31 July, 2018 11:46:43 AM


ഇടുക്കിയില്‍ ജലനിരപ്പ് 2395.60 അടി; കക്കി ഡാമിലും ഓറഞ്ച് അലര്‍ട്ട്

കക്കി ഡാമില്‍ ജലനിരപ്പ് 980.50 ആകുമ്പോള്‍ റെഡ് അലര്‍ട്ട്പത്തനംതിട്ട: ഇടുക്കി ചെറുതോണി അണക്കെട്ടിനു പിന്നാലെ പത്തനംതിട്ടയിലെ കക്കി ഡാമിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കക്കി ഡാമിന്‍റെ ജലനിരപ്പ് 980.00 മീറ്റര്‍ കടന്നതിനാല്‍ രണ്ടാം ഘട്ട മുന്നറിയിപ്പ് (ഓറഞ്ച് അലര്‍ട്ട്) പുറപ്പെടുവിക്കുകയായിരുന്നു. ജലനിരപ്പ് 980.50 ആകുമ്പോള്‍ റെഡ് അലര്‍ട്ട് നല്‍കും. ആനത്തോട് ഡാമിന്‍റെ താഴെയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും കക്കി-പമ്പ നദികളുടെ ഇരുകരകളില്‍ താമസിക്കുന്നവരും പമ്പ ത്രിവേണിയിലേക്ക് വരുന്ന തീര്‍ഥാടകരും സമീപവാസികളും പമ്പാനദിയുമായി ബന്ധപ്പെട്ട് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 


അതേസമയം ഇടുക്കി ഡാമില്‍ ജലനിരപ്പ് വീണ്ടുമയുര്‍ന്ന് 2395.60 അടിയിലെത്തി. ഡാമിന്‍റെ വൃഷ്‌ടിപ്രദേശങ്ങളില്‍ മഴ പെയ്യുന്നതിനാല്‍ നീരൊഴുക്കും  കൂടുതലാണ്. ഇന്നലെ ജലനിരപ്പ്  2395 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്ന് കെഎസ്ഇബി അതിജാഗ്രതാ നിര്‍ദ്ദേശം (ഓറഞ്ച് അലര്‍ട്ട്) പ്രഖ്യാപിച്ചിരുന്നു. ഓറഞ്ച് അലര്‍ട്ടിന് പിന്നാലെ ഇടുക്കിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ചെറുതോണി അണക്കെട്ടിന് മുകളില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാം നിയന്ത്രണവിധേയമാണെന്നും അധികൃതര്‍ അറിയിച്ചു. 9496011994 ആണ് കണ്‍ട്രോള്‍ റൂമിലെ നമ്പര്‍.
ജലനിരപ്പ് 2397 അടിയിലെത്തിയാല്‍ 24 മണിക്കൂറിനകം തുറന്നുവിടാന്‍ വൈദ്യുതി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഒറ്റയടിക്ക് ഇടുക്കി  അണക്കെട്ട് തുറക്കുകയില്ലെന്നും  ഘട്ടം ഘട്ടമായി ജനങ്ങള്‍ക്ക് പ്രശ്നമുണ്ടാകാത്ത വിധത്തിലാണ് വെള്ളം തുറന്നുവിടുകയെന്നും വൈദ്യുതി മന്ത്രി എംഎം മണി പറഞ്ഞു. ഡാമിന്‍റെ ഷട്ടറുകള്‍ 40 സെന്‍റീമിറ്റര്‍ ഉയര്‍ത്തിയാണ് ട്രയല്‍ റണ്‍. പരീക്ഷണ തുറക്കലില്‍ ഏതൊക്കെ മേഖലകളിലേക്ക് വെള്ളം എത്താനുള്ള സാധ്യതകളുണ്ടെന്ന് പരിശോധിക്കും. അതിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ സ്വീകരിക്കും. ദുരന്തനിവാരണ സേന, ഫയര്‍ഫോഴ്‌‌‌‌സ് എന്നിവയ്‌‌‌ക്ക് പുറമെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലേയും ഉദ്യോഗസ്ഥര്‍ രാപ്പകല്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചുവരുന്നു. ഓരോ പ്രവര്‍ത്തനവും മുഖ്യമന്ത്രിയുടെ ഓഫീസ് വിലയിരുത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിവരുന്നു.


