05 August, 2018 11:18:44 PM


കമ്പകക്കാനം കൂട്ടക്കൊല: പ്രധാന പ്രതി പിടിയില്‍; കൊല നടത്തിയത് മാന്ത്രികശക്തി കൂട്ടാന്‍

കൊല്ലപ്പെട്ട കൃഷ്ണന്‍റെ സഹായി അനീഷാണ് പിടിയിലായത്
തൊടുപുഴ: കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തില്‍ ചുരുളഴിയുന്നു. ഇടുക്കി സ്വദേശികളായ രണ്ട് പേരാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. സാമ്പത്തിക തട്ടിപ്പും മന്ത്രവാദവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.  കൊലപ്പെട്ട കൃഷ്ണന്‍റെ സഹായിയായ അനീഷാണ് കേസിലെ പ്രധാന പ്രതി. ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്.  കൂട്ടുപ്രതിയും ഉടന്‍ അറസ്റ്റിലാവും എന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇയാളും പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. 


അനീഷും കൂട്ടുപ്രതിയും ചേര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയാണ് കൊലപാതകം നടത്തിയത്. പിന്നീട് തിങ്കളാഴ്ച്ച കുഴിയെടുത്ത് മൃതദേഹങ്ങൾ കുഴിച്ചിട്ടു. ഒരു മന്ത്രവാദിയെ കൊലപ്പെടുത്തിയാല്‍ മരിച്ച മന്ത്രവാദിയുടെ ശക്തി കൊലയാളിക്ക് കിട്ടുമെന്നത് നൂറ്റാണ്ടുകളായുള്ള അന്ധവിശ്വാസമാണ്. ഇൗ വിശ്വസത്തിലാണ് ഒരു കുടുംബത്തെ ഒന്നാകെ രണ്ട് പ്രതികള്‍ ചേര്‍ന്ന് ഇല്ലാതാക്കിയത്. ആഭിചാര ക്രിയകളും മന്ത്രവാദവും നടത്തുന്ന കൃഷ്ണന്‍റെ  സഹായിയായിരുന്നു കേസിലെ മുഖ്യപ്രതിയായ അനീഷ്. കൃഷ്ണൻ കൊലപ്പെട്ടാൽ ഇയാളുടെ മാന്ത്രിക ശക്തിയെല്ലാം തനിക്ക് ലഭിക്കുമെന്ന് അനീഷ് വിശ്വസിച്ചിരുന്നതായി പൊലീസ് പറയുന്നു.


മുന്‍നിശ്ചയിച്ച പ്രകാരം കൃത്യം നടത്തുന്നതിനായി കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയാണ് അനീഷും ഇയാളുടെ സഹായിയും കൃഷ്ണന്‍റെ വീട്ടിലെത്തിയത്. കൃഷ്ണനെ പുറത്തേക്ക് വിളിച്ചു വരുത്തിയ ശേഷം ഇരുവരും ചേര്‍ന്ന് ആക്രമിച്ചു വീഴ്ത്തി. പിന്നീട് വീടിനുള്ളിലേക്ക് കയറിയ പ്രതികള്‍ അവിടെ ഉറങ്ങി കിടന്ന മറ്റുള്ളവരെ ആക്രമിച്ചു. ആക്രമണം പ്രതിരോധിക്കാനുള്ള കൃഷ്ണന്‍റെ മകളുടെ ശ്രമത്തിനിടെ അനീഷിനും പരിക്കേറ്റു. കൃഷ്ണന്‍റെ മകളേയും മകനേയും ഭാര്യയേയും അക്രമിച്ചു നിലംപരിശാക്കിയ ശേഷം പ്രതികള്‍ ഇരുവരും വീട്ടില്‍ നിന്നും മടങ്ങി. പിന്നീട് തിങ്കളാഴ്ച്ച രാത്രി മൃതദേഹം മറവു ചെയ്യാനായി ഇവര്‍ വീണ്ടും വീട്ടിലെത്തി. അപ്പോഴും കൃഷ്ണനും ഇയാളുടെ ബുദ്ധിമാന്ദ്യമുള്ള മകനും ജീവനോടെയുണ്ടായിരുന്നു. ഇവരെ കൈയിലുള്ള ആയുധം ഉപയോഗിച്ച് അടിച്ചു കൊന്ന ശേഷം കുഴിയെടുത്ത് മൃതദേഹങ്ങള്‍ മറവു ചെയ്തു. 


