03 August, 2018 08:33:16 AM


ശുദ്ധജല വിതരണം: പാവറട്ടി പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ കയ്യാങ്കളി, അറസ്റ്റ്

പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു




തൃശൂര്‍: പാവറട്ടി പഞ്ചായത്തിൽ വേനൽക്കാലത്ത് ടാങ്കർലോറിയിൽ ശുദ്ധജലം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന അടിയന്തര ഭരണസമിതി യോഗത്തിൽ കയ്യാങ്കളി, ഉപരോധം, അറസ്റ്റ്. കഴിഞ്ഞ ജൂലൈ 11നു നടന്ന ഭരണസമിതി യോഗത്തിൽ ശുദ്ധജല വിതരണത്തിന്റെ 5,85,000 രൂപയുടെ പ്രോജക്ട് അംഗീകരിച്ചതായി മിനിട്സിൽ തീരുമാനമുണ്ട്. എന്നാൽ, തീരുമാനം യോഗത്തിൽ ചർച്ച ചെയ്യാത്തതും ഇല്ലാത്ത തീരുമാനവുമാണെന്ന് ആരോപിച്ചു പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ഇതെ തുടർന്നു തീരുമാനം അജൻഡയിൽ ഉൾപ്പെടാത്തതാണെന്നും പിൻവലിക്കുന്നുവെന്നും ഡിപിസി അംഗീകാരത്തിന് അയയ്ക്കുന്നില്ലെന്നും പഞ്ചായത്ത് സെക്രട്ടറി പ്രതിപക്ഷ അംഗങ്ങൾക്കു രേഖാമൂലം ഉറപ്പ് നൽകിയതോടെയാണ് ഉപരോധം അവസാനിച്ചത്. സെക്രട്ടറി ചട്ടവിരുദ്ധമായി പഞ്ചായത്ത് ഭരണസമിതി യോഗത്തിന്റെ തീരുമാനം പിൻവലിച്ചതിലും തീരുമാനം ഡിപിസിക്കു നൽകാത്തതിലും വിശദീകരണം ആവശ്യപ്പെട്ടാണ് ഇന്നലെ അടിയന്തര യോഗം വിളിച്ചുചേർത്തത്. യോഗം ചേർന്ന് അജൻഡ വായിക്കുമ്പോഴേക്കും ബഹളം തുടങ്ങി. സെക്രട്ടറി എഴുതി തയാറാക്കി കൊണ്ടുവന്ന വിശദീകരണവും വായിക്കാൻ സാധിച്ചില്ല.



Share this News Now:
  • Google+
Like(s): 174