ഏത് അടിയന്തര സാഹചര്യവും നേരിടാനുമുള്ള സുരക്ഷാ ക്രമീകരണങ്ങളും മുന്‍കരുതലുകളുമെല്ലാം പൂര്‍ത്തിയാക്കി. ദുരന്ത നിവാരണസേനയേയും വിന്യസിച്ചു. സംഭരണിയുടെ പൂര്‍ണതോതിലുള്ള ശേഷി 2403 അടിയാണെങ്കിലും 2400നു മുമ്പേ തുറക്കും. ഇടുക്കി  കലക്ടര്‍ കെ ജീവന്‍ ബാബുവിന്‍റെ നേതൃത്വത്തില്‍ വാഴത്തോപ്പില്‍ അവലോകന യോഗം ചേര്‍ന്നു. 


തിങ്കളാഴ്ച രാവിലെ 2394.58 ആയിരുന്ന ജലനിരപ്പ് രാത്രി ഒമ്പതോടെയാണ്  2495 ലെത്തിയത്. ശേഷിയുടെ 90.27 ശതമാനം. സംഭരണി മേഖലയില്‍ 18.20 മി. മീറ്റര്‍  മഴ ലഭിച്ചു. മൂലമറ്റത്ത് വൈദ്യുതോല്‍പാദനം 15.054 ദശലക്ഷം യൂണിറ്റാണ്. ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടര്‍ തുറക്കേണ്ടി വന്നാല്‍ താഴെ ബാധിക്കുന്ന 25 കി. മീറ്റര്‍ പരിധിയിലുള്ള അഞ്ച് പഞ്ചായത്തുകളില്‍ സര്‍വേ നടത്തി തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. വീടുകളും കടകളും ഉള്ള 200 പേര്‍ക്ക് നോട്ടീസ് നല്‍കി. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങുന്ന സംഘം പെരിയാര്‍ പുഴയുടെ 100  മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരെ നേരില്‍ കണ്ടാണ് അറിയിപ്പ് നല്‍കിയത്.


സംഭരണി തുറന്നാല്‍ നേരിട്ട് ബാധിക്കുന്നത് 40 കുടുംബങ്ങളെ മാത്രമാണ്. ചിലര്‍ സ്വയം ഒഴിഞ്ഞുപോകാനും ബന്ധുക്കളുടെ വീടുകളില്‍ പോകാനും തയ്യാറായിട്ടുണ്ട്. മാറ്റി പാര്‍പ്പിക്കാനും ആവശ്യമായ ഇടം കണ്ടെത്തി. ചെറുതോണി ടൗണ്‍, തടിയമ്പാട്, കരിമ്പന്‍, പനംകുട്ടി, പാംബ്ല എന്നിവിടങ്ങളിലെത്തിയ ഉദ്യോഗസ്ഥസംഘം വെള്ളം തുറന്നുവിട്ടാല്‍ ഒഴുകുന്ന മേഖലയും സന്ദര്‍ശിച്ചു. നിവാസികളെ മാറ്റിപാര്‍പ്പിക്കാന്‍ നാല് കേന്ദ്രങ്ങളും തെരഞ്ഞെടുത്തിട്ടുണ്ട്.


ഷട്ടര്‍ തുറക്കുന്നത് കാണാന്‍ ധാരാളം സന്ദര്‍ശകരാണ് എത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, വെള്ളം ഒഴുകുന്ന അഞ്ച് പഞ്ചായത്തുകളില്‍ സന്ദര്‍ശകരെ വിലക്കി.   അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി വെള്ളം സുഗമമായി പരന്നൊഴുകുന്നതിന് പെരിയാര്‍ തീരങ്ങള്‍ ജെസിബി ഉപയോഗിച്ച് വൃത്തിയാക്കി. ദേശീയ ദുരന്തസേനയുടെ 46 അംഗ സംഘം ചെന്നൈ ആരക്കോണത്തുനിന്നാണ് ഇടുക്കിയിലെത്തിയത്. ക്യാപ്ടന്‍ പി കെ മീനയുടെ നേതൃത്വത്തില്‍ ഏഴു മലയാളികളടങ്ങുന്ന സംഘം ഏത് സാഹചര്യത്തിലും സുരക്ഷയൊരുക്കുന്നതിന് പരിശീലനം ലഭിച്ചവരാണ്. സുരക്ഷയ്ക്കുള്ള ഉപകരണങ്ങളുമായിട്ടാണ് ഇവര്‍ എത്തിയിരിക്കുന്നത്.
Share this News Now:
  • Google+
Like(s): 336