01 August, 2018 07:06:03 AM


ഭാര്യയെ പെട്രോള്‍ ഒഴിച്ചു കത്തിക്കാന്‍ ശ്രമിച്ച ഗൃഹനാഥന്‍ കഴുത്തറുത്തു മരിച്ചു

പാലായിലെ സ്വകാര്യ സ്‌ഥാപനത്തിലെ കാന്‍റീന്‍ ജീവനക്കാരിയാണു മരിച്ച രാധ


പാലാ: ഭാര്യയെ പെട്രോളൊഴിച്ച്‌ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച ഗൃഹനാഥന്‍ ഇരുമ്പ്‌ കട്ടറുപയോഗിച്ചു കഴുത്തറുത്തു മരിച്ചു. കിടങ്ങൂര്‍ കുമ്മണ്ണൂര്‍കടവ്‌ ഭാഗത്ത്‌ പുന്നവേലിപാതയില്‍ മോഹനനാണു (53) മരിച്ചത്‌.

സംഭവത്തെക്കുറിച്ച്‌ പോലീസ്‌ പറയുന്നത്‌- ഇന്നലെ വൈകിട്ട്‌ അഞ്ചിനു മദ്യപിച്ചു വീട്ടിലെത്തിയ മോഹനന്‍ ഭാര്യ രാധയെ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചു കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. തടസംപിടിക്കാനെത്തിയ മൂത്ത മകന്‍ അരുണിനെയും പെട്രോള്‍ ഒഴിച്ചു കത്തിക്കാന്‍ ശ്രമിച്ചു. രാധയും മകനും വീട്ടില്‍നിന്ന്‌ ഓടിരക്ഷപ്പെട്ടു. പുറത്തേക്കു പോയ മോഹനന്‍ വീടിനുപിന്നിലെ ആലയില്‍നിന്ന്‌ ഇരുമ്പ്‌ കട്ടറെടുത്തു കഴുത്തറുക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മോഹനനെ നാട്ടുകാര്‍ പാലാ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ചെമ്പിളാവിലെ കുടുംബവീട്ടില്‍ താമസിച്ചിരുന്ന കാലം മുതല്‍ മോഹനന്‍ ഭാര്യയെ മര്‍ദിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഏഴു വര്‍ഷം മുമ്പാണു കുമ്മണ്ണൂര്‍ കടവുഭാഗത്തേക്കു താമസം മാറ്റിയത്‌. പാലായിലെ സ്വകാര്യ സ്‌ഥാപനത്തിലെ കാന്റീന്‍ ജീവനക്കാരിയാണു രാധ. മോഹനന്‍ ഇന്നലെ രാവിലെ കാന്റീനിലെത്തി ഭാര്യയുമായി വഴക്കുണ്ടാക്കിയിരുന്നു. മോഹനന്റെ മൃതദേഹം പാലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഇളയ മകന്‍: അമല്‍ മോഹന്‍. പാലാ സി.ഐ. രാജന്‍ കെ. അരമന, കിടങ്ങൂര്‍ എസ്‌.ഐ. എം.എച്ച്‌. അനുരാജ്‌ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ്‌ സംഘവും സ്‌ഥലത്തെത്തി




Share this News Now:
  • Google+
Like(s): 96