08 August, 2018 05:09:10 PM


ഫേസ്ബുക്ക് വഴി ജോലി തട്ടിപ്പ്: ഏറ്റുമാനൂര്‍ കാണക്കാരി സ്വദേശി പിടിയില്‍

യുവാവിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത് കബളിപ്പിക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍
ഏറ്റുമാനൂര്‍: ഫേസ്ബുക്ക് വഴി ജോലി തട്ടിപ്പ് നടത്തിയ യുവാവിനെ കബളിപ്പിക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ബുധനാഴ്ച ഉച്ചയോടെ ഏറ്റുമാനൂരിലായിരുന്നു സംഭവം. കാണക്കാരി പുതുപ്പറമ്പില്‍ അനീഷ് വിശ്വം (36) ആണ് പിടിയിലായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കള്‍ക്ക് സൗദിയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളാണ് ഇയാള്‍ തട്ടിയെടുത്തത്. 

വളരെ ബുദ്ധിപൂര്‍വ്വമാണ് ഇയാള്‍ കരുക്കള്‍ നീക്കിയിരുന്നത്. ആരോടും നേരിട്ടല്ല പണം വാങ്ങിയിരുന്നില്ല. തന്റെ ചില ഫേസ്ബുക്ക് സുഹൃത്തുക്കളുടെ അക്കൗണ്ടിലേക്കാണ് ഇയാള്‍ പണം നിക്ഷേപിപ്പിച്ചിരുന്നത്. എന്നാല്‍ ഈ അക്കൗണ്ടുകളൊക്കെയും തന്റെ വിശ്വസ്തരായ ഫേസ്ബുക്ക് സുഹൃത്തുക്കളുടെയാണെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇവരില്‍ നല്ലൊരു പങ്കും അറിയാതെ തന്നെ ഇയാളുടെ ഇരകളായി മാറിയവരായിരുന്നു. താന്‍ നേരിട്ട് പണമിടപാട് നടത്താത്തതിനാല്‍ ഒരിക്കലും കുടുങ്ങില്ല എന്ന ധാരണയിലാണത്രേ ഇയാള്‍ ഇങ്ങനെ ചെയ്തിരുന്നത്. ഫേസ്ബുക്കിലൂടെ ചങ്ങാത്തം സൃഷ്ടിച്ച് ആദ്യം വിശ്വാസം നേടിയെടുക്കുകയും തുടര്‍ന്ന് ജോലി വാഗ്ദാനം ചെയ്യുകയുമായിരുന്നു രീതി. ഒപ്പം ഇരകളായവര്‍ വഴി തന്നെ അവരുടെ മറ്റ് ഫേസ്ബുക്ക് സുഹൃത്തുക്കളെ കൂടി വലയില്‍ വീഴ്ത്തി. ഫോണില്‍ തൊഴില്‍ സംബന്ധമായ കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. 

ദമാമില്‍ നിന്നും നൂറ് കിലോമീറ്റര്‍ അകലെ അല്‍ ഹസയില്‍ വാദി ഹജാര്‍ എന്ന ഫുഡ് പ്രോഡക്ട് ഫാക്ടറിയിലേക്ക് വിവിധ ജോലിക്കായാണെന്ന് ധരിപ്പിച്ചാണ് ഇയാള്‍ പണം തട്ടിയത്. വിസ റഡിയാക്കുന്നതിനും മറ്റും അഡ്വാന്‍സ് എന്ന പേരില്‍ ഇരുപതിനായിരം മുതല്‍ അമ്പതിനായിരം രൂപ വരെയാണ് ഓരോരുത്തരില്‍ നിന്നും ഇയാള്‍ തട്ടിയെടുത്തത്. ഇതേ കമ്പനിയിലെ ഡ്രൈവര്‍ ആയ അനീഷ് ഭാര്യ ഒരു അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് കേരളത്തിലെത്തിയത്.  28000 റിയാല്‍ ബാധ്യതയുണ്ടായിരുന്ന ഇയാള്‍ അവിടെ ആള്‍ജാമ്യം നല്‍കിയാണ് നാട്ടിലേക്ക് പോന്നതെന്ന് അന്വേഷണത്തില്‍ അറിയാനായതെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.

