03 August, 2018 09:05:20 AM


കെഎം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയാക്കാനുള്ള ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു

തീരുമാനം കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ച ശുപാര്‍ശയില്‍ കൊളീജിയം ഉറച്ചു നിന്നതോടെ





ദില്ലി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയായി ഉയര്‍ത്താനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ച ശുപാര്‍ശയില്‍ കൊളീജിയം ഉറച്ചു നിന്നതോടെയാണ് ശുപാര്‍ശ അംഗീകരിക്കാന്‍ തയ്യാറായത്. പ്രാദേശിക പ്രാതിനിധ്യമെന്ന അഭിപ്രായത്തോട് കൊളീജിയം യോജിച്ചുവെന്നും അതുകൊണ്ട് ജസ്റ്റിസ് ജോസഫിന്റെ ശുപാര്‍ശ അംഗീകരിച്ചത് എന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. കെഎം ജോസഫിനു പുറമെ ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരും സുപ്രിം കോടതി ജഡ്ജിമാരാകും.


ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫിനെയും സീനിയര്‍ അഭിഭാഷക ഇന്ദു മല്‍ഹോത്രയെയും സുപ്രിം കോടതി ജഡ്ജിമാരാക്കാന്‍ ജനുവരി 10 ന് ചേര്‍ന്ന കൊളീജിയമാണ് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. എന്നാല്‍ കൊളീജിയം ശുപാര്‍ശ ചെയ്ത ഇന്ദു മല്‍ഹോത്രയെ ജഡ്ജിയായി നിയമിക്കുകയും ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമന ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ മടക്കുകയുമാണ് ചെയ്തത്.


ശുപാര്‍ശ മടക്കിയ കേന്ദ്ര സര്‍ക്കാര്‍ അഖിലേന്ത്യാ ജഡ്ജസ് സീനിയോറിറ്റി പട്ടികയില്‍ ജസ്റ്റിസ് കെഎം ജോസഫിന്റെ സ്ഥാനം 42 ആണെന്നും അദ്ദേഹത്തേക്കാള്‍ സീനിയറായ 12 ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ നിലവില്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തില്‍ നിന്ന് നിലവില്‍ ഒരു സുപ്രിം കോടതി ജഡ്ജിയും മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ്മാരുമുണ്ടെന്നും ഈ സാഹചര്യത്തില്‍ ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രിം കോടതിയിലേക്ക് ഉയര്‍ത്തിയാല്‍ അത് മേഖലാ പ്രാതിനിധ്യം സംബന്ധിച്ച കീഴ്‌വഴക്കങ്ങളുടെ ലംഘനമാകും എന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ ശുപാര്‍ശകളില്‍ കൊളീയം ഉറച്ചു നിന്നതോടെയാണ് ഇതിനെ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചത്.



Share this News Now:
  • Google+
Like(s): 106