06 August, 2018 05:57:36 AM


എയര്‍ബാഗുകള്‍ തുറന്നില്ല; അപകടത്തില്‍ പെട്ട മഹീന്ദ്ര XUV500 കാര്‍ വൈറലായി

എസ്‌യുവിയുടെ ചിത്രങ്ങള്‍ വാഹന പ്രേമികളുടെ ഓണ്‍ലൈന്‍ കൂട്ടായ്മയില്‍



അപകടത്തില്‍ തകര്‍ന്ന മഹീന്ദ്ര XUV500 -യുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വാഹനം തകര്‍ന്നു തരിപ്പണമായിട്ടും എസ്‌യുവിയുടെ ആറു എയര്‍ബാഗുകളില്‍ ഒന്നുപോലും പുറത്തുവന്നില്ലെന്നതാണ് ഏറെ ശ്രദ്ധേയം. ഗുരുഗ്രാമിലാണ് അപകടം. 2013 മോഡല്‍ മഹീന്ദ്ര XUV500 W8 മോഡലാണ് അപകടത്തില്‍പ്പെട്ടത്.  എസ്‌യുവിയുടെ ചിത്രങ്ങള്‍ വാഹന പ്രേമികളുടെ ഓണ്‍ലൈന്‍ കൂട്ടായ്മയായ ടീം ബിഎച്ച്പി ഫോറത്തില്‍ ഉടമ അരവിന്ദ് പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വൈറലാകുന്നത്.


എയര്‍ബാഗുകളുടെ പ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കാറുള്ള സീറ്റ് കവറുകളോ, ആക്‌സസറികളോ, ബമ്പര്‍ ഗാര്‍ഡുകളോ വാഹനത്തില്‍ ഉണ്ടായിരുന്നില്ലെന്നും യാത്രികരെല്ലാം സീറ്റ് ബെല്‍റ്റും ധരിച്ചിരുന്നുവെന്നും എന്നിട്ടും എയര്‍ബാഗുകള്‍ പ്രവര്‍ത്തിക്കാതിരുന്നത് കമ്പനിയുടെ ഭാഗത്തു നിന്നുണ്ടായ വലിയ സുരക്ഷാപ്പിഴവാണെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. എസ്‌യുവി ഓടിച്ചിരുന്ന അരവിന്ദിന്റെ മകന്‍ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.


അപകടത്തിന്‍റെ ഭീതി ജനിപ്പിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. വാഹനത്തിന്‍റെ മുന്‍ഭാഗം പൂര്‍ണമായും ഇടിച്ചിറങ്ങിയ നിലയിലാണ്. റേഡിയേറ്റര്‍ തകര്‍ന്നു പുറത്തുവന്നു. പിന്‍ ആക്‌സില്‍ ഒടിഞ്ഞു. ഇത്രയും ഭീകരമായ അപകടത്തിലും XUV500 -യുടെ എയര്‍ബാഗുകള്‍ പുറത്തുവന്നില്ല. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും അരവിന്ദ് പോസ്റ്റില്‍ ആവശ്യപ്പെട്ടിരുന്നു.


എന്നാല്‍ XUV500 -ന്‍റെ സുരക്ഷയുടെ കാര്യത്തില്‍ മഹീന്ദ്ര കര്‍ശന നിലവാരം പുലര്‍ത്തുന്നുണ്ടെന്നും നിരവധി തവണ അപകടങ്ങളില്‍ ഫലപ്രദമായ സുരക്ഷ നല്‍കാന്‍ മോഡലിന് കഴിഞ്ഞിട്ടുണ്ടെന്നുമാണ് കമ്പനി പറയുന്നത്. അപകടങ്ങളില്‍ സെന്‍സറുകള്‍ മുഖേനയാണ് എയര്‍ബാഗുകള്‍ പുറത്തുവരാറെന്നും ഒരു പക്ഷേ ഈ അപകടത്തിന്റെ ആഘാതം തിരിച്ചറിയാന്‍ സെന്‍സറുകള്‍ക്ക് കഴിയാതെ പോയതാകും എയര്‍ബാഗുകള്‍ പുറത്തുവരാതിരിക്കാന്‍ കാരണമായതെന്നും കമ്പനി പറയുന്നു. എന്തായാലും തകര്‍ന്ന വാഹനം ഏറ്റെടുത്തു കൂടുതല്‍ അന്വേഷണം നടത്താനാണ് മഹീന്ദ്രയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.



Share this News Now:
  • Google+
Like(s): 115