30 July, 2018 05:50:51 PM


ഇടുക്കി ഡാമില്‍ ജലനിരപ്പ് 2395 അടിയായി: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

ഡാമിലെ ജലനിരപ്പ് 2397 അടിയായി ഉയര്‍ന്നാല്‍ ട്രയല്‍ റണ്‍ നടത്തും




പൈനാവ്: ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയായതോടെ കെ എസ് ഇ ബി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അണക്കെട്ടിന്‍റെ പരമാവധി ജലവിതാന നിരപ്പ് 2403 അടിയാണ്. ജലനിരപ്പ്  2395 അടിയെത്തുമ്പോള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുമെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

പെരിയാര്‍ തീരത്തുള്ള ആയിരത്തോളം ആളുകളെ 12 ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിക്കും. റവന്യൂ, കെഎസ്ഇബി, ജലസേചനം തുടങ്ങിയ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ക്കൊപ്പം തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പഞ്ചായത്ത് അടിസ്ഥാനത്തില്‍ പെരിയാറിന്‍റെ തീരത്തെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി വരികയാണ്. ഡാം തുറന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു വ്യക്തമാക്കി.


ജില്ലാ ഭരണകൂടം പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ ഏകോപിപ്പിക്കുകയാണെന്നും യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഡാം സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 2397 അടിയായി ഡാമിലെ ജലനിരപ്പ് ഉയര്‍ന്നാല്‍ മാത്രം ട്രയല്‍ റണ്‍ നടത്തിയേക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ ഇന്ന് വൈകിട്ടോടെ ജില്ലാ കലക്ടര്‍ക്കും എംഎല്‍എമാര്‍ക്കും പെരിയാര്‍ തീരത്തെ ജനവാസമേഖലയെ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.




Share this News Now:
  • Google+
Like(s): 175