05 August, 2018 02:16:58 AM


കാമുകിയുടെ ഭര്‍ത്താവിന്‍റെ സ്വകാര്യത പകര്‍ത്തി; യുവാവ് അറസ്റ്റില്‍

സംസ്ഥാനത്ത് മൊബൈല്‍ ആപ്പ് വഴി തട്ടിപ്പ‌് നടത്തിയ ആദ്യ കേസാണിത‌്
കൊച്ചി : കാമുകിയുടെ ഭര്‍ത്താവിന്‍റെ സ്വകാര്യദൃശ്യങ്ങളും സംഭാഷണങ്ങളും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പകര്‍ത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. സംഭവുമായി ബന്ധപ്പെട്ട് ആലപ്പുഴ വണ്ടാനം പുതുവാള്‍ വീട്ടില്‍ എസ് അജിത്തിനെ (32) എളമക്കര പൊലീസ് അറസ്റ്റ്ചെയ്‌തു. ആലപ്പുഴയിലെ പുതുതലമുറ ബാങ്കില്‍ വായ്‌പ സെക്‌ഷനിലെ മാനേജരാണ് എംബിഎ ബിരുദധാരിയായ അജിത്ത്. എളമക്കര സ്വദേശി അദ്വൈതിന്റെ പരാതിയിലാണ് കേസ‌്. ഇയാളുടെ ഭാര്യയും കേസില്‍ പ്രതിയാകും. സംസ്ഥാനത്ത് മൊബൈല്‍ ആപ്പ് വഴി തട്ടിപ്പ‌് നടത്തിയതിന്റെ ആദ്യ കേസാണിത‌്.


ഗള്‍ഫില്‍ ജോലിക്കാരനായിരുന്ന അദ്വൈത് അഞ്ചുമാസം മുമ്ബാണ് നാട്ടിലെത്തിയത്. ഇയാളും ഭാര്യയും തമ്മില്‍ സ്ഥിരമായി വഴക്കായിരുന്നുവെന്ന‌് പൊലീസ‌് പറഞ്ഞു. ഇരുവരുടെയും പരാതിയില്‍ എളമക്കര പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി സംസാരിച്ചിരുന്നു. ഇതിനിടെയാണ് ഭര്‍ത്താവിന്റെ നീക്കങ്ങള്‍ മനസ്സിലാക്കാന്‍ മൊബൈല്‍ അപ്ലിക്കേഷനിലൂടെ യുവതിയും അജിത്തും സ്വകാര്യനിമിഷങ്ങള്‍ പകര്‍ത്തിയത്. അദ്വൈതിന്റെ അക്കൗണ്ടിലെ ഏഴുലക്ഷം രൂപ നഷ്ടപ്പെട്ടതോടെയാണ‌് ഇരുവരും വഴക്കാരംഭിക്കുന്നത‌്. തുടര്‍ന്ന‌് ഭാര്യ എളമക്കരയിലെ വീട്ടില്‍നിന്ന് കുട്ടിയുമായി അമ്ബലപ്പുഴയിലെ സ്വന്തംവീട്ടിലേക്ക് പോയി. ഏഴുലക്ഷം രൂപ പ്രതി അജിത്തിനാണ് നല്‍കിയതെന്നാണ് പ്രാഥമികനിഗമനം. അദ്വൈതിന്റെയും പ്രതിയുടെയും ഫോണുകള്‍ പൊലീസ‌് പരിശോധിച്ച‌ുവരികയാണ്.


'ട്രാക്ക് വ്യൂ' എന്ന അപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഭാര്യയും കാമുകനും അദ്വൈതിന്റെ ദൃശ്യങ്ങളും സംഭാഷണങ്ങളും പകര്‍ത്തിയത്. ട്രാക്ക് വ്യൂ എന്ന സൈറ്റില്‍നിന്ന് ആപ്ലിക്കേഷന്‍ അജിത്ത് ഡൗണ്‍ലോഡ് ചെയ്‌തു. ഇതിനുശേഷം യുവതി കൊണ്ടുവന്ന രണ്ടു മൊബൈല്‍ ഫോണുകളില്‍ അപ്ലിക്കേഷന്‍ ഇന്‍സ്‌റ്റാള്‍ ചെയ്‌തു. പിന്നീട് സ്വന്തം ജി﹣മെയില്‍ അക്കൗണ്ടിലൂടെ നിയന്ത്രിക്കാന്‍ സംവിധാനമൊരുക്കി. ഇതില്‍ ഒരു മൊബൈല്‍ഫോണ്‍ യുവതി ഭര്‍ത്താവിന് നല്‍കി. മറ്റേത് യുവതിയും ഉപയോഗിച്ചു. ഇടയ്‌ക്കിടയ്‌ക്ക് മൊബൈല്‍ഫോണ്‍ പരസ്പരം കൈമാറുന്ന ശീലം ഇരുവര്‍ക്കുമുണ്ടായിരുന്നു. അതിനാല്‍ സംശയമുണ്ടായില്ല. മൊബൈല്‍ഫോണില്‍ ഇന്റര്‍നെറ്റ് സൗകര്യമുണ്ടെങ്കില്‍ ഇരുവശത്തേയും ക്യാമറകള്‍ പ്രവര്‍ത്തിക്കും. ആരൊടെങ്കിലും ഫോണ്‍വഴിയല്ലാതെ സംസാരിച്ചാല്‍പാേലും സംഭാഷണങ്ങള്‍ റെക്കോഡ‌് ആകുന്നതാണ‌് ട്രാക്ക് വ്യൂവിന്റെ പ്രത്യേകത. അദ്വൈതിന്റെ ഓരോ നീക്കവും ഭാര്യയും അജിത്തും അപ്പപ്പോള്‍ മൊബൈലില്‍ കണ്ടുകൊണ്ടിരുന്നു.


