31 July, 2018 11:48:47 AM


കേരളത്തില്‍ വീണ്ടും ശക്തമായ മഴ; തിരുവനന്തപുരത്ത് മൂന്ന് ഡാമുകള്‍ തുറന്നു

മലപ്പുറം പാണക്കാട്ട് കടലുണ്ടിപ്പുഴയിലേക്ക് മറിഞ്ഞ കാര്‍ ഒലിച്ചു പോയി



തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും ശക്തമായ മഴ. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് മൂന്ന് ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. നെയ്യാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ മൂന്ന് അടി കൂടി ഉയര്‍ത്തി. അരുവിക്കര ഡാമി‍ന്‍റെ ഷട്ടറുകള്‍ രണ്ടര മീറ്ററും പേപ്പാറ ഡാമിന്‍റെ ഷട്ടറുകള്‍ 40 സെന്‍റീമീറ്ററും ഉയര്‍ത്തി. ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ജോര്‍ജ് കുട്ടി ജോണ്‍ മരിച്ചു.


കൊല്ലത്തും ശക്തമായ മഴ തുടരുകയാണ്. ട്രോളിംഗ് നിരോധനം അവസാനിക്കുന്ന ഇന്ന് കനത്ത മഴ പെയ്യുന്നത് മത്സ്യത്തൊഴിലാളികളെ ആശങ്കയിലാക്കിട്ടുണ്ട്. നാളെ വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 45 കിലോമീറ്റര്‍ ഉയരത്തില്‍ കാറ്റ് വീശും. ഉയര്‍ന്ന തിരമാലകളുമായി കടല്‍ പ്രക്ഷുബ്ധമാകുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. 


ആലപ്പുഴ, കോട്ടയം ജില്ലകളില്‍ വീണ്ടും മഴ പെയ്യുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായി. ഇന്നലെ അര്‍ധരാത്രി മുതല്‍ പെയ്യുന്ന മഴ കോട്ടയം നഗരത്തെയടക്കം വെള്ളത്തിനടിയിലാക്കി. താഴ്ന്ന പ്രദേശങ്ങളില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി. ചങ്ങനാശ്ശേരി താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. തൃശൂരില്‍ തീരദേശ മേഖലകളില്‍ കനത്ത മഴയും കടല്‍ ക്ഷോഭവും ശക്തം. കൊടുങ്ങല്ലൂര്‍, ചാവക്കാട് ഗുരുവായൂര്‍ മേഖലകളില്‍ കടല്‍ ക്ഷോഭം ശക്തമായി.


മലപ്പുറം പാണക്കാട്ട് കനത്ത മഴയ്ക്കിടെ നിയന്ത്രണം വിട്ട് കടലുണ്ടിപ്പുഴയിലേക്ക് മറിഞ്ഞ കാര്‍ ഒലിച്ചു പോയി. കോഴിക്കോട് തലയാട് മണ്ണിടിഞ്ഞ് റോഡിലേക്ക് മണ്ണ് വീണതിനെ തുടര്‍ന്ന് കക്കയത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ 7 പഞ്ചായത്തുകള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ കൊട്ടിയൂര്‍,കേളകം, കണിച്ചാര്‍, തില്ലങ്കേരി, മുഴക്കുന്ന്, കോളയാട്, ചിറ്റാരിപ്പറമ്പ് സ്കൂളുകള്‍ക്കാണ് ഇന്ന് അവധി. 


ആറളം വനത്തിൽ ഉരുൾപൊട്ടി പാലപ്പുഴ പാലത്തിൽ വെള്ളം കയറിയതോടെ കാക്കയങ്ങാട് ആറളം ഫാം കീഴ്‍പ്പള്ളി റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. ആറളം ഫാം വളയംചാൽ തൂക്കുപാലം ഒഴുകിപ്പോയി. പുലർച്ചെയുണ്ടായ കനത്ത മഴയിൽ ചീങ്കണ്ണിപ്പുഴക്ക് കുറുകെയുള്ള തൂക്കുപ്പാലമാണ് ഒഴുകിപ്പോയത്. വയനാട് ജില്ലയില്‍ ഇന്നലെ വൈകുന്നേരം ചെറിയ തോതില്‍ ആരംഭിച്ച മഴ ഇന്ന് രാവിലെയോടുകൂടി ശക്തമായി. ‍മഴ തുടര്‍ന്നാല്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് കോളനികളിലെ വീടുകളിലേക്ക് തിരിച്ചെത്തിയരുടെ ജീവിതം പ്രതിസന്ധിയിലാവും. 




Share this News Now:
  • Google+
Like(s): 221