06 August, 2018 06:29:19 AM


കാറഡുക്ക ഗ്രാമ പഞ്ചായത്ത്: വൈസ് പ്രസിഡന്‍റിനെതിരായ അവിശ്വാസവും പാസായി

പഞ്ചായത്ത് പ്രസിഡന്‍റിനെതിരെയും അവിശ്വാസ പ്രമേയം കഴിഞ്ഞ ദിവസം പാസായിരുന്നു




കാസര്‍ഗോഡ്: കാറഡുക്ക പഞ്ചായത്തില്‍ വൈസ് പ്രസിഡന്റിനെതിരേ സി.പി.എം കൊണ്ടുവന്ന അവിശ്വാസ പ്രമേയവും യു.ഡി.എഫ് അംഗങ്ങളുടെ പിന്തുണയോടെ പാസായി. വൈസ് പ്രസിഡന്റ് ബി.ജെ.പിയിലെ കെ. ഗോപാലകൃഷ്ണനെതിരേ സി.പി.എം അംഗം എം. തമ്പാനാണ് അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നല്‍കിയത്. ഇന്നലെ രാവിലെ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കു ശേഷം നടന്ന വോട്ടെടുപ്പില്‍ ഏഴിനെതിരേ എട്ടു വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്.


സി.പി.എമ്മിലെ എ. വിജയകുമാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജി. സ്വപ്നക്കെതിരേ കഴിഞ്ഞ ദിവസം നല്‍കിയ അവിശ്വാസ പ്രമേയവും യു.ഡി.എഫ് അംഗങ്ങളുടെ പിന്തുണയോടെ വിജയിച്ചിരുന്നു. സി.പി.എമ്മിലെ അഞ്ച് അംഗങ്ങള്‍ക്കു പുറമെ മുസ്‌ലിം ലീഗിലെ രണ്ടംഗങ്ങളും ഒരു കോണ്‍ഗ്രസ് സ്വതന്ത്രനുമാണ് അവിശ്വാസത്തെ അനുകൂലിച്ച് വോട്ടുചെയ്തത്. ഇതോടെ തുടര്‍ച്ചയായ 18 വര്‍ഷത്തെ ബി.ജെ.പി ഭരണത്തിനാണ് കാറഡുക്കയില്‍ അന്ത്യമായിരിക്കുന്നത്. വികസനമില്ലായ്മ ചര്‍ച്ചയായ അവിശ്വാസ പ്രമേയ യോഗത്തിനു വരണാധികാരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി. ബാലകൃഷ്ണയാണ് നേതൃത്വം നല്‍കിയത്. അതിനിടെ സി.പി.എം കൊണ്ടുവന്ന അവിശ്വാസം യു.ഡി.എഫ് പിന്തുണയോടെ പാസായെങ്കിലും അടുത്ത ഭരണസമിതിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിലുള്ള ആശയക്കുഴപ്പം തുടരുകയാണ്. 


യു.ഡി.എഫിനെ കൂട്ടി തദ്ദേശസ്ഥാപനങ്ങളില്‍ ഭരണം നടത്തില്ലെന്ന സി.പി.എമ്മിന്റെ പ്രഖ്യാപിത നയത്തിനു കാറഡുക്കയില്‍ മാത്രം മാറ്റം വരുത്താന്‍ സാധ്യതയില്ല. സി.പി.എം സ്വതന്ത്രയെയും കോണ്‍ഗ്രസിന്റെ സ്വതന്ത്രനെയും മുന്‍നിര്‍ത്തി ഭരണസമിതിയെ തെരഞ്ഞെടുക്കാനുള്ള നീക്കം നടത്തുന്നതായും സൂചനയുണ്ട്. എന്നാല്‍ ഇതേകുറിച്ച് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ജില്ലാ നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

 



Share this News Now:
  • Google+
Like(s): 95