മാസങ്ങള്‍ക്കുമുമ്ബ് ഇരുവരും വഴക്കിട്ടപ്പോള്‍ താന്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം ഭാര്യ വിളിച്ചുപറയുന്നത് അദ്വൈതില്‍ സംശയമുണ്ടാക്കി. അദ്വൈത് എവിടെയാണ്, ആരോടൊപ്പമാണ്, എന്ത് സംസാരിച്ചു, എന്ത് കഴിച്ചു തുടങ്ങി സകല വിവരവും പിണങ്ങിപ്പോയ ഭാര്യ ഫോണില്‍ വിളിച്ച്‌ കൃത്യമായി അദ്വൈതിനോട് പറയാന്‍തുടങ്ങി. തന്നെ ആരോ പിന്തുടരുന്നുവെന്ന സംശയത്തില്‍ അയാള്‍ മാനസികമായി തകര്‍ന്നു. എന്നാല്‍, താന്‍മാത്രമുള്ള സ്വകാര്യ സന്ദര്‍ഭങ്ങള്‍വരെ ഭാര്യ ഫോണ്‍ വിളിച്ചുപറഞ്ഞു. കൂടെ അദ്വൈതിന്റെ സ്വകാര്യരംഗങ്ങളുടെ വീഡിയോ ഉണ്ടെന്നും പറഞ്ഞു. ഫോണ്‍ വഴിയാകാം തന്നെ പിന്തുടരുന്നതെന്ന് സംശയം തോന്നിയ അദ്വൈത് വിവരം സുഹൃത്തുക്കളെ അറിയിച്ചു. ഫോണ്‍ പരിശോധിച്ചപ്പോള്‍ ഒരു ആപ്പ് ഒളിഞ്ഞിരിക്കുന്നതായി കണ്ടെത്തി.


മൊബൈല്‍ ഫോണില്‍ ട്രാക്ക് വ്യൂ എന്ന അപ്ലിക്കേഷനിലൂടെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തിയത് സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ‌് കണ്ടെത്തിയത്. എളമക്കര പൊലീസ് കേസ് രജിസ്‌റ്റര്‍ചെയ്‌ത് അജിത്തിനെ പിടികൂടുകയായിരുന്നു. സംഭവത്തിനുപിന്നില്‍ ബ്ലാക്ക് മെയിലിങ‌് ലക്ഷ്യമിട്ടിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.


ആലപ്പുഴയില്‍ യുവതിയുടെ വീടിന് അടുത്താണ് പ്രതിയുടെ താമസം. യുവതിയുടെ ആവശ്യപ്രകാരം സൈറ്റില്‍നിന്ന് കാര്യങ്ങള്‍ മനസിലാക്കി പറഞ്ഞുകൊടുക്കുകമാത്രമാണ് ചെയ്‌തതെന്നാണ് അജിത്ത് പൊലീസിന് നല്‍കിയ മൊഴി. യുവതിക്ക് പ്രീഡിഗ്രി വിദ്യാഭ്യാസംമാത്രമാണുള്ളത്. അടുത്തദിവസം ഇവരെ ചോദ്യംചെയ്യും. ഐടി ആക്ടിലെ സെക്‌ഷന്‍ 66 പ്രകാരമാണ് അജിത്തിനെതിരെ കേസെടുത്തത്. അജിത്തിനെ പിന്നീട‌് ജാമ്യത്തില്‍വിട്ടു. തൃക്കാക്കര അസി. കമീഷണര്‍ പി പി ഷംസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
Share this News Now:
  • Google+
Like(s): 373