05 August, 2018 08:40:59 PM


രാജ്യത്തെ മികച്ച ശുചിത്വ ജില്ലയെ കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സിയുടെ സര്‍വെ തിരുവനന്തപുരത്ത്

സ്വച്ഛ് സര്‍വേഷന്‍ ഗ്രാമീണ്‍ - 2018 പ്രകാരം നടപ്പാക്കിയ പദ്ധതികള്‍ വിലയിരുത്തും





തിരുവനന്തപുരം: മാലിന്യ സംസ്‌കരണ രംഗത്തു രാജ്യത്തെ ഏറ്റവും മികച്ച ജില്ലയേയും പഞ്ചായത്തിനേയും കണ്ടെത്തുന്നതിനുള്ള സര്‍വെയ്ക്കായി കേന്ദ്ര ഏജന്‍സി ഓഗസ്റ്റ് 10 മുതല്‍ 31 വരെ തിരുവനന്തപുരത്ത് വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തും. സ്‌കൂളുകള്‍, അംഗന്‍വാടികള്‍, പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, നിരത്തുകള്‍, മാര്‍ക്കറ്റുകള്‍, പൊതുസ്ഥലങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലാണു സന്ദര്‍ശനം. കേന്ദ്ര ശുചിത്വ - കുടിവെള്ള മന്ത്രാലയമാണു സര്‍വെയ്ക്കു നേതൃത്വം നല്‍കുന്നത്.


കേന്ദ്ര സര്‍ക്കാരിന്‍റെ സ്വച്ഛ് സര്‍വേഷന്‍ ഗ്രാമീണ്‍ - 2018 പദ്ധതി പ്രകാരം നടപ്പാക്കിയ ശുചിത്വ മാലിന്യ പദ്ധതികളാകും സംഘം വിലയിരുത്തുക. തദ്ദേശ സ്വയംഭരണ സ്ഥാപനം, വിവിധ വകുപ്പുകള്‍, മിഷനുകള്‍, സംഘടനകള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ സര്‍വെയുടെ ഭാഗമാകും. ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളെ സര്‍വെയില്‍ മുന്‍പന്തിയിലെത്തിക്കുന്നതിനു കൂട്ടായ പരിശ്രമം ആവശ്യമാണെന്നു കളക്ടര്‍ ഡോ. കെ. വാസുകി പറഞ്ഞു. ശുചിത്വ രംഗത്തു ജില്ലയിലെ ഗ്രാമങ്ങളില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ സംഘത്തെ ബോധ്യപ്പെടുത്തുന്നിനുള്ള കര്‍മ പദ്ധതി തയാറാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും കളക്ടര്‍ അഭ്യര്‍ഥിച്ചു.


പൊതുസ്ഥലങ്ങളില്‍ മാലിന്യം കുന്നുകൂടി കിടക്കുന്നതും വെള്ളക്കെട്ടും ഒഴിവാക്കണം. ക്വാറി വേസ്റ്റ്, കല്ല്, മണ്ണ് എന്നിവ കൂട്ടിയിടരുത്. ചന്തകളിലെ മത്സ്യ - മാംസ മാലിന്യങ്ങള്‍ കാര്യക്ഷമമായി നിര്‍മാര്‍ജനം ചെയ്യണം. പൊതു ടോയ്‌ലറ്റുകളും കുടിവെള്ള സംവിധാനവും വൃത്തിയായി സൂക്ഷിക്കണമെന്നും കളക്ടര്‍ ആഹ്വാനം ചെയ്തു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി ഓഗസ്റ്റ് 7ന് സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പൊതു ശുചീകരണം നടത്തും. സ്വച്ഛ് സര്‍വേഷന്‍ ഗ്രാമീണ്‍ പദ്ധതിയെക്കുറിച്ചു വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവത്കരണം നടത്തും.


ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളും പൊതു ടോയ്‌ലറ്റുകളും പൊതുസ്ഥലങ്ങളും വൃത്തിയാക്കാന്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കി. ജില്ലയിലെ എല്ലാ ഓഫിസുകളിലും നാളെ പൊതു ശുചീകരണം നടത്താനും നിര്‍ദേശമുണ്ട്. സ്വച്ഛ് ഭാരത്, സ്വച്ഛ് സര്‍വേഷന്‍ ഗ്രാമീണ്‍, ശുചിത്വ മിഷന്‍, ഹരിത കേരളം എന്നിവ സംബന്ധിച്ചു ജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിന് ഓഫിസുകളില്‍ ബാനര്‍, സ്റ്റിക്കര്‍ തുടങ്ങിയവ പതിപ്പിക്കും. മാര്‍ക്കറ്റുകളില്‍ പ്രത്യേക ശുചിത്വം ഉറപ്പുവരുത്തും.


സര്‍വെ സംബന്ധിച്ച്‌ ഓണ്‍ലൈന്‍ പ്രതികരണം നല്‍കുന്നതിനുള്ള ആപ്പ് ആയ എസ്‌എസ്ജി 18 ഡൗണ്‍ലോഡ് ചെയ്ത് പ്രതികരണം രേഖപ്പെടുത്തുന്നതിനു പ്രോത്സാഹിപ്പിക്കമെന്നും മാധ്യമങ്ങളിലൂടെയും ഫേസ്ബുക്ക്, വാട്‌സ്‌ആപ് കൂട്ടായ്മകളിലൂടെയും ഇത സംബന്ധിച്ച്‌ ജനങ്ങള്‍ക്ക് അറിയിപ്പു നല്‍കണം. സോഷ്യല്‍ മീഡിയയില്‍ പ്രതികരണമോ നിര്‍ദേശങ്ങളോ നല്‍കുമ്പോഴോ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോഴോ #SSG2018 എന്ന ഹാഷ് ടാഗ് ഉപയോഗിക്കണം. ശുചീകരണ കര്‍മ പദ്ധതിയുടെ ഭാഗമായി ഓഗസ്റ്റ് 7ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ അധ്യക്ഷതയില്‍ ജില്ലാതല യോഗം ചേരും.





Share this News Now:
  • Google+
Like(s): 164