31 July, 2018 07:42:46 AM


ഇടുക്കിയില്‍ ജലനിരപ്പ് 2395.26 അടിയായി; 2399 അടിയിലെത്തിയാല്‍ റെഡ് അലേര്‍ട്ട്

റെഡ് അലർട്ട് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകൾ തുറക്കും



ചെറുതോണി: ഇടുക്കി ഡാമിലെ ജലനിരപ്പില്‍ നേരിയ വര്‍ധന. ജലനിരപ്പ് 2395.26 അടിയായി ഉയര്‍ന്നു. ജലനിരപ്പ് 2399 അടിയിലേക്കെത്തിയാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കും. ഇന്നലെ രാത്രിയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395 അടി കടന്നതോടെ ജില്ലാ ഭരണകൂടം അതീവ ജാഗ്രത നിർദേശമായ ഓറഞ്ച് അലേർട്ട് ഇന്നലെ രാത്രി തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ചെറുതോണി ഡാം തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ജില്ലാ ഭരണകൂടം തുടങ്ങി. ജലനിരപ്പ് 2399 അടിയിലേക്ക് എത്തിയാൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച ശേഷമായിരിക്കും ഡാം തുറക്കുക

ഇന്നലെ രാത്രി 9 മണിയോടെ നടത്തിയ പരിശോധനയിൽ ജലനിരപ്പ് 2395 അടി ആയെന്ന് കെഎസ്ഇബി ഡാം സേഫ്റ്റി വിഭാഗം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകുകയായിരുന്നു. തുടർന്നാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്. ജലനിരപ്പ് 2399 അടിയിലെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും.



പെരിയാറിന്‍റെ അപകട മേഖലയിൽ താമസിക്കുന്നവരെ ഈ ഘട്ടത്തിൽ മാറ്റി പാർപ്പിക്കും. റെഡ് അലർട്ട് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകൾ നിയന്ത്രിതമായി തുറക്കും. ഇതിന് മുന്നോടിയായി 4 മണിക്കൂറോളം ട്രയൽ റൺ നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് ഇന്നലെ കളക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. ഡാം തുറന്നാൽ 4 പഞ്ചായത്തുകളിലെ 200 ഓളം കെട്ടിടങ്ങളെ നേരിട്ട് ബാധിക്കുമെന്നാണ് വിലയിരുത്തൽ. പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കുന്നതിന് ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. സമീപ ജില്ലയായ എറണാകുളത്തും മുന്നൊരുക്കങ്ങൾ നടക്കുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേന, പൊലീസ്, ഫയർഫോഴ്സ് എന്നിവയെ വിവിധ കേന്ദ്രങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. വിവിധ സൈനിക വിഭാഗങ്ങളുടെ സഹായവും തേടിയിട്ടുണ്ട്



Share this News Now:
  • Google+
Like(s): 105