03 August, 2018 01:09:27 PM


ഷഷ്ഠിപൂര്‍ത്തി കഴിഞ്ഞു; ഇനി പിതാവിന്‍റെ വഴിയേ പരമോന്നത നീതിപീഠത്തിലേക്ക്

പിതാവ് കെ.കെ.മാത്യു 1971-76 കാലഘട്ടത്തില്‍ സുപ്രിം കോടതി ജഡ്ജി ആയിരുന്നു
കോട്ടയം: പിതാവിന്‍റെ വഴിയേ ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിലേക്ക് കയറുവാന്‍ തയ്യാറെടുക്കുകയാണ് ജസ്റ്റിസ് കെ.എം ജോസഫ് എന്ന കോട്ടയത്തിന്‍റെ സന്തതി. കോട്ടയത്തിന്‍റെ വാണിജ്യകേന്ദ്രമായിരുന്ന പ്രശസ്ത ഗ്രാമമായ അതിരമ്പുഴയിലെ കുറ്റിയില്‍ തറവാട്ടില്‍ നിന്നും രണ്ടാമത്തെയാളാണ് സുപ്രീം കോടതി ജഡ്ജിയാകുന്നത്. അതും അച്ഛനും മകനും. കെ.എം.ജോസഫിന്‍റെ പിതാവ് കെ.കെ.മാത്യു 1971-76 കാലഘട്ടത്തില്‍ സുപ്രിം കോടതി ജഡ്ജി ആയിരുന്നു. ഷഷ്ഠിപൂര്‍ത്തി ആഘോഷിച്ച പിന്നാലെയാണ് ജസ്റ്റിസ് ജോസഫ് സുപ്രിം കോടതിയിലേക്ക് പടി ചവിട്ടുന്നത്. കഴിഞ്ഞ ജൂണ്‍ 17ന് അദ്ദേഹത്തിന് അറുപത് വയസ് തികഞ്ഞിരുന്നു.


ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഒമ്പതാമത്തെ ചീഫ് ജസ്റ്റീസായ കെ.എം.ജോസഫിനെയും മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയെയുമാണ് കഴിഞ്ഞ ജനുവരിയില്‍ സുപ്രിം കോടതി ജഡ്ജിമാരാകാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തത്. പക്ഷെ മുമ്പ് സംഭവിച്ചതുപോലെ തന്നെ സുപ്രിം കോടതി ജഡ്ജിമാരാകാന്‍ ശുപാര്‍ശ ചെയ്യപ്പെട്ടവരില്‍ നിന്നും ജോസഫിന്‍റെ പേര് വെട്ടി മാറ്റി. ഇന്ദു മല്‍ഹോത്ര പരമോന്നതനീതിപീഠത്തില്‍ എത്തുകയും ചെയ്തു. ഇത് ഏറെ വിവാദമായിരുന്നു. പക്ഷെ ജോസഫിന്‍റെ പേര് നിര്‍ദ്ദേശിച്ച കൊളീജിയം നിലപാടില്‍ ഉറച്ചു നില്‍ക്കുക തന്നെ ചെയ്തു. കെഎം ജോസഫിനേക്കാള്‍ മുതിര്‍ന്ന ജഡ്‌ജിമാര്‍ മറ്റ് കോടതികളിലുണ്ട് എന്നായിരുന്നു കേന്ദ്രത്തിന്‍റെ അന്നത്തെ വിശദീകരണം. കെ.എം ജോസഫിന്‍റെ നിയമനം വൈകുന്നത് സുപ്രീംകോടതിയിലും പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.


ജസ്റ്റീസ് ഠാക്കൂറിന്‍റെ നേതൃത്വത്തിലുള്ള കൊളീജിയമാണ് ആദ്യം ഇദ്ദേഹത്തെ ശുപാര്‍ശ ചെയ്തത്. 2016ല്‍ ഹരീഷ് റാവത്ത് സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പെടുത്തികൊണ്ട് കേന്ദ്ര ഗവണ്മെന്‍റ് എടുത്ത നടപടി ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റീസായിരുന്ന ജോസഫ് അടങ്ങിയ ബഞ്ച് റദ്ദാക്കിയിരുന്നു. ഈ കാരണത്താല്‍ പിന്നീട് ജസ്റ്റീസ് കേഹാര്‍ നേതൃസ്ഥാനത്തെത്തിയ കൊളീജിയം കെ.എം.ജോസഫിന്‍റെ പേര് ലിസ്റ്റില്‍ നിന്നും വെട്ടി. ഏറെ കഴിവുള്ള ജഡ്ജിയായ ജോസഫിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് കൊളീജിയം അംഗമായ ജസ്റ്റിസ് ജെ.ചെലമേശ്വര്‍ രേഖാമൂലം വിയോജനക്കുറിപ്പും നല്‍കിയിരുന്നു.


