05 August, 2018 11:26:04 PM


ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി; വാഴാനി ഡാമിലേക്ക് സന്ദര്‍ശക പ്രവാഹം

മഴയുടെ ശക്തി കുറഞ്ഞിട്ടും ഡാം റിസര്‍വോയറിലെ ജലനിരപ്പ് ഉയരുന്നു




വടക്കാഞ്ചേരി: അഞ്ചു വര്‍ഷത്തെ ഇടവേളക്കു ശേഷം ഷട്ടറുകള്‍ തുറന്ന വാഴാനി ഡാമിലേക്ക് സന്ദര്‍ശക പ്രവാഹം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറുകണക്കിന് ആളുകളാണ് ദിവസേന ഇവിടേക്ക് എത്തുന്നത്. അതിനിടെ വൃഷ്ടിപ്രദേശങ്ങളില്‍ മഴയുടെ ശക്തി കുറഞ്ഞിട്ടും ഡാം റിസര്‍വോയറിലെ ജലനിരപ്പ് ഉയരുകയാണ്. മച്ചാട് വനത്തില്‍നിന്നു ധാരാളം വെള്ളം എത്തുന്നതാണ് കാരണം.

62.48 മീറ്റര്‍ സംഭരണശേഷിയുള്ള ഡാമിലെ ജലനിരപ്പ് 61.97 മീറ്ററിലെത്തിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഇന്നലെ ജലനിരപ്പ് 62.15 മീറ്ററിലേക്ക് ഉയര്‍ന്നു. ഇതിനെ തുടര്‍ന്ന് ജലസേചന വകുപ്പ് അധികൃതര്‍ ഷട്ടര്‍ വീണ്ടും ഉയര്‍ത്തി. നാലു ഷട്ടറുകളും രണ്ടു സെന്‍റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനിടെ ഓണം ഫെസ്റ്റ് വന്‍ വിജയമാക്കാനുള്ള ശ്രമങ്ങളും ഇവിടെ പുരോഗമിക്കുന്നുണ്ട്.


Share this News Now:
  • Google+
Like(s): 150