24 July, 2018 11:20:48 PM


പറവൂരില്‍ മാതാപിതാക്കള്‍ വീട്ടുതടങ്കലിലാക്കിയ മൂന്ന് കുട്ടികളെ മോചിപ്പിച്ചു

കുട്ടികളുടെ പിതാവിന് മാനസികരോഗമെന്ന് ബന്ധുക്കള്‍




കൊച്ചി: വടക്കന്‍ പറവൂരില്‍ മാതാപിതാക്കള്‍ വീട്ടുതടങ്കലിലാക്കിയ മൂന്ന് കുട്ടികളെ മോചിപ്പിച്ചു. ആറും ഒന്‍പതും പന്ത്രണ്ടും വയസ്സുള്ള കുട്ടികളാണ് വീട്ടിലുണ്ടായിരുന്നത്. ജില്ലാ കലക്ടറുടെ ഉത്തരവിനെത്തുടര്‍ന്ന് തഹസില്‍ദാറുടെ നേതൃത്വത്തില്‍ മോചിപ്പിച്ച കുട്ടികളെയും മാതാപിതാക്കളെയും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. കുട്ടികളുടെ പിതാവിന് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.


ജഡ്ജിയുടെ ഗുമസ്തനായിരുന്ന അബ്ദുല്‍ ലത്തീഫ്, അഭിഭാഷകയായ ഭാര്യ ലേഖ എന്നിവര്‍ക്കെതിരെ നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രാഥമിക സ്കൂള്‍ വിദ്യാഭ്യാസം പോലും നിഷേധിച്ച്‌ മാതാപിതാക്കള്‍ 3 മക്കളെ വീട്ടുതടങ്കലിലാക്കിയെന്നായിരുന്നു പരാതി. ചൈല്‍ഡ് പ്രോട്ടക്ഷന്‍ കൌണ്‍സില്‍, ലീഗല്‍ സര്‍വീസ് അഥോറിറ്റി എന്നിവയുടെ സഹായത്തോടെ പൊലീസ് ഇന്നലെ വീട് സന്ദര്‍ശിച്ച്‌ വിവരങ്ങള്‍ ശേഖരിച്ചു.


ഇന്ന് രാവിലെ തഹസില്‍ദാര്‍ വീട്ടിലെത്തി കുട്ടികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കുടുംബം വഴങ്ങിയില്ല. അബ്ദുല്‍ ലത്തീഫ് നല്‍കിയതാകട്ടെ പരസ്പര വിരുദ്ധമായ വിശദീകരണങ്ങളും. കുട്ടികള്‍ക്ക് അനൌപചാരിക വിദ്യാഭ്യാസം നല്‍കുന്നുണ്ടെന്ന രക്ഷിതാക്കളുടെ വിശദീകരണം കുട്ടികളും ആവര്‍ത്തിച്ചു. ഇതേതുടര്‍ന്നാണ് കുട്ടികളെ മോചിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്. കുട്ടികളുടെ കൂടെ രക്ഷിതാക്കളെയും കൊണ്ടുപോകാമെന്ന് തഹസില്‍ദാര്‍ ഉറപ്പു നല്‍കിയതോടെ അവര്‍ വഴങ്ങി. ലത്തീഫിന് മാനസിക പ്രശ്നങ്ങളുണ്ടെന്നും കുട്ടികളെ സംരക്ഷിക്കാനും ചികിത്സ നല്‍കാനും തയാറാണെന്നും ലത്തീഫിന്റെ ബന്ധുക്കള്‍ പറഞ്ഞു. 



Share this News Now:
  • Google+
Like(s): 57