26 July, 2018 03:05:27 PM


നവീകരണം പൂര്‍ത്തിയായി നാല് മാസം തികയും മുമ്പേ എം.സി.റോഡില്‍ വന്‍ഗര്‍ത്തങ്ങള്‍

റോഡ് നിര്‍മ്മാണത്തില്‍ വന്‍ അഴിമതി നടന്നതായി ആരോപണം
കോട്ടയം: ആധുനികരീതിയില്‍ നവീകരണം പൂര്‍ത്തിയായി മൂന്ന് മാസം തികയുംമുമ്പേ എം.സി.റോഡില്‍ അഗാധഗര്‍ത്തങ്ങള്‍. റോഡ്‌ നിര്‍മ്മാണം സംബന്ധിച്ചു ഒട്ടേറെ പരാതികള്‍ നിലനില്‍ക്കെയാണ് അതെല്ലാം ശരിയെന്നു തെളിയിച്ചു റോഡ്‌ കുളമായി മാറിയത്. ഏറ്റുമാനൂര്‍ പോസ്റ്റ്‌ ഓഫീസിനു മുന്നിലാണ് ചെറുതും വലുതുമായ അഞ്ചോളം ഗര്‍ത്തങ്ങള്‍ രൂപം കൊണ്ടത്‌. സെന്‍ട്രല്‍ ജംഗ്ഷനില്‍ പോലീസ് സ്റ്റേഷന്‍റെ മുന്നില്‍ റോഡ് വിണ്ടു കീറിയ  നിലയിലുമാണ്. ഏറ്റുമാനൂരിനും തെള്ളകത്തിനും മധ്യേ ഒട്ടേറെ സ്ഥലങ്ങളില്‍ വെള്ളകെട്ടും മാറാത്ത സ്ഥിതിയാണ്.

പോസ്റ്റ് ഓഫീസിന് മുന്നില്‍ വന്‍കുഴികള്‍ രൂപം കൊണ്ടത് ദിവസങ്ങളോളം അങ്ങിനെ തന്നെ കിടന്നു. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ വാഹനങ്ങള്‍ കുഴികളില്‍  വീണ് അപകടങ്ങളുമുണ്ടായി. എന്നിട്ടും കുഴികള്‍ മൂടാനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല എന്നാണ് നാട്ടുകാരുടെ പരാതി. അവസാനം കുറെ കല്ലും മണ്ണും വാരിയിട്ടെങ്കിലും കാര്യമായ  പ്രയോജനമുണ്ടായില്ല.  വീണ്ടും കുളമായി തന്നെ മാറി റോഡ്. റോഡ് നിര്‍മ്മാണത്തിലെ അപാകതയാണ് കുഴികള്‍ രൂപപ്പെടാന്‍ കാരണമായി വിദഗ്ധര്‍ ചൂണ്ടികാട്ടുന്നത്. എന്നാല്‍ കനത്ത മഴയില്‍ വെള്ളം കെട്ടി കിടന്നതാണ് റോഡ് പൊളിയാന്‍ കാരണമായതായി കെ.എസ്.ടി.പി അധികൃതര്‍ പറയുന്നത്. ഏത് വലിയ റോഡും ഉപരിതലത്തില്‍ വെള്ളം കെട്ടി കിടക്കുന്ന അവസ്ഥ ഉണ്ടായാല്‍ പൊളിയുമെന്നാണ് അധികൃതരുടെ വാദം. 

