരയോടെയാണ് മറ്റുള്ളവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊരങ്ങാട്ടിയിൽ ഉരുൾപൊട്ടി വീടിന് മുകളിലേക്ക് വീണ് വീട്ടിൽ ഉറങ്ങുകയായിരുന്നു ശോഭനയും മോഹനും മരിച്ചു. കുരിശുകുത്തിയിൽ മണ്ണിടിഞ്ഞ് വീണ് പഞ്ചപള്ളിയിൽ തങ്കമ്മ മരിച്ചു.
മുരിക്കാശ്ശേരി രാജപുരത്ത് ഉരുൾപൊട്ടി മണ്ണിടിഞ്ഞ് കരിക്കളത്ത് മീനാക്ഷി മരിച്ചു. രണ്ട് പേരെ പുഴയിൽ കാണാതായി. കീരിത്തോട് പെരിയാർവാലിയിൽ മഞ്ഞിടിഞ്ഞ് വീണ് അഗസ്തി, ഭാര്യ ഏലിക്കുട്ടി എന്നിവർ മരിച്ചു. ഫയർഫോഴ്സും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് മണ്ണ്മാറ്റി ആളുകളെ രക്ഷപ്പെടുത്തിയത്.