01 August, 2018 08:35:35 AM


പഴയകാലനടി മീനാകുമാരിയുടെ ജന്മദിനം ഇന്ന്; ഓര്‍മ്മപെടുത്തി ഗൂഗിളിന്‍റെ മുഖചിത്രം

39-ാം വയസില്‍ മദ്യപാനം മരണത്തിലേക്ക് നയിച്ച നടിയാണ് മീന




തിരുവനന്തപുരം: പിതാവ് അലി ബക്ഷിന്‍റെ പാത പിന്തുടർന്ന് അഭിനയത്തിലേക്ക് കടന്നു വന്ന പഴയകാല നടി മീനാകുമാരിയുടെ ജന്മദിനമാണ് ഇന്ന്. മഹ്ജബീൻ ബാനോ എന്ന പേര് മാറ്റി ബേബി മീന എന്നാക്കി ഏഴാം വയസ്സിൽ അഭിനയിച്ചു തുടങ്ങിയ മീനാകുമാരിയുടെ ചിത്രമാണ് ഇന്ന് ഗൂഗിള്‍ തങ്ങളുടെ മുഖചിത്രമായി നല്‍കിയിരിക്കുന്നത്. 1939 ലെ ഫർസന്‍റ് ഏ വദൻ ആയിരുന്നു ആദ്യ ചിത്രം. 1940കളിൽ പിന്നെയും ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു. 1949 മുതൽ നായിക പ്രാധാന്യമുള്ള വേഷങ്ങളിൽ അഭിനയിച്ചു തുടങ്ങി.


1952-ലെ ബൈജു ബാവ്ര മീനയുടെ അഭിനയ ജീവിതത്തിലെ ഒരു വഴിത്തിരിവായ ചിത്രമായിരുന്നു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ  പുരസ്കാരവും ലഭിച്ചു. പിന്നീട് 1960 വരെ ധാരാളം ശ്രദ്ധേയമായ വിജയ ചിത്രങ്ങളിൽ അഭിനയിച്ചു. 1962 ൽ മൂന്ന് ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരത്തിനുള്ള നിർദ്ദേശം ലഭിക്കുകയുണ്ടായി. പക്ഷേ, ഈ സമയത്ത് മീനയുടെ സ്വകാര്യ ജീവിതം തന്‍റെ ചില കഥാപാത്രങ്ങളെപ്പോലെ മദ്യത്തിനടിമപ്പെടുകയായിരുന്നു. പിന്നീടും 1966 വരെ മികച്ച ചിത്രങ്ങളിലെ അഭിനയം തുടർന്നു. 1971 ൽ ഗുൽ‌സാറുമായി സുഹൃത്ത്ബന്ധം സ്ഥാപിക്കുകയും അദ്ദേഹത്തിന്‍റെ ആദ്യ സംവിധായക ചിത്രമായ മേരെ അപ്നെ എന്ന ചിത്രത്തിലും അഭിനയിച്ചു.

തന്റെ അഭിനയ കഴിവുകൾ കൂടാതെ മീന കുമാരി ഒരു കവയിത്രി കൂടി ആയിരുന്നു. ഉർദു ഭാഷയിൽ നന്നായി കവിത എഴുതാനുള്ള കഴിവും ഉണ്ടായിരുന്നു. തന്‍റെ അവസാന ചിത്രമായ പക്കീസയുടെ റിലീസിനു ശേഷം കരൾ സംബന്ധമായ രോഗം പിടിപെട്ട് ആശുപത്രിയിലായ മീന കുമാരി 1972 മാർച്ച് 31ന് ലോകത്തോട് വിട പറഞ്ഞു. തന്‍റെ മദ്യപാനമാണ് മീനയെ മരണത്തിലേക്ക് നയിച്ചതെന്ന് പറയപ്പെടുന്നു. മരണ സമയത്ത് സാമ്പത്തികമായി വളരെയധികം കഷ്ടപ്പെടുകയും ചെയ്തിരുന്നു എന്നു പറയുന്നു. മരണശേഷം, വിനോദ് മേഹ്ത 'മീന കുമാരി' എന്ന പേരില്‍ മീനയുടെ ജീവ ചരിത്രം എഴുതിയിരുന്നു.

കുടുംബത്തിലെ മൂന്നാമത്തെ പുത്രിയായി ജനിച്ച മീന ആദ്യകാലത്ത് ഒരു അനാഥമന്ദിരത്തിൽ ഉപേക്ഷിക്കപ്പെട്ടിരുന്നു. പക്ഷേ, സാമ്പത്തിക ബുദ്ധിമുട്ട് മൂലം പിതാവ് ഇങ്ങനെ ചെയ്തതിനു ശേഷം പിന്നീട് മകളെ തിരിച്ചെടൂക്കുകയുണ്ടായി. പിതാവ് അലി ബക്ഷ് ഒരു പാര്‍സി തിയേറ്റർ നടനായിരുന്നു. മാതാവായ പ്രഭാവത്ദേവി, അലി ബക്ഷിന്റെ രണ്ടാമത്തെ ഭാര്യായാവുന്നതിനു മുൻപ് ഒരു സ്റ്റേജ് നടിയായിരുന്നു. പ്രഭാവത്ദേവി വിവാഹത്തിനു ശേഷം പിന്നീട് മുസ്ലീമാവുകയും ഇഖ്ബാൽ ബേഗം എന്ന പേര് സ്വീകരിക്കുകയും ചെയ്തു.



Share this News Now:
  • Google+
Like(s): 65