കെ.എം.ജോസഫിനെ അന്ന് വീണ്ടും ശുപാര്‍ശ ചെയ്തപ്പോള്‍ ഏറെ സന്തോഷിച്ച വീട്ടുകാരെയും അതിരമ്പുഴ ഗ്രാമവാസികളെയും ശരിക്കും നിരാശയിലേക്ക് തള്ളിവിട്ടുകൊണ്ടായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഇദ്ദേഹത്തെ ഒഴിവാക്കിയത്. ഇന്നലെ കേന്ദ്രം നിലപാട് തിരുത്തിയതോടെ ആഹ്ലാദതിമിര്‍പ്പിലാണ് അദ്ദേഹത്തിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും.


പിതാവ് കെ.കെ.മാത്യുവിന്‍റെ പാത പിന്തുടര്‍ന്നാണ്  ജോസഫും അഭിഭാ‍ഷകവൃത്തിയിലേക്ക് കടക്കുന്നത്. സുപ്രിം കോടതിയില്‍ നിന്നും വിരമിച്ച മാത്യു ഡല്‍ഹിയില്‍ പ്രസ് കമ്മീഷന്‍റെയും ലോ കമ്മീഷന്‍റെയും ചെയര്‍മാനായി സേവനമുഷ്ടിക്കുന്ന കാലത്താണ് 1982ല്‍ ജോസഫ് വക്കീല്‍കുപ്പായം അണിയുന്നത്. അതും സീനിയര്‍ അഭിഭാഷകനായ ഭണ്ഡാരിയുടെ ജൂനിയര്‍ ആയി സുപ്രിം കോടതിയില്‍ തന്നെ. രണ്ട് വര്‍ഷത്തിനു ശേഷം കേരളാ ഹൈക്കോടതിയില്‍  അഡ്വ.വര്‍ഗീസ് കളിയത്തിന്‍റെ ജൂനിയറായി പ്രാക്ടീസ് തുടങ്ങി. കളിയത്ത് പിന്നീട് ഹൈക്കോടതി ജഡ്ജി ആയപ്പോള്‍  സ്വന്തം നിലയില്‍ പ്രാക്ടീസ് ആരംഭിച്ചു.


കേരളാ ഹോക്കോടതി ജഡ്ജിയായി ജോസഫ് നിയമിതനായത് 2004 ഒക്ടോബറിലാണ്. 2014 ജൂലൈയില്‍ ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റീസായി സ്ഥാനക്കയറ്റം കിട്ടി. ഇതിനിടെയാണ് ആന്ധ്രാ - തെലുങ്കാന ചീഫ് ജസ്റ്റീസായി സ്ഥലം മാറ്റം വന്നത്. പക്ഷെ ചില സാങ്കേതിക കാരണങ്ങളാല്‍ ചുമതലയേറ്റില്ല. ഇതിനിടെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ കൊളീജിയം ജോസഫിന്‍റെ പേര് സുപ്രിം കോടതി ജഡ്ജിയായി നിര്‍ദ്ദേശിച്ചത്. ജോസഫിനോടൊപ്പം മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരും ഉടന്‍ സുപ്രീംകോടതി ജഡ്‌ജിമാരാകും. ഇവരുടെ നിയമനം ഉടന്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കേന്ദ്രം മൂവരുടെയും പേര് ഉടന്‍ തന്നെ രാഷ്‌ട്രപതിഭവന് കൈമാറുമത്രേ.


അതിരമ്പുഴ കുറ്റിയില്‍ ജസ്റ്റിസ് കെ.കെ. മാത്യുവിന്‍റെയും ചേര്‍ത്തല മൂലേതരകന്‍ കുടുംബാംഗം  അമ്മിണിയുടെയും മൂന്ന് മക്കളില്‍ രണ്ടാമത്തെയാളായ കെ.എം.ജോസഫിന്‍റെ കുടുംബം ഇപ്പോള്‍ എറണാകുളം എസ്.ആര്‍.എം റോഡിലാണ് താമസം. ഭാര്യ - ചേര്‍ത്തല വട്ടക്കാട്ട്ശേരി കുടുംബാംഗം ആന്‍സി. മക്കള്‍ - അഡ്വ.വിനയ് (ഹൈക്കോടതി), ടാനിയ
Share this News Now:
  • Google+
Like(s): 721