30 July, 2018 09:38:09 PM


അനിശ്ചിതത്വത്തിന് വിരാമം: പി.എസ്.ശ്രീധരന്‍പിള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍

സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്ത് ശ്രീധരന്‍പിള്ളയ്ക്ക് ഇത് രണ്ടാമൂഴംദില്ലി: പി എസ് ശ്രീധരന്‍പിള്ളയെ ബിജെപി സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്ത് ശ്രീധരന്‍പിള്ളയ്ക്ക് ഇത് രണ്ടാമൂഴമാണ്‌. ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്‌. കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി നിയമിതനായതോടെയാണ് കേരളത്തിലെ ബി ജെ പി അധ്യക്ഷസ്ഥാനത്ത്‌ ഒഴിവുണ്ടായത്. വി മുരളീധരന്‍ എം പിക്ക് ആന്ധ്രാപ്രദേശിന്‍റെ അധികചുമതലയും നല്‍കി. 2003- 2006 കാലത്തായിരുന്നു മുമ്പ് ശ്രീധരന്‍പിള്ള സംസ്ഥാന അധ്യക്ഷ പദവി വഹിച്ചിരുന്നത്.


വി. മുരളീധരന്‍, പി.കെ കൃഷ്ണദാസ് പക്ഷങ്ങള്‍ വ്യത്യസ്ത പേരുകള്‍ നിര്‍ദേശിച്ചതോടെ നീണ്ട തര്‍ക്കത്തിനൊടുവിലാണ് ഇരു ഗ്രൂപ്പിലും പെടാത്ത ശ്രീധരന്‍പിള്ളയെ തന്നെ അധ്യക്ഷനാക്കാന്‍ നേതൃത്വം തീരുമാനിച്ചത്‌. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, പി.കെ കൃഷ്ണദാസ്, എ എന്‍ രാധാകൃഷ്ണന്‍, എം.ടി. രമേശ് തുടങ്ങിയവര്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് തീരുമാനത്തിലെത്താന്‍ സാധിച്ചിരുന്നില്ല. 


കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണറായ ഒഴിവില്‍ പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ സംസ്ഥാനത്തെ നേതാക്കളുമായി കേന്ദ്ര നേതൃത്വം നടത്തിയ ചര്‍ച്ചയില്‍ ഏകാഭിപ്രായമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ ദേശീയനേതൃത്വം സമാന്തരമായി നടത്തിയ വിലയിരുത്തലിലാണ് ശ്രീധരന്‍ പിള്ളയ്ക്ക് മുന്‍തൂക്കം ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി രാംലാല്‍ ഉള്‍പ്പെടെയുള്ളവരുമായി ദേശീയാധ്യക്ഷന്‍ അമിത്ഷാ ചര്‍ച്ച നടത്തിയിരുന്നു. 


സംസ്ഥാന ഉപാധ്യക്ഷന്‍, സെക്രട്ടറി, കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ എന്നീ നിലകളിലും ശ്രീധരന്‍ പിള്ള പാര്‍ട്ടിയെ നയിച്ചിട്ടുണ്ട്. ഇപ്പോള്‍ ദേശീയ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമാണ്. അഭിഭാഷകനും എഴുത്തുകാരനുമായ പിള്ള എ.ബി.വി.പി പ്രവര്‍ത്തനത്തിലൂടെ പൊതു രാഷ്ട്രീയത്തിലെത്തി. ആലപ്പുഴ ജില്ലയിലെ വെണ്മണി പഞ്ചായത്തില്‍ ജനിച്ചു. വി.ജി. സുകുമാരന്‍ നായര്‍, ഭവാനി അമ്മ എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ റീത അഭിഭാഷകയാണ്. മകന്‍ അര്‍ജ്ജുന്‍ ശ്രീധര്‍ (ഹൈക്കോടതി അഭിഭാഷകന്‍), മകള്‍ ഡോ. ആര്യ. (വെണ്മണി മാര്‍ത്തോമ്മാ ഹൈസ്‌കൂള്‍) 


പന്തളം എന്‍എസ്എസ് കോളേജ്, കോഴിക്കോട് ഗവണ്മെന്‍റ് ലോ കോളേജ് എന്നിവിടങ്ങളിലാണ് ശ്രീധരന്‍ പിള്ള വിദ്യാഭ്യാസം നടത്തിയത്. അറുപതുകളില്‍ വെണ്മണിയിലെ ആര്‍എസ്എസ് ശാഖയിലൂടെ പൊതുപ്രവര്‍ത്തനത്തിലേക്കും തുടര്‍ന്ന് ജനസംഘത്തിന്‍റെ വെണ്മണി സ്ഥാനീയസമിതി സെക്രട്ടറിയായി രാഷ്ട്രീയത്തിലും എത്തി. കോഴിക്കോട് ലോ. കോളേജ് യൂണിയന്‍ വൈസ് ചെയര്‍മാന്‍, 12 കൊല്ലത്തോളം കോഴിക്കോട് സര്‍വ്വകലാശാല സെനറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.  തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെയുള്ള ജില്ലാ കോടതികളിലും ഹൈക്കോടതിയിലുമായി അഭിഭാഷക വൃത്തി ചെയ്തുവരുന്നു. 


ജന്മഭൂമി മുന്‍ മാനേജിങ്ങ് എഡിറ്റര്‍, അഞ്ച് പത്രങ്ങളിലെ സ്ഥിരം പംക്തി എഴുത്തുകാരന്‍, കായിക സംഘടനകളുടെ ഭാരവാഹി, മനുഷ്യാവകാശ സംഘടനാ നേതാവ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. എട്ട് സാഹിത്യ അവാര്‍ഡുകള്‍ ഉള്‍പ്പെടെ 27 അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ജനസംഘത്തിന്‍റെ യുവവിഭാഗമായ യുവസംഘം സംസ്ഥാന കണ്‍വീനറായിരുന്നു. എബിവിപി, യുവമോര്‍ച്ച തുടങ്ങിയ സംഘടനകളുടെ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ലക്ഷദ്വീപില്‍ ബിജെപിയുടെ സ്ഥാപകനാണ്. രാഷ്ട്രീയക്കാരന്‍ എന്നതിലുപരി നൂറു പുസ്തകങ്ങള്‍ രചിച്ച എഴുത്തുകാരന്‍ എന്ന കീര്‍ത്തിയും പിള്ളയ്ക്ക് സ്വന്തം
Share this News Now:
  • Google+
Like(s): 342