09 August, 2018 07:31:56 AM


കെ.എസ്.ആര്‍.ടി.സി സ്വകാര്യ കമ്പനിയുമായി ചേര്‍ന്നുള്ള കൊറിയര്‍ സര്‍വിസ് അവസാനിപ്പിച്ചു

ഔട്ട്‌ലെറ്റുകള്‍ ഏഴു ദിവസത്തിനകം ഒഴിയണമെന്നും നിര്‍ദേശം



തിരുവനന്തപുരം: സ്വകാര്യകമ്പനിയുമായി ചേര്‍ന്ന് നടത്തിയിരുന്ന കൊറിയര്‍ സര്‍വിസ് കെ.എസ്.ആര്‍.ടി.സി അവസാനിപ്പിച്ചു. ട്രാക്കോണ്‍ കൊറിയേഴ്‌സുമായുള്ള കരാര്‍ റദ്ദാക്കിക്കൊണ്ട് സി.എം.ഡി ടോമിന്‍ തച്ചങ്കരി കഴിഞ്ഞദിവസം ഉത്തരവിറക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ട്രാക്കോണ്‍ കൊറിയേഴ്‌സ് കൈമാറുന്ന പാഴ്‌സലുകള്‍ സ്വീകരിക്കേണ്ടതില്ലെന്നും കെ.എസ്.ആര്‍.ടി.സി ബസുകളില്‍ അവ കൊണ്ടുപോകാന്‍ അനുവദിക്കേണ്ടതില്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.


കെ.എസ്.ആര്‍.ടി.സിയുടെ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഔട്ട്‌ലെറ്റുകള്‍ ഏഴുദിവസത്തിനകം ഒഴിയണമെന്നും കമ്പനിയോട് നിര്‍ദേശിച്ചിട്ടുണ്ട്. 2015 ജൂലൈ രണ്ടിനാണ് ട്രാക്കോണ്‍ കമ്പനിയുമായി കെ.എസ്.ആര്‍.ടി.സി കരാറില്‍ ഏര്‍പ്പെടുന്നത്. കോര്‍പറേഷന്‍ നല്‍കിയ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ആനുപാതികമായ വരുമാനം കരാറിലൂടെ ഉണ്ടായിട്ടില്ലെന്ന് എം.ഡിയുടെ ഉത്തരവില്‍ പറയുന്നു. കോര്‍പറേഷന്‍റെ സല്‍പേരിന് കളങ്കമുണ്ടാക്കുന്ന തരത്തിലുള്ള പരാതികള്‍ സ്വകാര്യ സ്ഥാപനത്തിനെതിരേ ഉണ്ടായി. നിയമവിരുദ്ധമായി പൊതുജനങ്ങളില്‍നിന്ന് സാധനങ്ങള്‍ സ്വീകരിച്ച് കൊറിയര്‍ വഴി ബസുകളില്‍ കയറ്റിവിടുന്നതായി കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് വിഭാഗവും കണ്ടെത്തിയിരുന്നു.



Share this News Now:
  • Google+
Like(s): 155