28 July, 2018 08:37:39 AM


ഹനാനെതിരായ സൈബർ ആക്രമണം: വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ക്ക് അറസ്റ്റില്‍

നടപടി മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്
കൊച്ചി: ഉപജീവനത്തിനായി മീന്‍ വില്‍ക്കാനിറങ്ങിയ കോളേജ് വിദ്യാര്‍ത്ഥിനി ഹനാനെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോ നല്‍കിയ നൂറുദ്ദീന്‍ ഷെയ്ക്കിനെ കൊച്ചി പോലീസ് പിടികൂടി. ഇയാളെ അസി.കമ്മീഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്. ശനിയാഴ്ച രാവിലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 


മുഖ്യമന്ത്രി പിണറായി വിജയന്‍ ഹനാനെതിരെ നടന്ന സൈബര്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടണമെന്ന് പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. വൈകിട്ട് കോതമംഗലത്ത് ഹനാനെ ചികിത്സിക്കുന്ന ആശുപത്രിയിലെത്തി പോലീസ് അവരുടെ മൊഴിയെടുക്കുകയും ചെയ്തു. 


ഐ.ടി. ആക്ട് ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഐ.ടി. ആക്ട് 67 (ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള അപമാനിക്കല്‍), ഐ.പി.സി. 509 (സ്ത്രീത്വത്തെ അപമാനിക്കല്‍), 34 (പൊതു ഉദ്ദേശ്യം), കേരള പോലീസ് ആക്ട് 120 (ഒ) വിവിധ മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണം തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് നൂറുദ്ദീനെതിരെ കേസെടുത്തിരിക്കുന്നത്.


കൊച്ചിയില്‍ തമ്മനത്ത് ഹനാന്‍ മീന്‍ വില്‍ക്കുന്ന സ്ഥലത്തെത്തി നൂറുദ്ദീന്‍ ഷെയ്ക്ക് വിവരങ്ങള്‍ മനസിലാക്കിയിരുന്നു. തുടര്‍ന്നാണ് ഹനാനെ അപമാനിക്കുന്ന തരത്തില്‍ ഫെയ്‌സ്ബുക്കില്‍ ഇയാള്‍ ലൈവ് വീഡിയോ നല്‍കിയത്. എല്ലാം പരിശോധിച്ചെന്നും ഒരു സിനിമയുടെ പ്രമോഷനു വേണ്ടിയാണ് ഹനാന്‍ മീന്‍ വിറ്റതെന്നും, മാധ്യമങ്ങളും അതില്‍ പങ്കാളികളാകുകയായിരുന്നുവെന്നുമാണ് ഇയാള്‍ ആരോപിച്ചത്.


ഈ വീഡിയോ പുറത്തു വന്നതോടെയാണ് അതുവരെ ഹനാനെ പിന്തുണച്ച് പോസ്റ്റുകള്‍ നിറഞ്ഞ സോഷ്യല്‍ മീഡിയയില്‍ അപവാദ പ്രചരണങ്ങളും അധിക്ഷേപങ്ങളും നിറഞ്ഞത്. അത്തരമൊരു പോസ്റ്റിടാന്‍ നൂറുദ്ദീന്‍ ഷെയ്ക്കിനുണ്ടായ പ്രേരണയെന്താണെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സമാനമായി പോസ്റ്റിട്ടവര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.


നേരത്തെ ഹനാനെതിരെ സൈബർ ആക്രമണം നടത്തിയവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഹനാന് പിന്തുണ അറിയിച്ച മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമായിരുന്നു പൊലീസ് നടപടി. സാമ്പത്തിക പ്രതിസന്ധി കാരണം കോളേജ് വിദ്യാർത്ഥിയായ ഹനാൻ മീൻവില്പനക്കിറങ്ങിയത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഇതിനെ തുടർന്നാണ് ഹനാന്‍റെ ജീവിത പശ്ചാത്തലത്തെ ബന്ധിപ്പിച്ച് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടന്നത്. 


ഹനാന്‍റെ അവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടു. കേരളം മുഴുവൻ ഹനാനെ പിന്തുണക്കണമെന്നും പൊലീസിനോട് അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആവശ്യമായ സംരക്ഷണം നൽകാൻ എറണാകുളം ജില്ലാ കളക്ടറോടും നിർദ്ദേശിച്ചു. ഇതേതുടർ‌ന്ന് ഉച്ചയോടെ ​ഹനാനിൽ നിന്ന്  പാലാരിവട്ടം പൊലീസ് മൊഴിയെടുത്തു. നൂറുദീൻ ഉൾപ്പടെ നിരവധി പേർക്കെതിരെ ഐടി ആക്ട് ചുമത്തി പൊലീസ് കേസെടുത്തിരുന്നു. മറ്റുള്ളവരുടെ ഫെയ്സ്ബുക്ക് ഐഡികൾ സൈബർ സെല്ലിന്‍റെ സഹായത്തോടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.


ഐടി ആക്ട് ചുമത്തിയ സാഹചര്യത്തിൽ അന്വേഷണസംഘവും വരും ദിവസങ്ങളിൽ വിപുലീകരിക്കും. ഇതിനിടെ ഹനാന്നെതിരായ സൈബർ ആക്രമണത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഡിജിപിയോടും ജില്ലാ കളക്ടറോടും എസ് പിയോടും റിപ്പോർട്ട് ആവശ്യപ്പെട്ടു. 7 ദിവസത്തിനകം റിപ്പോർട്ട് നല്കാനാണ് നിർദ്ദേശം. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കോതമംഗലത്തെ ആശുപത്രിയിൽ ചികിത്സയിലാണ് ഹനാനിപ്പോോൾ. കൊച്ചി നഗരസഭ അനുവദിച്ച കിയോസ്കുമായി തമ്മനത്ത് തന്നെ മീൻവില്പന തുടരാനാണ് ആഗ്രഹമെന്ന് ഹനാൻ അറിയിച്ചു.Share this News Now:
  • Google+
Like(s): 455