09 August, 2018 12:30:22 PM


ഇടുക്കി ചെറുതോണി അണക്കെട്ട് തുറന്നു; 26 വർഷങ്ങൾക്കുശേഷം

ട്രയൽ റണ്ണിനായി അണക്കെട്ടിന്‍റെ മൂന്നാം ഷട്ടർ 50 സെന്‍റീ മീറ്റര്‍ ഉയർത്തി



തൊടുപുഴ: ജലനിരപ്പ് പെട്ടെന്ന് ഉയരുന്ന സാഹചര്യത്തിൽ ട്രയൽ റൺ നടത്തുന്നതിനായി ഇടുക്കി അണക്കെട്ട് തുറന്നു. പന്ത്രണ്ടരയോടെ  ചെറുതോണി അണക്കെട്ടിന്‍റെ മൂന്നാം ഷട്ടർ 50 സെന്‍റീ മീറ്റര്‍ ഉയർത്തി. സെക്കൻഡിൽ 50 ഘന മീറ്റർ വെള്ളം തുറന്നുവിടും. നാലു മണിക്കൂറായിരിക്കും അണക്കെട്ട് തുറക്കുക. ജലനിരപ്പ് വളരെ വേഗത്തിൽ വർധിക്കുന്ന സാഹചര്യം ഉടലെടുത്തതോടെയാണ് ട്രയൽ റൺ നടത്താൻ സർക്കാർ തീരുമാനിച്ചത്. നിലവിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 അടി പിന്നിട്ടു. പന്ത്രണ്ടുമണിക്ക് ജലനിരപ്പ് 2398.98 അടിയാണ്. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി.


ഇടമലയാറിലെ ജലനിരപ്പ് താഴ്ന്ന ശേഷം ഇടുക്കി അണക്കെട്ട് തുറക്കുന്നതിന്‍റെ ട്രയല്‍ റണ്‍ നടത്തിയാല്‍ മതിയെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഇടമലയാര്‍ ഡാമിന്‍റെ ഷട്ടര്‍ രാവിലെ അഞ്ച് മണിക്ക് തന്നെ തുറന്നിരുന്നു. വെള്ളമൊഴുകിയെത്തുന്നതിന് താഴെയുള്ള ഭൂതത്താന്‍കെട്ട് അണക്കെട്ടിന്‍റെ ശേഷികൂടി വിലയിരുത്തുമ്പോള്‍ രണ്ട് അണക്കെട്ടുകളും ഒരുമിച്ച് തുറക്കേണ്ടതില്ലെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, പെരിയാര്‍ കവിഞ്ഞൊഴുകി വെള്ളപ്പൊക്ക ഭീഷണി ഉണ്ടാകുന്നത് തടയാനും ഇത് സഹായകമാവും. 


ചെറുതോണി അണക്കെട്ടിന്‍റെ താഴെയുള്ളവരും പെരിയാറിന്‍റെ ഇരുകരകളിലുള്ളവരും 100 മീറ്റർ ചുറ്റളവിൽ താമസിക്കുന്നവരും അതീവ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പു നൽകി. ട്രയൽ റൺ ആണു നടത്തുന്നതെന്നും പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും കലക്ടർ അറിയിച്ചു. പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും മീൻപിടിക്കുന്നതിനും സെൽഫി എടുക്കുന്നതിനും കർശന നിരോധനം ഏർപ്പെടുത്തി. 



Share this News Now:
  • Google+
Like(s): 1233