24 July, 2018 12:53:12 PM


വള്ളം മറിഞ്ഞ് കാണാതായ ചാനല്‍ സംഘത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി

ആപ്പാഞ്ചിറ വട്ടശേരില്‍ സജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്




വൈക്കം: എഴുമാംതുരുത്തിന് സമീപം കെ.വി.കനാലില്‍ വള്ളം മുങ്ങി കാണാതായ മാതൃഭൂമി ന്യൂസ് ചാനല്‍ സംഘത്തിലെ ഒരാളുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി. മാതൃഭൂമി ന്യൂസ് തലയോലപ്പറമ്പ് ലേഖകനും ആപ്പാഞ്ചിറ മെഗാസ് സ്റ്റുഡിയോ ഉടമയുമായ ആപ്പാഞ്ചിറ വട്ടശേരില്‍ സജി (45)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംസ്‌കാരം വൈകിട്ട് അഞ്ചുമണിക്ക് നടക്കും. ചാനല്‍ സംഘവുമായെത്തിയ തിരുവല്ല ബ്യൂറോ ഡ്രൈവര്‍ ബിപിനെ  (23) ഇതുവരെ കണ്ടെത്താനായിട്ടില്ല.


വൈക്കം എഴുമാന്തുരുത്തില്‍ മുണ്ടാറും കരിയാറും ചേരുന്ന ഭാഗമായ കെ.വി.കനാലില്‍ പാറേക്കോളനിയ്ക്ക് കിഴക്കുവശം ഇന്നലെ പകല്‍ പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. പാറേക്കോളനിയില്‍ വെള്ളപ്പൊക്കകെടുതി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സംഘം സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞ് സംഘത്തിലുണ്ടായിരുന്ന രണ്ട് പേരെ കാണാതാവുകയായിരുന്നു.   


ഒറ്റപ്പെട്ടു കിടക്കുന്ന മുണ്ടാര്‍ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു സംഘം. വള്ളത്തിലുണ്ടായിരുന്ന മാതൃഭൂമി ന്യൂസ് ചാനല്‍ കോട്ടയം ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ കെ. ബി ശ്രീധരനെയും  തിരുവല്ല ബ്യൂറോയിലെ ക്യാമറമാന്‍ അഭിലാഷിനേയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. വള്ളക്കാരന്‍ അഭിലാഷും രക്ഷപെട്ടു. ഇവരെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 




Share this News Now:
  • Google+
Like(s): 130