06 August, 2018 06:35:45 AM


എസ്റ്റേറ്റ് മാനേജ്‌മെന്‍റ് വാക്കു തെറ്റിച്ചു; സമരത്തിന് നിര്‍ബന്ധിതരായി തൊഴിലാളികള്‍

നിലവില്‍ വിവിധ സംഘടനകള്‍ ഒറ്റയ്‌ക്കൊറ്റക്കാണ് സമരം നടത്തുന്നത്




കല്‍പ്പറ്റ: എല്‍സ്റ്റണ്‍ എസ്റ്റേറ്റ് തൊഴിലാളികളെ വീണ്ടും സമരമുഖത്തേക്ക് തള്ളിവിട്ട് മാനേജ്‌മെന്‍റ്. ജൂലൈ 31ന് മുമ്പ് ശമ്പള കുടിശിക തീര്‍ക്കുമെന്ന മാനേജ്‌മെന്റിന്റെ ഉറപ്പാണ് ലംഘിക്കപ്പെട്ടത്. ഇതു സംബന്ധിച്ച് ഇക്കഴിഞ്ഞ രണ്ടിന് ജില്ലാ ലേബര്‍ ഓഫിസറുടെ നേതൃത്വത്തില്‍ യോഗം നടന്നെങ്കിലും ഈമാസം 22ന് കുടിശികയായ ശമ്പളം നല്‍കാമെന്ന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്. 


ജൂലൈ 11ന് കോഴിക്കോട് വെച്ച് ഡെപ്യൂട്ടി ലേബര്‍ കമ്മിഷണര്‍, ജില്ലാ ലേബര്‍ ഓഫിസര്‍, സംയുക്ത ട്രേഡ് യൂനിയന്‍ നേതാക്കള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ശമ്പള കുടിശിക ജൂലൈ 17നും 31നുമായി കൊടുത്തു തീര്‍ക്കുമെന്നും 2016-17 വര്‍ഷത്തെ ബോണസ് ഓഗസ്റ്റ് 16ന് നല്‍കാമെന്നായിരുന്നു മാനേജ്‌മെന്റുമായി ധാരണയായിരുന്നത്. തുടര്‍ന്ന് തൊഴിലാളികള്‍ നടത്തിവന്ന അനിശ്ചിതകാല സമരം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ജൂലൈ 17ന് മെയ് മാസത്തെ ശമ്പളം നല്‍കുകയും ചെയ്തു. എന്നാല്‍ ജൂണ്‍ മാസത്തെ ശമ്പളം ജൂലൈ 31 പിന്നിട്ടിട്ടും ഇതുവരെ തൊഴിലാളികള്‍ക്ക് നല്‍കിയിട്ടില്ല.


തുടര്‍ന്ന് സംയുക്ത ട്രേഡ് യൂനിയന്‍ നേതാക്കളുടെ സാന്നിധ്യത്തില്‍ ലേബര്‍ ഓഫിസര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കുടിശിക 22ന് നല്‍കാമെന്നാണ് മാനേജ്‌മെന്‍റ് പ്രതിനിധിയായി പങ്കെടുത്ത എസ്‌റ്റേറ്റ് മാനേജര്‍ അറിയിച്ചത്. ഇതോടെ തൊഴിലാളികള്‍ വീണ്ടും ചെയ്ത ജോലിയുടെ വേതനം ലഭിക്കാന്‍ സമരത്തിനിറങ്ങേണ്ട ഗതികേടിലായിരിക്കുകയാണ്. ഈമാസം 16നാണ് 2016-17 വര്‍ഷത്തെ ബോണസ് വിതരണം ചെയ്യേണ്ടത്. ശമ്പള കുടിശിക തീര്‍ക്കാത്ത മാനേജ്‌മെന്റ് ബോണസ് എങ്ങനെ കൃത്യമായി നല്‍കുമെന്ന് തൊഴിലാളികള്‍ ചോദിക്കുന്നു. ഓഗസ്റ്റ് 10നകം കുടിശിക വിതരണം ചെയ്യണമെന്നാണ് യൂനിയനുകളുടെ ആവശ്യം. ഇത് പാലിക്കപ്പെട്ടില്ലെങ്കില്‍ എസ്റ്റേറ്റിലെ മുന്നൂറോളം തൊഴിലാളികള്‍ വീണ്ടും സമരം ആരംഭിക്കാണ് നീക്കം.


ശമ്പള, ബോണസ് കുടിശികക്ക് പുറമേ നിരവധി തൊഴിലാളികളുടെ ഗ്രാറ്റ്വിവിറ്റിയും മാനേജ്‌മെന്‍റ് നല്‍കാനുണ്ട്. ഗ്രാറ്റ്വിവിറ്റി തുകക്ക് വണ്ടിച്ചെക്ക് നല്‍കിയും മാനേജ്‌മെന്‍റ് തൊഴിലാളികളെ കബളിപ്പിച്ചിരുന്നു. ഒത്ത്തീര്‍പ്പു വ്യവസ്ഥകള്‍ നിരന്തരമായി ലംഘിക്കുന്ന മാനേജ്‌മെന്‍റ് നിലപാടിനെതിരേ പ്രതിഷേധവും ശക്തമാണ്. അസംഘടിത-സ്വകാര്യ മേഖലയിലെ തൊഴിലാളി ചൂഷണങ്ങള്‍ അവസാനിപ്പിക്കാന്‍ നിയമ നിര്‍മാണങ്ങളും പദ്ധതികളും ആസൂത്രണം ചെയ്യുന്ന ഭരണകൂടങ്ങള്‍ തോട്ടം തൊഴിലാളികളെ പാടെ അവഗണിക്കുന്നതിനെതിരേയും വ്യാപക പ്രതിഷേധമാണുയരുന്നത്. കാലാവധി കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും തോട്ടം തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥ ഇതുവരെ പരിഷ്‌കരിച്ചിട്ടില്ല.


ഇതുസംബന്ധിച്ച് എട്ടോളം പി.എല്‍.സി യോഗങ്ങള്‍ ചേര്‍ന്നെങ്കിലും തീരുമാനമായിരുന്നില്ല. തൊഴില്‍ മന്ത്രി ഇതുവരെ യോഗത്തില്‍ പങ്കെടുക്കുകപോലും ചെയ്തിട്ടില്ല. നിലവില്‍ വിവിധ സംഘടനകള്‍ ഒറ്റയ്‌ക്കൊറ്റക്കാണ് സമരം നടത്തുന്നത്. തോട്ടം തൊഴിലാളികളുടെ അവകാശങ്ങള്‍ നേടാന്‍ എല്ലാ യൂനിയനുകളും ഒറ്റക്കെട്ടായി സമര രംഗത്തിറങ്ങണമെന്നാണ് തൊഴിലാളികള്‍ തന്നെ പറയുന്നത്.



Share this News Now:
  • Google+
Like(s): 42