06 August, 2018 08:08:56 PM


കേരളത്തില്‍ കൂടി വരുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ നിര്‍ഭാഗ്യകരം - രാഷ്ട്രപതി

നാളെ രാവിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസും ജഡ്ജിമാരുമായി കൂടിക്കാഴ്ച



തിരുവനന്തപുരം: കേരളത്തില്‍ കൂടി വരുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ നിര്‍ഭാഗ്യകരമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേരള സമുഹവും രാഷ്ട്രീയ കക്ഷികളും ഗൗരവമുള്ള ചര്‍ച്ച നടത്തണമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയുടെ വജ്ര ജൂബിലിയോട് അനുബന്ധിച്ചുള്ള സെമിനാര്‍ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി. വിയോജിപ്പുകളും എതിരഭിപ്രായങ്ങളും സഹിഷ്ണുതയോടെ കണ്ടിരുന്ന ചരിത്രം കേരളത്തിനുണ്ട്. കേരള നിമയസഭയുടെ 60 വര്‍ഷത്തെ ചരിത്രം അതിന് തെളിവാണ്. സാമൂഹ്യ, സാസംകാരിക മേഖലയില്‍ ഏറെ മുന്നോട്ടുപോകാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രഗത്ഭരായ നേതാക്കളുടെ പ്രവര്‍ത്തനം അതിന് ആക്കം കൂട്ടിയിട്ടുണ്ട്. എന്നാല്‍ ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ല.


രാജ്യത്ത് മാത്രമല്ല ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍, വിവിധ മേഖലകളില്‍ മലയാളികള്‍ തങ്ങളുടെ കഴിവ് തെളിയിട്ടിച്ചുണ്ട്. വ്യവസായ സംരഭങ്ങള്‍ വളര്‍ത്തി യുവാക്കള്‍ക്ക് കേരളത്തില്‍ തന്നെ തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കാനുള്ള സാഹചര്യമുണ്ടാകണമെന്നും രാഷ്ട്രപതി പറഞ്ഞു. നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് ജനാധിപത്യത്തിന്‍റെ ഉത്സവം രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര ഭാരതത്തില്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ ശാക്തീകരണം നേരിടുന്ന വെല്ലുവിളി എന്ന വിഷയത്തില്‍ രണ്ടുദിവസത്തെ സെമിനാറും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.


വൈകിട്ട് പ്രത്യേക വിമാനത്തില്‍ കൊച്ചിയിലേക്ക് തിരിച്ചു. ഗവര്‍ണര്‍ പി. സദാശിവം, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, വി. എസ്. സുനില്‍കുമാര്‍, മേയര്‍ വി. കെ. പ്രശാന്ത്, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, ചീഫ് സെക്രട്ടറി ടോം ജോസ്, എയര്‍ഫോഴ്‌സ് കമാന്‍ഡിംഗ് ഇന്‍ ചീഫ് എയര്‍ മാര്‍ഷല്‍ ബി. സുരേഷ്, ഡിജിപി ലോക്‌നാഥ് ബെഹ്‌റ,  ജിഎഡി സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ജില്ലാ കളക്ടര്‍ കെ. വാസുകി, പോലീസ് കമ്മീഷണര്‍ പി. പ്രകാശ് എന്നിവര്‍ എയര്‍പോര്‍ട്ട് ടെക്‌നിക്കല്‍ ഏരിയയില്‍ യാത്രയയപ്പ് നല്‍കി. ഗവര്‍ണര്‍ പി. സദാശിവം, മന്ത്രി വി. എസ്. സുനില്‍കുമാര്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ജി. എ. ഡി സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ എന്നിവര്‍ രാഷ്ട്രപതിയെ വിമാനത്തില്‍ അനുഗമിച്ചു. 


 

എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ തങ്ങുന്ന അദ്ദേഹം നാളെ രാവിലെ 9ന് ബോള്‍ഗാട്ടി പാലസില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസും മറ്റു ജഡ്ജിമാരുമായി പ്രാതല്‍ കൂടിക്കാഴ്ച നടത്തും. പിന്നീട് ഹെലികോപ്റ്ററില്‍ തൃശൂരിലേക്ക് തിരിക്കുന്ന രാഷ്ട്രപതി രാവിലെ 11ന് തൃശൂര്‍ സെന്‍റ് തോമസ് കോളേജിന്‍റെ ശതാബ്ദി ആഘോഷ ചടങ്ങില്‍ പങ്കെടുക്കും. ഇവിടെ നിന്ന് ഗുരുവായൂരിലെത്തി ശ്രീകൃഷ്ണ ക്ഷേത്രത്തിലും മമ്മിയൂര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തും. തിരികെ കൊച്ചിയിലെത്തുന്ന രാഷ്ട്രപതി ഉച്ചയ്ക്ക് 2.45ന് കേരളത്തില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ മടങ്ങും.



Share this News Now:
  • Google+
Like(s): 99