എന്നാല്‍ ഇത്തരം പ്രശ്നങ്ങളെ അതിജീവിക്കുക എന്ന ലക്ഷ്യത്തോടെയാണ് പഴയ റോഡ് പൂര്‍ണ്ണമായി പൊളിച്ചു നീക്കി ആധുനികരീതിയില്‍ നവീകരണം നടത്തിയത്. നേരത്തെ വെള്ളകെട്ട് അനുഭവപ്പെട്ടിരുന്ന പ്രദേശങ്ങളില്‍ റോഡ് ഉയര്‍ത്തിയതോടൊപ്പം കലുങ്കും ഓടകളും പുതുതായി നിര്‍മ്മിക്കുകയും ചെയ്തിരുന്നു. ഈ മൂന്ന് കാര്യങ്ങളും കൃത്യമായി ചെയ്ത ഭാഗത്താണ് ഇപ്പോള്‍ റോഡില്‍ അഗാധഗര്‍ത്തങ്ങള്‍  രൂപം കൊണ്ടത്. ടൗണില്‍ പണിത ഓടകള്‍ നീരൊഴുക്ക് സുഗമമാകുന്ന രീതിയിലല്ല എന്ന് നിര്‍മ്മാണസമയത്ത് തന്നെ ചൂണ്ടികാണിക്കപ്പെട്ടിരുന്നു. നീരൊഴുക്കിന്‍റെ ദിശയ്ക്കനുസരിച്ചായിരുന്നില്ല പലയിടത്തും ഓടയുടെ നിര്‍മ്മാണം നടന്നത്. മഴ പെയ്തപ്പോല്‍ വെള്ളമൊഴുകാതെ കെട്ടികിടന്നതിന്‍റെ കാരണവും ഇതുതന്നെയായിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല.തുഗ്ലക് പരിഷ്കാരവുമായി റോഡ് പണികള്‍ പുരോഗമിക്കവെ ഉയര്‍ന്ന പരാതികള്‍ പലതും പരിഹരിക്കാതെയാണ്  പല ഘട്ടങ്ങളായുള്ള നവീകരണം പൂര്‍ത്തീകരിക്കപ്പെട്ടത്. ഏറ്റുമാനൂര്‍ പട്ടിത്താനം മുതല്‍ ചെങ്ങന്നൂര്‍ വരെയും പട്ടിത്താനം മുതല്‍ മൂവാറ്റുപുഴ വരെയും രണ്ട് റീച്ചുകളായാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. എം.സി.റോഡിലെ പ്രധാന ജംഗ്ഷനായ പട്ടിത്താനത്ത് തന്നെ പല തവണ പൊളിച്ചും നിര്‍മ്മിച്ചും നടന്ന നവീകരണം പൂര്‍ത്തിയായിട്ടും അപകടസാദ്ധ്യത ഒഴിവാക്കാനായില്ല. ടൗണിലെ വ്യാപാരികള്‍ക്കുവേണ്ടി നിര്‍മ്മാണവേളയില്‍ റോഡ് പലവട്ടം പൊക്കുകയും താഴ്ത്തുകയും ചെയ്തത് ഇപ്പോള്‍  പ്രശ്നമായി എന്ന് അധികൃതര്‍ തന്നെ സമ്മതിക്കുകയും ചെയ്യുന്നു. 

വെള്ളം കെട്ടികിടന്നാണ് റോഡില്‍ വിള്ളലുകളും  കുഴികളും രൂപപ്പെടുന്നത് എന്ന വാദം ശരിയല്ലെന്ന് തെളിക്കുന്നതാണ് സെന്‍ട്രല്‍ ജംഗ്ഷനില്‍ പോലീസ് സ്റ്റേഷനു മുന്നില്‍ റോഡ് താഴുന്ന തരത്തില്‍ രൂപം കൊണ്ട വിള്ളലുകള്‍. ഇവിടെ വെള്ളം കെട്ടികിടക്കുന്ന അവസ്ഥയുണ്ടായിട്ടില്ല. നിര്‍മ്മാണവേളയില്‍ ഇവിടെ പലവട്ടം റോഡ് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്തിരുന്നു. റോഡില്‍ ഇപ്പോള്‍ രൂപം കൊണ്ട കുഴികള്‍ എങ്ങനെ സംഭവിച്ചു എന്ന് പരിശോധിച്ച് നേരെയാക്കാന്‍ കരാര്‍കാരനും കണ്‍സള്‍ട്ടന്‍റിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കെഎസ്ടിപി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പറഞ്ഞു.

റോഡ് നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയാരോപണവും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചിലാണ് റോഡ് നിര്‍മ്മാണം അവസാനിച്ചതെന്ന് പറയുന്നു. ഏറ്റുമാനൂരിനും കാരിത്താസിനും മധ്യേ അഞ്ച് കലുങ്കുകളാണ് നേരത്തെ വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ പണിതതാകട്ടെ മൂന്നെണ്ണം. ഇത് കണ്ട് പിടിച്ച ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയിലെ ചില നേതാക്കള്‍ വിവരമന്വേഷിച്ച് ഓപീസുകള്‍ കയറിയിറങ്ങിയെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. കെ.എസ്.ടി.പി ഉദ്യോഗസ്ഥരും കരാര്കാരനും വാണിയനും വാണിയത്തിയും കളി ആരംഭിച്ചതോടെ ഇവര്‍ സമരമുറകളുമായി രംഗത്ത് വന്നു. പ്രശ്നമാകുമെന്ന് മനസിലായതോടെ അതുവരെ കൈമലര്‍ത്തിയ ഉദ്യോഗസ്ഥരും കരാര്‍കാരനും രംഗത്തെത്തി. പണി പൂര്‍ത്തിയാക്കിയ റോഡ് വീണ്ടും വെട്ടിപൊളിച്ച് പണിതു രണ്ട് കലുങ്കുകള്‍.  

