06 August, 2018 09:13:13 PM


ദളിതരെ ആക്രമിച്ചാല്‍ ഇനി ഉടനടി അറസ്‌റ്റ്: ബില്‍ ലോക്‌സഭ പാസാക്കി

ബില്‍ നാളെ രാജ്യസഭയില്‍ അവതരിപ്പിക്കും




ദില്ലി: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം നടത്തുന്നവരെ ഉടന്‍ അറസ്റ്റു ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന പട്ടികജാതി, പട്ടികവര്‍ഗ പീഡന വിരുദ്ധ ഭേദഗതി ബില്‍ ലോക്‌സഭ ശബ്‌ദ വോട്ടോടെ പാസാക്കി. നിയമം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രീംകോടതി റദ്ദാക്കിയ വ്യവസ്ഥകള്‍ പുനഃസ്ഥാപിക്കുന്ന പുതിയ ബില്ലിന് നേരത്തെ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ബില്‍ നാളെ രാജ്യസഭയില്‍ അവതരിപ്പിക്കും. എന്നാല്‍ ബില്‍ ഭരണഘടനയുടെ ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്തില്ല.

ഇത്തരം പരാതികളില്‍ അറസ്റ്റ് വേണമെന്ന് തീരുമാനിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് ഇന്ത്യന്‍ ക്രിമിനല്‍ നടപടി ചട്ടം ഉറപ്പു നല്‍കുന്ന അധികാരം എടുത്തുകളയാന്‍ കഴിയില്ലെന്ന് ബില്ലില്‍ നിര്‍ദ്ദേശിക്കുന്നു. കേസുകളില്‍ പ്രാഥമിക അന്വേഷണമില്ലാതെ എഫ്.ഐ.ആര്‍ രജിസ്‌റ്റര്‍ ചെയ്യാം. അറസ്റ്റു ചെയ്യാനും അനുമതി ആവശ്യമില്ല. കോടതി വിധികള്‍ ബില്ലിലെ ഭേദഗതികള്‍ക്ക് തടസമല്ലെന്നും പറയുന്നു. 

1989 ദളിത് പീഡന നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കിയാണ് സുപ്രീംകോടതി കഴിഞ്ഞ മാര്‍ച്ച്‌ 20ന് വിധി പ്രസ്‌താവിച്ചത്. നിരപരാധികള്‍ കേസുകളില്‍ കുടുങ്ങുന്നത് ഒഴിവാക്കാന്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രാഥമിക അന്വേഷണം നടത്തി ആരോപണങ്ങളില്‍ അടിസ്ഥാനമുണ്ടോയെന്ന് ഉറപ്പാക്കണമെന്ന് സുപികോടതി വിധിച്ചിരുന്നു. ആരോപണവിധേയര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെങ്കില്‍ അറസ്റ്റിന് നിയമന അധികാരിയുടെ അനുമതിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അല്ലെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ സീനിയര്‍ സൂപ്രണ്ട് ഒഫ് പൊലീസിന്റെ അനുമതി ആവശ്യമാണെന്ന് കോടതി വിധിച്ചിരുന്നു.

ഇത് ദളിത് സംഘടനകളുടെ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പട്ടികജാതി, പട്ടികവര്‍ഗ ഭേദഗതിബില്‍ കൊണ്ടുവന്നത്. കോടതി വിധിയില്‍ പ്രതിഷേധിച്ച്‌ ആഗസ്‌റ്റ് 9ന് ദളിത് സംഘടനകള്‍ ഭാരത്‌ബന്ദിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്. ഈ വര്‍ഷം ഒരേ വിഷയത്തിന്‍മേലുള്ള രണ്ടാമത്തെ ബന്ദാണിത്. ആഗസ്‌റ്റ് 9ന് മുന്‍പ് നിലപാട് വ്യക്തമാക്കാന്‍ എന്‍.ഡി.എയിലെ ഘടകകക്ഷിയായ എല്‍.ജെ.പി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.



Share this News Now:
  • Google+
Like(s): 94