06 August, 2018 01:54:19 PM
പേരൂരില്‍ ട്രാന്‍സ്ഫോര്‍മര്‍ മാറ്റുന്നതിനിടെ ക്രയിന്‍ മറിഞ്ഞു; ദുരന്തം ഒഴിവായി
അപകടം ഏറ്റുമാനൂര്‍ - മണര്‍കാട് ബൈപാസ് റോഡില്‍ കരിമ്പനം പാലത്തിനടുത്ത്

ഏറ്റുമാനൂര്‍: റോഡ് നവീകരണത്തിന് ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുന്നതിനിടെ ക്രയിന്‍ മറിഞ്ഞു. വന്‍ദുരന്തം ഒഴിവായി. പേരൂരില്‍ കരിമ്പനം തോടിന് കുറുകെ പുതുതായി പാലം പണിതപ്പോള്‍ റോഡിന് നടുവിലായി പോയ ട്രാന്‍സ്ഫോര്‍മര്‍ മാറ്റികൊണ്ടിരിക്കെയാണ് ചക്രങ്ങള്‍ മണ്ണില്‍ പൂണ്ട് ക്രയിന്‍ തൊട്ടടുത്ത പാടത്തേക്ക് ചരിഞ്ഞത്. തലകീഴായി മറിഞ്ഞ ട്രയിന്‍ ഇരുപത് അടി താഴെയുള്ള പാടത്തേക്ക് ചരിഞ്ഞെങ്കിലും തിട്ടയില്‍ തങ്ങി നില്‍ക്കുകയായിരുന്നു. ക്രയിന്‍ ഓപ്പറേറ്റര്‍ അത്ഭുതകരമായി രക്ഷപെട്ടു.
ഉച്ച കഴിഞ്ഞ് ഒന്നര മണിയോടെ ആയിരുന്നു അപകടം. മണര്‍കാട് - ഏറ്റുമാനൂര്‍ ബൈപാസ് റോഡിലാണ് കരിമ്പനം പാലം. നേരത്തെ ചെറിയ ഒരു കലുങ്കായിരുന്നു ഇവിടെ. റോഡ് വീതി കൂട്ടി നവീകരിച്ചപ്പോള്‍ വഴിയരികിലുണ്ടായിരുന്ന ട്രാന്‍സ്ഫോര്‍മര്‍ റോഡിന് നടുവിലായി. ഈ ട്രാന്‍സ്ഫോര്‍മര്‍ ആദ്യം മാറ്റി. ചേര്‍ന്നുനിന്ന രണ്ട് വൈദ്യുതി പോസ്റ്റുകള്‍ പിന്നാലെ മാറ്റുന്നതിനിടയിലാണ് ക്രയിന്‍ മറിഞ്ഞത്. ഇതേ തുടര്‍ന്ന് ഏറെ നേരം റോഡില്‍ ഗതാഗതം സ്തംഭിച്ചു.