30 July, 2018 12:05:06 PM


പെരുമ്പാവൂരില്‍ കോളേജ് വിദ്യാര്‍ഥിനിയെ ഇതരസംസ്ഥാന തൊഴിലാളി കഴുത്തറുത്ത് കൊന്നു

കൊല്ലപ്പെട്ടത് വാഴക്കുളം എംഇഎസ് കോളേജ് ഡിഗ്രി വിദ്യാര്‍ഥിനി നിമിഷ




കൊച്ചി: പെരുമ്പാവൂരില്‍ കോളേജ് വിദ്യാര്‍ഥിനിയെ ഇതരസംസ്ഥാന തൊഴിലാളി കഴുത്തറുത്ത് കൊന്നു. വാഴക്കുളം എംഇഎസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ഥിനി നിമിഷ (21) യാണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയായിരുന്നു കൊലപാതകമെന്നാണ് നാട്ടുകാരുടെ മൊഴി.

വാഴക്കുളം ഇടത്തിക്കാടാണ് രാവിലെ പത്തര മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അന്തിനാട്ട് തമ്പിയുടെ മകള്‍ നിമിഷയാണ് കൊല്ലപ്പെട്ടത്. വീട്ടിലെത്തിയ ഇതരസംസ്ഥാന തൊഴിലാളിയുടെ മോഷണശ്രമം തടയുന്നതിനിടെയാണ് നിമിഷയ്ക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണം തടയാന്‍ ശ്രമിക്കുമ്പോള്‍ പിതാവിനും കുത്തേറ്റു. ബഹളം കേട്ട് ഓടിവന്ന് രക്ഷിക്കാന്‍ ശ്രമിച്ച അയല്‍വാസിക്കും നിമിഷയുടെ അച്ഛന്‍റെ സഹോദരനും പരിക്കേറ്റിട്ടുണ്ട്.

വീടിന് സമീപം ജോലി ചെയ്യുകയായിരുന്ന ലോഡിംഗ് തൊഴിലാളികളാണ് നിമിഷയെ ആശുപത്രിയിലേക്ക് എത്തിച്ചത്. കഴുത്തിന് വെട്ടേറ്റ നിമിഷ ആശുപത്രിയിലെത്തി അല്പസമയത്തിനകം മരിച്ചു. ഓടി രക്ഷപെടാന്‍ ശ്രമിച്ച അക്രമിയെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശിയായ ബിജു എന്നയാളാണ് പിടിയിലായത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 



Share this News Now:
  • Google+
Like(s): 425