ഇതിനിടെ പണം നല്‍കിയ ഒരാളുടെ ബന്ധുവായ സൗദിയില്‍ ജോലിചെയ്യുന്ന മൂവാറ്റുപുഴ സ്വദേശി ഷമീറിന് തോന്നിയ സംശയമാണ് ഇയാള്‍ കുടുങ്ങുന്നതിന് കാരണമായത്. 45000 രൂപ ശമ്പളം ലഭിക്കുമെന്നാണ് അനില്‍ ഉദ്യോഗാര്‍ത്ഥികളോട് പറഞ്ഞിരുന്നത്. ബേക്കറി ജീവനക്കാർക്ക് ഇത്രയും വലിയ തുക വാഗ്ദാനം നൽകിയതാണ് സംശയത്തിനിട നൽകിയത്. ഇവര്‍ക്കുള്ള വിസ കോട്ടയത്ത് അക്ബര്‍ ട്രാവല്‍സിന്റെ ഓഫീസില്‍ എത്തിയിട്ടുണ്ടെന്നാണ് ധരിപ്പിച്ചിചിരുന്നത്. എന്നാല്‍ സൗദിയിലെ കമ്പനിയില്‍ അന്വേഷിച്ചപ്പോള്‍ ഈ വര്‍ഷം ആറ് വിസ മാത്രമേ കമ്പനി നല്‍കിയിട്ടുള്ളുവെന്നും അതും ചൈനക്കാര്‍ക്കാണെന്നും ഇന്ത്യയിലേക്ക് വിസ നല്‍കിയിട്ടില്ലെന്നും അറിയാന്‍ കഴിഞ്ഞു. ജോലിക്ക് പണം നല്‍കിയതോടൊപ്പം മറ്റ് സുഹൃത്തുക്കളെയും അറിയാതെ ആണെങ്കില്‍ പോലും കെണിയില്‍ പെടുത്തിയ ഉദ്യോഗാര്‍ത്ഥികള്‍ പ്രതിസ്ഥാനത്തേക്ക് നീങ്ങേണ്ടി വരുമോ എന്ന ഭയത്തിലാണിപ്പോൾ. 

മാസങ്ങളോളം ഒഴിഞ്ഞുമാറിയ അനില്‍ അവസാനം ബുധനാഴ്ച രാവിലെ 10.30ന് കോട്ടയം തിരുനക്കര അമ്പലത്തിന് മുന്നില്‍ എത്താന്‍ ഇയാള്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. മെഡിക്കല്‍ ടെസ്റ്റിന് എന്ന് പേരില്‍ ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ നിന്നായി അമ്പതോളം പേരാണ് ബുധനാഴ്ച ഇയാളുടെ നിര്‍ദ്ദേശപ്രകാരം കോട്ടയത്ത് എത്തിയത്. തുടര്‍ന്ന് അവിടെ എത്തിയ ഉദ്യോഗാര്‍ത്ഥികളോട് ഏറ്റുമാനൂര്‍ ക്ഷേത്രത്തിന് മുന്നിലെത്താന്‍ വിളിച്ചു പറഞ്ഞു. ആലപ്പുഴയില്‍ നിന്നുമുള്ള സംഘം ഏറ്റുമാനൂരിലെത്തിയപ്പോള്‍ അവിടെ ഇടുക്കിയില്‍ നിന്നുള്ളവരും എത്തിയിരുന്നു. തുടര്‍ന്ന് ഇവരെല്ലാവരും കൂടി ഇയാളെ പിടികൂടി ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ഏറ്റുമാനൂര്‍ സി.ഐ എ.ജെ.തോമസ്, എസ്.ഐ പ്രശാന്ത് കുമാര്‍ എന്നിവര്‍ ഇയാളെ ചോദ്യം ചെയ്തു. കബളിപ്പിക്കപ്പെട്ടവര്‍ ഇടുക്കി, ആലപ്പുഴ സ്വദേശികളായതിനാല്‍ കൂടുതല്‍ അന്വേഷണത്തിനായി അനീഷിനെ തൊടുപുഴ കാളിയാര്‍ സ്റ്റേഷനിലേക്ക് മാറ്റുമെന്ന് എസ്.ഐ പ്രശാന്ത്കുമാര്‍ പറഞ്ഞു.Share this News Now:
  • Google+
Like(s): 4406