24 July, 2018 07:31:17 PM


മുണ്ടാറിൽ വള്ളം മുങ്ങി കാണാതായ ചാനൽ സംഘത്തിലെ ഡ്രൈവറെയും കണ്ടെത്തി

തിങ്കളാഴ്ച പകല്‍ പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം




വൈക്കം: എഴുമാംതുരുത്തിന് സമീപം കെ.വി.കനാലില്‍ വള്ളം മുങ്ങി കാണാതായ മാതൃഭൂമി ന്യൂസ് ചാനല്‍ സംഘത്തിലെ ഡ്രൈവർ ബിബിന്റെ (23) മൃതദേഹവും കണ്ടെത്തി. ഇന്ന് വൈകിട്ട് ഏഴ് മണിയോടെ അപകട സ്ഥലത്തിന് തൊട്ടടുത്തുള്ള സ്വകാര്യ റിസോർട്ടിന് മുന്നിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിരച്ചിലിനിടെ വെള്ളം ഇളക്കിയപ്പോൾ വെള്ളത്തിനടിയിൽ നിന്നും പൊങ്ങിവരികയായിരുന്നു.

ബിബിനോടൊപ്പം കാണാതായ മാതൃഭൂമി ന്യൂസ് തലയോലപ്പറമ്പ് ലേഖകനും ആപ്പാഞ്ചിറ മെഗാസ് സ്റ്റുഡിയോ ഉടമയുമായ ആപ്പാഞ്ചിറ വട്ടശേരില്‍ സജി (45)യുടെ മൃതദേഹം ഇന്ന് രാവിലെ സംഭവസ്ഥലത്തിനടുത്ത് തന്നെ മുങ്ങിയെടുത്തിരുന്നു. സജിയുടെ സംസ്കാരം ഇന്ന് വൈകിട്ട് നടന്നു.

ഇതിനിടെ അപകടം നടന്നതിന് ഒരു കിലോ മീറ്റളോളം മാറി ചെട്ടിമംഗലം എന്ന സ്ഥലത്ത് ഇന്ന് ഒന്നര മണിയോടെ ബിബിന്‍റെ മൃതദേഹം പൊങ്ങിയെന്ന വ്യാജവാര്‍ത്ത പരന്നിരുന്നു. നാട്ടുകാരില്‍ ചിലര്‍ അറിയിച്ചതനുസരിച്ച് മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. 

വൈക്കം എഴുമാന്തുരുത്തില്‍ മുണ്ടാറും കരിയാറും ചേരുന്ന ഭാഗമായ കെ.വി.കനാലില്‍ പാറേക്കോളനിയ്ക്ക് കിഴക്കുവശം ഇന്നലെ പകല്‍ പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. പാറേക്കോളനിയില്‍ വെള്ളപ്പൊക്കകെടുതി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സംഘം സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞ് സംഘത്തിലുണ്ടായിരുന്ന രണ്ട് പേരെ കാണാതാവുകയായിരുന്നു.   

ഒറ്റപ്പെട്ടു കിടക്കുന്ന മുണ്ടാര്‍ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു സംഘം. വള്ളത്തിലുണ്ടായിരുന്ന മാതൃഭൂമി ന്യൂസ് ചാനല്‍ കോട്ടയം ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ കെ. ബി ശ്രീധരനെയും  തിരുവല്ല ബ്യൂറോയിലെ ക്യാമറമാന്‍ അഭിലാഷിനേയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. വള്ളക്കാരന്‍ അഭിലാഷും രക്ഷപെട്ടു. ഇവരെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 



Share this News Now:
  • Google+
Like(s): 228