28 July, 2018 04:06:14 PM


രാത്രിയായാല്‍ ഏറ്റുമാനൂര്‍ ട്രാന്‍. സ്റ്റാന്‍റില്‍ യാത്രക്കാര്‍ക്ക് കൂട്ട് ഇരുട്ടും നായ്ക്കളും

രാവിലെ ആറ് മുതല്‍ രാത്രി പത്ത് വരെയെന്ന ഡ്യൂട്ടി സമയം പാലിക്കപ്പെടുന്നില്ല
ഏറ്റുമാനൂര്‍: സന്ധ്യ മയങ്ങിയാല്‍ ഏറ്റുമാനൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍റ് നാഥനില്ലാകളരിയാകുന്നു. വിളക്കുകളെല്ലാം കെടുത്തി സ്റ്റേഷന്‍ മാസ്റ്റര്‍ സ്ഥലം കാലിയാക്കുന്നതോടെ സ്റ്റാന്‍റിലെത്തുന്ന യാത്രക്കാര്‍ക്ക് തുണ ബസില്‍ നിന്നും പൊതുവഴിയിലെ വഴിവിളക്കില്‍ നിന്നും ലഭിക്കുന്ന വെളിച്ചം. സ്റ്റാന്‍റില്‍ നിറയുന്ന അന്ധകാരത്തില്‍ യാത്രക്കാര്‍ ബസില്‍ കയറുന്നത് ജീവന്‍ പണയം വെച്ച്.

തെരുവ് നായ്ക്കളുടെ താവളമാണ് ഏറ്റുമാനൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റും പരിസരവും. ബസില്‍ കയറാനെത്തുന്ന യാത്രക്കാരുടെയിടയിലൂടെ ഓടി നടക്കുന്ന നായ്ക്കളുടെ കടിയേല്‍ക്കാതെ ബസില്‍ കയറിപറ്റുക എന്നത് ഏറെ ശ്രമകരവും. രാവിലെ ആറ് മുതല്‍ രാത്രി പത്ത് വരെ സ്റ്റേഷന്‍ ഡ്യൂട്ടി ഉദ്യോഗസ്ഥന്‍ ഉണ്ടാവേണ്ടതാണ്. ഈ സമയമത്രയും ഇതുവഴി കടന്നുപോകുന്ന ബസുകള്‍ സ്റ്റാന്‍റില്‍ കയറിയിറങ്ങണം. പക്ഷെ ഏഴ് മണി കഴിഞ്ഞാല്‍ പിന്നെ ഡ്യൂട്ടിയില്‍ ആളുണ്ടാവില്ല. ഓഫീസിന് താഴ് വീഴുന്നതിനാല്‍ ബസിനെ കുറിച്ചുള്ള വിവരങ്ങളറിയാന്‍ യാത്രക്കാര്‍ക്ക് മാര്‍ഗവുമില്ല. 


സ്റ്റേഷന്‍ ചാര്‍ജുള്ള ഉദ്യോഗസ്ഥന്‍ രാവിലെ ആറ് മണിക്ക് എത്തേണ്ടതാണെങ്കിലും പലപ്പോഴും ഉച്ചയോടെ മാത്രമേ വരാറുള്ളു എന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ ദിവസം ഏഴു മണിയോടെ സ്റ്റാന്‍റില്‍ ഇരുട്ട് നിറഞ്ഞ് തെരുവു നായ്ക്കളുടെയിടയില്‍ നിന്ന് വിഷമിക്കുന്ന യാത്രക്കാരെ കണ്ട് എത്തിയ പരിസരവാസികള്‍ക്ക് കാണാനായത് ജീവനക്കാര്‍ ലൈറ്റും കെടുത്തി ഓഫീസ് പൂട്ടി പോയതാണ്. രാത്രി പത്ത് വരെയാണല്ലോ ഡ്യൂട്ടി സമയം എന്ന് പിന്നീട് ചോദിച്ചപ്പോള്‍ തങ്ങള്‍ക്ക് അങ്ങനെ സര്‍ക്കുലറുകളൊന്നും കിട്ടിയിട്ടില്ലാ എന്നും 12 മുതൽ 6 വരെയാണ് ഡ്യൂട്ടി ടൈം എന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞുവത്രേ. സ്റ്റേഷന്‍ ചാര്‍ജുള്ള ഉദ്യോഗസ്ഥന്‍ സമയനിഷ്ട പാലിക്കുന്നില്ലെങ്കില്‍ ഗുരുതരവീഴ്ചയാണെന്നും അതേകുറിച്ച് അന്വേഷണം നടത്തുമെന്നും കെ.എസ്.ആര്‍.ടി.സി സെന്‍ട്രല്‍ സോണല്‍ ട്രാഫിക് ഓഫീസര്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

യാത്രക്കാര്‍ക്ക് അസൗകര്യങ്ങള്‍  മാത്രം നല്‍കികൊണ്ടാണ് ഏറ്റുമാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍റ് തുടക്കം മുതലേ പ്രവര്‍‍ത്തിക്കുന്നത്. എം.പി.ഫണ്ട് ഉപയോഗിച്ച് കൂടുതല്‍ സൗകര്യങ്ങളോടെ സ്റ്റാന്‍റിന് പുതിയ മന്ദിരം നിര്‍മ്മിച്ചുവെങ്കിലും യാത്രക്കാര്‍ക്ക് ഒരു പ്രയോജനവും ലഭിക്കുന്നില്ല. ബസ് കാത്തിരിപ്പിനായി പ്രത്യേകം സംവിധാനമുണ്ടെങ്കിലും ആരും അത് പ്രയോജനപ്പെടുത്തിന്നില്ല. അശാസ്ത്രീയമായി നിര്‍മ്മിച്ച സ്റ്റാന്‍റില്‍ തോന്നുംവിധം പലയിടത്തായി നിര്‍ത്തുന്ന ബസുകളില്‍ കയറിപ്പറ്റുക എന്നത് ഏറെ ശ്രമകരം. ബസുകള്‍ കാത്തിരിപ്പ് കേന്ദ്രത്തിനോട് ചേര്‍ന്ന് നിര്‍ത്തിയാല്‍ മാത്രമേ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയൂ. അതുകൊണ്ടുതന്നെ വെയിലായാലും മഴയായാലും ബസ് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ തെരുവ്നായ്ക്കളുടെ ശല്യവും സഹിച്ച് നില്‍ക്കുകയാണ് യാത്രക്കാര്‍.   

ഏറ്റുമാനൂര്‍ സ്റ്റാന്‍റിലെത്തുന്ന യാത്രക്കാര്‍ പ്രാഥമികാവശ്യങ്ങള്‍ക്ക് അടുത്തുള്ള ഹോട്ടലുകളെയും ലോഡ്ജുകളെയും ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു ഇതുവരെ. കംഫര്‍ട്ട് സ്റ്റേഷന്‍ ഒരു മാസങ്ങളായി അടച്ചിട്ടിരിക്കുന്നത് കുറെനാള്‍ മുമ്പ് തുറന്നുവെങ്കിലും മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്നില്ല. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേകം ശുചിമുറികള്‍ ഉണ്ട്. പണം നല്‍കി ഉപയോഗിക്കാവുന്ന ഈ ശുചിമുറികള്‍ താഴിട്ട പൂട്ടിയ അവസ്ഥയിലാണ് മിക്കവാറും. വെള്ളമില്ലാത്തതാണ് ശുചിമുറികള്‍ അടച്ചിടാന്‍ കാരണമെന്ന് കരാറുകാരനും അധികൃതരും പറയുന്നു. Share this News Now:
  • Google+
Like(s): 513