മന്ത്രവാദിയായ കൃഷ്ണന്‍ റൈസ് പുള്ളര്‍ തട്ടിപ്പടക്കം പല നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും പങ്കുണ്ടായിരുന്നതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. മന്ത്രവാദത്തിനും മറ്റു പ്രവൃത്തികള്‍ക്കും അനീഷിന്‍റെ ബൈക്കിലാണ് പലയിടത്തും കൃഷ്ണന്‍ പോയി വന്നിരുന്നത്. എന്നാല്‍ അയല്‍വാസികളുമായും ബന്ധുകളുമായും കൃഷ്ണല്‍ അകല്‍ച്ച സൂക്ഷിച്ചിരുന്നതിനാല്‍ അനീഷിന്‍റെ പേരോ മറ്റു വിവരങ്ങളോ ആര്‍ക്കുമറിയുമായിരുന്നില്ല. കൃഷ്ണന്‍റേയും കുടുംബത്തിന്‍റേയും ശവസംസ്കാര ചടങ്ങുകള്‍ക്ക് അനീഷ് എത്താതിരുന്നത് ശ്രദ്ധയില്‍പ്പെട്ട ബന്ധുകളാണ് അനീഷിനെപ്പറ്റി ആദ്യം പൊലിസിനോട് പറയുന്നത്. തങ്ങളുടെ വീട്ടിലെത്തിയ മന്ത്രി എം.എം.മണിയോടും ബന്ധുകള്‍ അനീഷിനെപ്പറ്റിയുള്ള  വിവരം പങ്കുവച്ചു. എന്നാല്‍ അനീഷിന്‍റെ പേര് ഇവര്‍ക്കറിയാത്തതിനാല്‍ ആളെ തിരിച്ചറിയാന്‍ പൊലീസിനായില്ല. താടി വച്ച, ആര്‍.എക്സ് 100 ബൈക്കില്‍ വരുന്നയാളാണ് എന്ന വിവരം മാത്രമേ ഇവര്‍ക്ക് നല്‍കാന്‍ സാധിച്ചുള്ളൂ.


പിന്നീട് കൃഷ്ണന്‍റെ മൊബൈല്‍ വിവരങ്ങള്‍ പരിശോധിച്ച പൊലീസ് ഇയാളുമായി ബന്ധം പുലര്‍ത്തിയ തിരുവനന്തപുരം സ്വദേശികളെ പിടികൂടി. ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അനീഷിനെ തിരിച്ചറിയുന്നത്. നിലവില്‍ അനീഷടക്കം രണ്ട് പേരാണ് പൊലീസ് കസ്റ്റഡിയിലുളളത്. ഐ.ജി വിജയ് സാക്കറെയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ ഇപ്പോഴും ചോദ്യം ചെയ്തു വരികയാണ്. അനീഷിന്‍റെ സഹായിയായ രണ്ടാമന് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. അന്വേഷണത്തിന്‍റെ വിശാദംശങ്ങള്‍ വെളിപ്പെടുത്താന്‍ എറണാകുളം റേഞ്ച് ഐജി തിങ്കളാഴ്ച്ച മാധ്യമങ്ങളെ കാണുന്നുണ്ട്. ഒരു കുടുംബത്തെ ഒന്നാകെ കൊലപ്പെടുത്തിയ കേസില്‍ വിവരം പുറത്തറിഞ്ഞ് നാല് ദിവസത്തിനുള്ളില്‍ പ്രതികളെ പിടികൂടാന്‍ സാധിച്ചത് പൊലീസിനും അഭിമാനകരമായ നേട്ടമാണ്.Share this News Now:
  • Google+
Like(s): 426