റോഡ് പണിയിലെ അപാകതകള്‍ക്കു പുറമെ വ്യാപകമായ രീതിയിലുള്ള കയ്യേറ്റത്തിന് നേരെ അധികൃതര്‍ കണ്ണടച്ചതും പരാതിയ്ക്ക് കാരണമായിരുന്നു. പട്ടിത്താനം ജംഗ്ഷനില്‍ ഉള്‍പ്പെടെ പലയിടത്തും സ്ഥലം ഏറ്റെടുക്കുന്നതിലും വീഴ്ച സംഭവിച്ചിരുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കുള്ള ഏറ്റുമാനൂര്‍ ടൗണില്‍ റോഡ് നവീകരണം പൂര്‍ത്തിയാകുന്നതോടെ കുരുക്ക് പൂര്‍ണ്ണമായും ഒഴിവാകും എന്ന് പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ ഒരു മാറ്റവുമുണ്ടായില്ല. എം.സി റോഡിന് വീതി കൂടുമ്പോള്‍ അപകടങ്ങള്‍ ഇല്ലാതാവുമെന്ന് കരുതിയെങ്കിലും അശാസ്ത്രീയമായ റോഡ് പണി അപകടങ്ങള്‍ വര്‍ദ്ധിക്കുവാന്‍ കാരണമായി. 

മണര്‍കാട് നിന്നുമുള്ള ബൈപാസ് റോഡ് എം.സി.റോഡില്‍ സംഗമിക്കേണ്ട പട്ടിത്താനം ജംഗ്ഷനില്‍ അത് കൂടി മുന്‍കൂട്ടി കണ്ടാണ് വീതി കൂട്ടി സ്ഥലമെടുത്തത്. എന്നാല്‍ ഇതിന്‍റെ സിംഹഭാഗവും റോഡിന് നടുവിലെ റൗണ്ടാനയും മീഡിയനുകളും അപഹരിച്ചു. അപകടങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ പരിഷ്കാരങ്ങളുമായി അധികൃതര്‍ രംഗത്തെത്തി. പ്രശ്നവിധിയുമായി റവന്യു അധികൃതരും. മീഡിയന്‍റെ നീളവും വീതിയും കുറയ്ക്കാനുള്ള നിര്‍ദ്ദേശം റോഡ് പണിയുടെ ചുമതലയുള്ള കണ്‍സള്‍ട്ടന്‍റിന് നല്‍കി. പലതവണ പൊളിച്ചു പണിത മീഡിയനുകള്‍ വീണ്ടും മാറ്റി നിര്‍മ്മിച്ചു.  

റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകും മുമ്പേ പട്ടിത്താനം ജംഗ്ഷനില്‍ അഗാധമായ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു.  ഇവിടെ റോഡിന് വീതി കൂട്ടിയ ഭാഗത്ത് അഞ്ചിലധികം കിണറുകള്‍ ഉണ്ടായിരുന്നു. ഇവ കൃത്യമായി കണ്ടെത്തി അപകടരഹിതമാം രീതിയില്‍ മൂടായില്ലായിരുന്നു.  പട്ടിത്താനം ജംഗ്ഷനിലെ ഈ പരിഷ്കാരങ്ങള്‍ കൊണ്ടു മാത്രം സര്‍ക്കാരിന് വന്‍തുകയാണ് നഷ്ടപ്പെട്ടത്. ടാറിംഗ് പൂര്‍ത്തിയായെങ്കിലും ഗതാഗതക്കുരുക്കുള്ള കുരിശുപള്ളി കവലയില്‍ ഇനിയും റോഡിന് വീതി കൂട്ടാനായില്ല. റോഡിന്‍റെ നടുക്ക് നില നിന്നിരുന്ന കുരിശുപള്ളി മാറ്റി സ്ഥാപിച്ചെങ്കിലും സ്ഥലം വിട്ടു കൊടുക്കാന്‍ പള്ളി തയ്യാറാകാത്തതാണ് കാരണം. 

- എം.പി.തോമസ്Share this News Now:
  • Google+
Like(s): 874