25 July, 2018 08:23:32 AM


അവസാനം തീരുമാനമായി; ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യാതിഥി മോഹന്‍ലാല്‍ തന്നെ

മോഹന്‍ലാലിനെ നാളെ ക്ഷണിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍



തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയാകുമെന്ന് മന്ത്രി എ.കെ ബാലന്‍. മോഹന്‍ലാലിനെ പങ്കെടുപ്പിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ലെന്നും അദ്ദേഹത്തെ ബുധനാഴ്ച ഔദ്യോഗികമായി ക്ഷണിക്കുമെന്നും മന്ത്രി അറിയിച്ചു. മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ 107 പേര്‍ ഒപ്പിച്ച ഭീമ ഹര്‍ജി ലഭിച്ചിരുന്നു.


പുരസ്‌കാരത്തിനായി മത്സരിച്ചവരില്‍ ഒരാള്‍ തന്നെ മുഴുവന്‍ പുരസ്‌കാര ജേതാക്കളെയും മുഖ്യമന്ത്രിയേയും മറികടന്ന് ചടങ്ങില്‍ മുഖ്യാഥിതിയാകുന്നത് ഔചിത്യമല്ലെന്നു കാണിച്ചായിരുന്നു ഹര്‍ജി. പിന്നാലെ വലിയ വിവാദങ്ങളുമുണ്ടായി. പുരസ്‌കാര ജേതാക്കളായ ഇന്ദ്രന്‍സും വി.സി അഭിലാഷും മോഹന്‍ലാലിനെ പങ്കെടുപ്പിക്കുന്നതിനെ അനുകൂലിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. മോഹന്‍ലാല്‍ പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്നും ഇതിന്‍റെ പേരില്‍ ആരും തമ്മില്‍ അടിക്കരുതെന്നുമായിരുന്നു ഇന്ദ്രന്‍സ് പ്രതികരിച്ചത്.



Share this News Now:
  • Google+
Like(s): 63