04 August, 2018 10:25:09 AM


ആന്ധ്രയില്‍ കരിങ്കല്‍ ക്വാറിയിൽ ശക്തമായ സ്‌ഫോടനം: 10 പേര്‍ കൊല്ലപ്പെട്ടു

കൂടുതലും പാറമട തൊഴിലാളികളാണ് മരിച്ചത്




ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ കരിങ്കല്‍ ക്വാറിയിലുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ആന്ധ്രപ്രദേശിലെ കൂര്‍നൂല്‍ ജില്ലയിലെ ക്വറിയില്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് അതി ഭയങ്കര ശബ്ദത്തോടെ സ്‌ഫോടനമുണ്ടായത്. കൂടുതലും പാറമട തൊഴിലാളികളാണ് മരിച്ചത്. സ്‌ഫോടനത്തില്‍ ചിതറിത്തെറിച്ച പാറകള്‍ക്കിടയില്‍ പെട്ട് നിരവധിയാളുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.


സ്വകാര്യ ഉടമസ്ഥതയിലുള്ള ക്വാറിയിലാണ് സംഭവം. കൂറ്റന്‍ പാറകഷ്ണങ്ങള്‍ തെറിച്ചു. ഇതില്‍ ഒന്ന് പതിച്ചത് തൊഴിലാളികള്‍ വിശ്രമിക്കുന്ന കുടിലുകളില്‍ ഒന്നിലാണ്. ആ സമയത്ത് 30തോളം തൊഴിലാളികള്‍ അവിടെയുണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. മരിച്ചവരില്‍ ഭൂരിഭാഗവും ഒഡീഷ്യ ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ്.


ജലാറ്റിന്‍ സ്റ്റിക് അടക്കമുള്ള സ്‌ഫോടകവസ്തുകള്‍ ഉപയോഗിച്ചാണ് പാറ പൊട്ടിച്ചിരുന്നതെന്ന് തൊഴിലാളികള്‍ പോലീസിനോട് പറഞ്ഞു. സ്‌ഫോടനത്തില്‍ മൂന്നു ട്രാക്ടറുകളും ഒരു ട്രക്കും മറ്റൊരു ഷെഡും പൂര്‍ണമായി കത്തി നശിച്ചു. സമീപഗ്രാമങ്ങളിലേക്കു വരെ സ്‌ഫോടനത്തിന്റെ പ്രകമ്പനമെത്തി. ഒട്ടേറെ വീടുകളുടെ ചുമരുകളില്‍ വിള്ളലുണ്ടായിട്ടുണ്ട്. പലരും ഭൂകമ്പമാണെന്നു കരുതി വീടുവിട്ട് ഇറങ്ങിയോടി.


പാറകഷ്ണങ്ങള്‍ പതിച്ചതിന്‍റെ ആഘോതത്തിലാണ് മരണമേറെയും ഉണ്ടായിരിക്കുന്നത്. രാത്രി വരെ നീണ്ട തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഇനിയും പാറകള്‍ക്കിടയില്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നാണ് തിരയുന്നത്. കുര്‍ണൂല്‍ ജില്ലാ കലക്ടറില്‍ നിന്ന് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു റിപ്പോര്‍ട്ട് തേടി.



Share this News Now:
  • Google+
Like(s): 112