31 July, 2018 09:19:17 PM


സബ് കളക്ടര്‍ കൈമാറിയ ഭൂമി തിരിച്ചു പിടിച്ചു; ഇനിയിവിടെ പോലീസ് സ്റ്റേഷന്‍

തിരിച്ചെടുത്ത ഭൂമിയില്‍ ഉയരുക അയിരൂർ പൊലീസ് സ്റ്റേഷൻ




വർക്കല: സ്വകാര്യ  വ്യക്തി കൈയ്യേറിയ അയിരൂർ പൊലീസ് സ്റ്റേഷൻ ഭൂമി സർക്കാർ തിരികെ പിടിച്ചതിന്‍റെ ഭാഗമായി ഭൂമി അളന്ന‌് തിരിച്ച‌് കല്ലിട്ടു. ഭൂമിക്ക‌് സംരക്ഷണ വേലി കെട്ടാനുളള നടപടിയും ആരംഭിച്ചു. ഈ സ്ഥലത്ത‌് ഇനി അയിരൂർ പൊലീസ‌് സ‌്റ്റേഷനായി കെട്ടിടമുയരും. അയിരൂർ വില്ലേജിൽ വില്ലിക്കടവ് പാലത്തിന് സമീപം സ്വകാര്യ വ്യക്തി വർഷങ്ങളായി കൈയ്യേറിയ രണ്ട് കോടിയോളം വിലപിടിപ്പുളള ഭൂമി സർക്കാർ ഭൂമിയാണെന്ന് റവന്യൂ അധികൃതർ നേരത്തെ കണ്ടെത്തിയിരുന്നു.

സബ് കലക്ടറായിരുന്ന ദിവ്യ എസ് അയ്യർ നിയമം ലംഘിച്ച‌് വർക്കല താലൂക്ക് തഹസിൽദാരെപ്പോലും അറിയിക്കാതെ ഭൂമി കോൺഗ്രസ‌് കുടുംബാംഗത്തിന‌് കൈമാറിയത‌് ഏറെ വിവാദമായിരുന്നു. സംഭവം വിവാദമായതോടെ ജില്ലാ കലക്ടർ നേരിട്ടെത്തി സ്ഥലം സന്ദർശിക്കുകയും തുടർ പരിശോധനയിൽ പുറമ്പോക്ക് ഭൂമിയാണെന്നും കണ്ടെത്തിയിരുന്നു. കലക്ടറുടെ നിർദേശാനുസരണം ജില്ലാ സർവേ സൂപ്രണ്ടിന്‍റെ നേതൃത്വത്തിലുളള സർവേ സംഘം അളവ് നടത്തിയതിൽ 2017ൽ തഹസിൽദാർ സ്ഥാപിച്ച അതിരടയാളങ്ങൾ ശരിയാണെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ അതിർത്തി കല്ലുകൾ സ്ഥിരപ്പെടുത്തി. അയിരൂർ പൊലീസ് സ്റ്റേഷൻ കെട്ടിടം നിർമിക്കുന്നതിനായി ഈ ഭൂമി വർക്കല തഹസിൽദാർ ഏറ്റെടുത്ത‌് വേലികെട്ടി സംരക്ഷിക്കാനുള്ള പ്രാരംഭ നടപടികളും ആരംഭിച്ചു. 
 
സർവേ നടപടികൾക്ക് ജില്ലാ സർവേ സൂപ്രണ്ട് സലിം, ഹെഡ് സർവേയർ സുരേഷ് എന്നിവർ നേതൃത്വം നൽകി. വർക്കല താലൂക്ക് തഹസിൽദാർ എൻ രാജു, ഡെപ്യൂട്ടി തഹസിൽദാർ എസ് ഷാജി, പി അജിത്ത്, ഉമയനെല്ലൂർ സജീവ്, ഇലകമൺ പഞ്ചായത്ത് പ്രസിഡന്‍റ് വി സുമംഗല, വൈസ് പ്രസിഡന്‍റ് ബി എസ് ജോസ് തുടങ്ങിയവർ പങ്കെടുത്തു. പുറമ്പോക്ക‌് ഭൂമി സ്വകാര്യവ്യക്തിക്ക‌് പതിച്ച‌് നൽകിയത‌് വകുപ്പുതല അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടും തന്‍റെ ഭാഗത്ത‌് വീഴ‌്ചയില്ലെന്ന വാദവുമായി ദിവ്യ എസ‌് അയ്യർ രംഗത്തെത്തിയിരുന്നു.



Share this News Now:
  • Google+
Like(s): 192